കണ്ണമ്പ്ര നെല്ല് സംസ്കരണ പ്ലാൻറ്: സി.പി.എമ്മിൽ വിവാദം പുകയുന്നു
text_fieldsപാലക്കാട്: കണ്ണമ്പ്രയില്‍ നെല്ല് സംസ്കരണ പ്ലാൻറ് നിര്‍മാണത്തിന് ഭൂമി വാങ്ങിയതിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് സി.പി.എമ്മിൽ വിവാദം പുകയുന്നു. വിഷയത്തിൽ വിശദ അന്വേഷണം നടത്താൻ പാർട്ടി കമീഷനെ നിയോഗിച്ചു. ഏക്കറിന് 15 ലക്ഷത്തില്‍ താഴെ വിലയുള്ള ഭൂമി ജില്ല സെക്രട്ടേറിയറ്റ് അംഗത്തിെൻറ നേതൃത്വത്തില്‍ 23 ലക്ഷം വരെ നല്കി വാങ്ങിയെന്നാണ് പരാതി. 25 ഏക്കര്‍ ഭൂമി വാങ്ങിയതില്‍ ഒന്നരക്കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ആക്ഷേപമുയർന്നത്. സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവെൻറ സാന്നിധ്യത്തില്‍ വ്യാഴാഴ്ച ചേര്‍ന്ന ജില്ല കമ്മിറ്റിയില്‍ വിഷയം വിശദ ചര്‍ച്ചയായിരുന്നു.
നെല്ല് സംഭരണത്തിന് പുത്തന്‍ മാതൃകയും കര്‍ഷകര്‍ക്ക് സഹായവും എന്ന പ്രഖ്യാപനത്തോടെയായിരുന്നു റൈസ് പാര്‍ക്കിെൻറ തുടക്കം. 2020 ജൂലൈ ആദ്യവാരം മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴി നിര്‍മാണോദ്ഘാടനവും നിര്‍വഹിച്ചു. വാഹനമെത്താന്‍ പ്രയാസമുള്ള, അടിസ്ഥാന സൗകര്യം തീരെയില്ലാത്ത കുന്നിന്മുകളിലെ ഭൂമിയില്‍ പ്ലാൻറ് തുടങ്ങിയെന്ന വിമര്‍ശനം പിന്നാലെയുണ്ടായി. ഭൂമി വാങ്ങിയതില്‍ കോടികളുടെ അഴിമതി നടന്നതായി കാണിച്ച് സി.പി.എമ്മിലെ ഒരുവിഭാഗം നേതൃത്വത്തിന് പരാതി നല്കി. വടക്കഞ്ചേരി കേന്ദ്രീകരിച്ചുള്ള ജില്ല സെക്രട്ടേറിയറ്റ് അംഗത്തിെൻറ പ്രത്യേക താല്പര്യമാണ് ഇടപാടിന് പിന്നിലെന്നായിരുന്നു ആക്ഷേപം. 36 സഹകരണ സംഘങ്ങള്‍ ചേര്‍ന്ന് മില്ല് തുടങ്ങാന്‍ നിശ്ചയിച്ചതില്‍ 26 ബാങ്കുകള്‍ 50 50 ലക്ഷം വീതം നിക്ഷേപിച്ചു.
പത്ത് ബാങ്കുകള്‍ 10, 20 ലക്ഷം എന്നിങ്ങനെ തുക കൈമാറിയിരുന്നു. വിഷയം അന്വേഷിക്കാൻ ചിറ്റൂര്‍ ഏരിയ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു, തൃത്താല ഏരിയ സെക്രട്ടറി പി.എം. മോഹനന് എന്നിവരെ ജില്ല കമ്മിറ്റി അന്വേഷണത്തിന് ചുമതലപ്പെടുത്തി. തന്നോട് വ്യക്തിപരമായി വിദ്വേഷമുള്ള ജില്ല നേതാവാണ് പരാതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ആരോപണ വിധേയനായ സെക്രട്ടേറിയറ്റ് അംഗം കമ്മിറ്റിയില്‍ വിശദീകരിച്ചിരുന്നു.
പാർട്ടി സമ്മേളനം ലക്ഷ്യമിട്ടാണ് ചേരിപ്പോര് മറനീക്കി പുറത്തുവരുന്നതെന്നാണ് കരുതപ്പെടുന്നത്. പാർട്ടിയിൽ നേട്ടങ്ങളുണ്ടാക്കാൻ അനാവശ്യവിവാദം ഉണ്ടാക്കി മാധ്യമങ്ങളെയടക്കം ഇതിന് ഉപയോഗിക്കുകയാണെന്ന് കുറ്റാരോപിതൻ അടക്കമുള്ളവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.