കരിമ്പ-കോങ്ങാട് കുടിവെള്ള പദ്ധതി: പൈപ്പിടാൻ അനുമതി കാത്ത് ജല അതോറിറ്റി
text_fieldsകല്ലടിക്കോട്: കരിമ്പ-കോങ്ങാട് കുടിവെള്ള പദ്ധതി നിർമാണം പാതിവഴിയിൽ. യുദ്ധകാലാടിസ്ഥാനത്തിൽ തുടക്കം കുറിച്ച പദ്ധതിയുടെ 50 ശതമാനം പൂർത്തിയായെങ്കിലും ശേഷിക്കുന്നവ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്. കാഞ്ഞിരപ്പുഴ അണക്കെട്ടിലെ ജലാശയം മുഖ്യസ്രോതസ്സായി മൂന്നുവർഷം മുമ്പാണ് പദ്ധതി നിർമാണം തുടങ്ങിയത്. കാഞ്ഞിരപ്പുഴയിൽ പദ്ധതി പ്രവർത്തനങ്ങളുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ ജല ശുദ്ധീകരണശാല നിർമാണം പൂർത്തിയായി. കുടിവെള്ള വിതരണത്തിനുള്ള പൈപ്പ് ഉൾനാടൻ പാതകളിൽ വിന്യസിച്ചു.
കാഞ്ഞിരപ്പുഴയിലെ പ്രധാന ജലസംഭരണിയിൽനിന്ന് കൂറ്റൻ പെൻസ്റ്റോക് വഴി കരിമ്പ, കല്ലടിക്കോട് ടി.ബി എന്നിവിടങ്ങളിലെ ജലസംഭരണികളിൽ എത്തിച്ച് കരിമ്പ ഗ്രാമപഞ്ചായത്തിലും കോങ്ങാട് കോട്ടപ്പടി ജലസംഭരണിയിലെത്തിച്ച് കോങ്ങാട് ഗ്രാമപഞ്ചായത്തിലും വിതരണം ചെയ്യാനാണ് പദ്ധതി. കരിമ്പയിലെ പാറക്കാലിൽ നിർമിക്കുന്ന വലിയ ടാങ്കിന്റെ സ്ഥലപരിമിതി പ്രോജക്ട് റിപ്പോർട്ടിൽ പണം അനുവദിക്കാൻ സാങ്കേതിക തടസ്സമുണ്ടാക്കി. ഈ പശ്ചാത്തലത്തിൽ ടാങ്ക് സ്ഥിതി ചെയ്യുന്ന സ്ഥല വ്യാപ്തി പുനർനിർണയിച്ച് എസ്റ്റിമേറ്റ് തയാറാക്കി ഉന്നത ഉദ്യാഗസ്ഥർക്ക് അയച്ചു. അനുമതി കിട്ടി പണം ലഭിക്കുന്ന മുറക്ക് ടാങ്ക് നിർമിക്കും.
കുടിവെള്ള വിതരണത്തിന് പൈപ്പ് സ്ഥാപിക്കാൻ പൊതുമരാമത്ത് ദേശീയപാത എക്സിക്യൂട്ടിവ് എൻജിനീയർക്ക് ജല അതോറിറ്റി ഉന്നത ഉദ്യോഗസ്ഥർ മൂന്ന് തവണ അയച്ച അപേക്ഷ തിരിച്ചയച്ചു. തുടർന്ന് അനുമതി തേടി ദേശീയപാത അതോറിറ്റിക്ക് അപേക്ഷ സമർപ്പിച്ചിട്ടും മറുപടി ലഭിച്ചില്ല. ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിച്ചാലാണ് കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ, മുണ്ടൂർ എന്നീ ഗ്രാമപഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കാൻ ദേശീയപാതയിൽ പൈപ്പിടാൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.