കണ്ണിയംപുറം പ്രജിൻ വധം: പത്ത് പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും
text_fieldsഒറ്റപ്പാലം: കണ്ണിയംപുറം സ്വദേശി കൊല്ലപ്പെട്ട കേസിൽ പത്ത് പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും ശിക്ഷ. കണ്ണിയംപുറം ജെ.കെ നഗറിലെ ചപ്പിലത്തൊടി പ്രജിൻ (28) കൊല്ലപ്പെട്ട കേസിലാണ് അഡീഷണൽ സെഷൻസ് ജഡ്ജ് പി. സൈതലവി ശിക്ഷ വിധിച്ചത്.
ജെ.കെ നഗർ സ്വദേശികളായ തെക്കുംപുറത്ത് പറമ്പിൽ രഞ്ജിത്ത് (38), മനക്കൽപറമ്പിൽ രതീഷ് (41), കണ്ടാണശ്ശേരി കെ.സി. ശരത്ത് (29), മോടൻകാട്ടിൽ മനോജ് (29), തേക്കിൻകാട്ടിൽ സജിത്ത് (29), മണൽപ്പറമ്പിൽ അശ്വിൻ സുന്ദർ (അച്ചു-28), താഴത്തേതിൽ വിനോദ് (33), തെക്കുംപുറത്ത് പറമ്പിൽ രമേശ് (34), താഴത്തേതിൽ വിമൽ (33), താഴത്തേതിൽ വിവേക് (33) എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്.
അന്യായമായി സംഘം ചേരലിന് മൂന്ന് മാസം തടവും ലഹളയുണ്ടാക്കിയതിന് ഒരു വർഷം തടവും ദേഹോപദ്രവമേൽപ്പിച്ചതിന് ആറ് മാസം തടവും ആയുധമുപയോഗിച്ച് പരിക്കേൽപ്പിച്ചതിന് രണ്ട് വർഷം കഠിന തടവും കൊലപാതകത്തിന് ജീവപര്യന്തം കഠിന തടവും വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ജീവപര്യന്തം ശിക്ഷ അനുഭവിച്ചാൽ മതി. പിഴ അടക്കാത്തപക്ഷം മൂന്ന് മാസത്തെ അധിക കഠിനതടവ് കൂടി അനുഭവിക്കണം.
2017 ജൂൺ ഒമ്പതിന് രാത്രി ഏഴരയോടെ കണ്ണിയംപുറം കൂനംതുള്ളി കടവ് പരിസരത്തെ റെയിൽവേ ട്രാക്കിലാണ് കേസിനാസ്പദമായ സംഭവം. ഇരട്ട കൊലപാതക കേസിൽ ഉൾപ്പടെ പ്രതിയാണ് മരിച്ച പ്രജിൻ. ഇയാളുടെ നേതൃത്വത്തിൽ നടന്നിരുന്ന മണൽക്കടത്ത്, കഞ്ചാവ് കച്ചവടം എന്നിവക്കെതിരെ പ്രതികൾ നൽകിയ പരാതിയെ ചൊല്ലി നിരന്തരം വഴക്ക് പതിവായിരുന്നു. ഇരുമ്പ് പൈപ്പ്, മരവടി, കരിങ്കൽ എന്നിവയുപയോഗിച്ചാണ് പ്രതികൾ പ്രജിനിനെ കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കാൻ പിന്നീട് റെയിൽവേ പാളത്തിലേക്ക് മാറ്റി തല പാളത്തിൽ ഇടിച്ചു പരിക്കേൽപ്പിച്ചു.
കേസ് രജിസ്റ്റർ ചെയ്ത അന്നത്തെ എസ്.ഐ ആദം ഖാനാണ് ആശുപത്രിയിൽ എത്തിച്ചത്. ജീവൻ രക്ഷിക്കാനായില്ല. സി.ഐ പി. മുനീറാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. 27 സാക്ഷികളും 81 രേഖകളും 14 മുതലുകളും കേസിൽ ഹാജരാക്കിയതായി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. ഹരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.