കരിമ്പ-കോങ്ങാട് സമഗ്ര കുടിവെള്ള പദ്ധതിക്ക് വീണ്ടും കുരുക്ക്
text_fieldsകല്ലടിക്കോട്: കരിമ്പ-കോങ്ങാട് സമഗ്ര കുടിവെള്ള പദ്ധതിക്ക് വീണ്ടും ഊരാക്കുടുക്ക്. 90 ശതമാനവും പണി പൂർത്തിയാക്കിയ പദ്ധതിയുടെ അവസാനഘട്ട പ്രവർത്തനങ്ങളാണ് ദേശീയപാത അതോറിറ്റിയുടെ ചുവപ്പുനാടയിൽ കുരുങ്ങിയത്. മൂന്ന് വർഷം മുമ്പ് പ്രവർത്തനമാരംഭിച്ച ഈ പദ്ധതി ഒരു വർഷം മുമ്പ് തന്നെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. നിലവിൽ ജലവിതരണ പൈപ്പ് സ്ഥാപിക്കാൻ ദേശീയപാതയിൽ ഏകദേശം 24 കിലോമീറ്റർ പ്രദേശത്ത് ദേശീയപാതയുടെ രേഖാമൂലമുള്ള അനുമതി കിട്ടേണ്ടതുണ്ട്. മൂന്ന് തവണ ഇത് സംബന്ധിച്ച് ജലഅതോറിറ്റി ദേശീയപാത മേഖല ഉദ്യോഗസ്ഥർക്ക് കത്തെഴുതി. മൂന്നും മടക്കിയയച്ചു. ആറ് മാസങ്ങൾക്ക് മുമ്പ് സംസ്ഥാന സർക്കാർ അനുമതിയോടെ ദേശീയപാത അതോറിറ്റിയുടെ ഡൽഹിയിലെ ഉന്നത ഉദ്യോഗസ്ഥന് ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചു.
രണ്ടാഴ്ച മുമ്പ് ദേശീയപാതയുടെ എൻജിനീയറിങ് വിങ് ഇനി പൈപ്പിടാനുള്ള സ്ഥലങ്ങൾ സന്ദർശിച്ചു. പരിശോധന റിപ്പോർട്ട് പ്രകാരം ദേശീയപാതക്കരികെ പൈപ്പിടാൻ പ്രത്യേക ചാൽ കീറി കോൺക്രീറ്റ് സ്ലാബ് ആവരണം ചെയ്തു നിർമിക്കണമെന്നാണ് അതോറിറ്റിയുടെ നിർദേശം. ഇപ്രകാരം ആഴമുള്ള കുഴിയെടുത്ത് ചാല് കീറി കോൺക്രീറ്റ് ചെയ്യാൻ വൻതുക ആവശ്യമാണെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ മാധ്യമത്തോട് പറഞ്ഞു. ഇതിനായി പ്രത്യേക പദ്ധതി ആവിഷ്കരിക്കുകയും സർക്കാർ പ്രത്യേക ഫണ്ട് അനുവദിക്കുകയും വേണം. കാഞ്ഞിരപ്പുഴ ഡാം കേന്ദ്രീകരിച്ച് പമ്പ് ഹൗസ്, ജല ശുദ്ധീകരണ പ്ലാന്റ് എന്നിവ പൂർത്തിയായി. ഡാമിൽനിന്നുള്ള വെള്ളം കരിമ്പ പാറക്കാലിലെ ജലസംഭരണിയിലെത്തിച്ച് കരിമ്പ ഗ്രാമപഞ്ചായത്തിലും കോങ്ങാട് കോട്ടപ്പടിക്കടുത്ത് നിർമിക്കുന്ന സംഭരണിയിലെത്തിച്ച് കോങ്ങാട് ഗ്രാമപഞ്ചായത്തിലും വിതരണം ചെയ്യുന്ന പദ്ധതിയുടെയാണ് കമീഷനിങ് നീളുന്നത്.
കൂടാതെ മുണ്ടൂർ ഗ്രാമപഞ്ചായത്തിലെ അതിർത്തി പ്രദേശങ്ങളിലും കാഞ്ഞിക്കുളം പരിസരങ്ങളിലും നിരവധി ഗാർഹിക, സ്ഥാപന കുടിവെള്ള കണക്ഷൻ നൽകേണ്ടതുണ്ട്. തച്ചമ്പാറ, കാരാകുർശി തുടങ്ങിയ പഞ്ചായത്തുകളിൽ ഉൾനാടൻ ഗ്രാമീണ പാതകളിൽ ജലവിതരണ പൈപ്പുകൾ ഇതിനകം വിന്യസിച്ചിട്ടുണ്ട്. കരിമ്പ പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളും കോങ്ങാട് പഞ്ചായത്തിലെ ഉൾനാടൻ ഗ്രാമങ്ങളും വേനലാരംഭത്തിലെ ജലലഭ്യത കുറഞ്ഞ ജനവാസസ്ഥലങ്ങളാണ്. പദ്ധതി പ്രവർത്തനക്ഷമമാവുന്നത് നീളുന്നത് കുടിവെള്ള പദ്ധതിയുടെ പ്രയോജനം കിട്ടാതാവുന്ന സാഹചര്യം സംജാതമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.