പ്രതീക്ഷിച്ചത്ര കിട്ടിയില്ല; ആശയും നിരാശയും
text_fieldsപാലക്കാട്: അടിസ്ഥാന പദ്ധതികൾക്ക് ഊന്നൽ നൽകിയും പ്രത്യേക പാക്കേജടക്കം ജില്ലയുടെ സ്വപ്നപദ്ധതികളെ തമസ്കരിച്ചും സംസ്ഥാന ബജറ്റ്. വയനാടും ഇടുക്കിയും കാസർകോടും ജില്ലകൾക്ക് നിലവിലുള്ളതിന് പുറമെ വികസന പാക്കേജ് പ്രഖ്യാപിച്ചപ്പോൾ ജില്ലയുടെ കാർഷിക പാക്കേജെന്ന ചിരകാലാഭിലാഷത്തോട് ബജറ്റ് മൗനം പാലിച്ചു.
കൈത്തറിക്ക് താങ്ങ്
ഖാദി വ്യവസായത്തിന് 14.8 കോടി, കൈത്തറി മേഖലക്ക് 51.8 കോടി, കൈത്തറി ഗ്രാമങ്ങള്‍ രൂപവത്കരിക്കാന്‍ നാലുകോടി എന്നിങ്ങനെ തുക നീക്കിവെച്ചതിൽ ജില്ലയിലെ തൊഴിലാളികളടക്കമുള്ളവർ പ്രതീക്ഷയിലാണ്. സ്പിന്നിങ് മില്ലുകള്‍ക്കുള്ള ഒറ്റത്തവണ സഹായത്തിന് തുക വകയിരുത്തിയതും ഗുണകരമാവുമെന്ന് ജില്ല കരുതുന്നു.
പെരുവെമ്പടക്കം കൈത്തറി വ്യവസായം വ്യാപകമായ ജില്ലയിലെ പ്രദേശങ്ങൾ വലിയ പ്രതീക്ഷയോടെയാണ് ബജറ്റിനെ ഉറ്റുനോക്കിയിരുന്നത്. ഏറെയില്ലെങ്കിലും യാഥാർഥ്യമാവുകയാണെങ്കിൽ പ്രതിസന്ധിയിൽനിന്ന് കൈത്താങ്ങാവാൻ ബജറ്റ് പ്രഖ്യാപനങ്ങൾ അൽപമെങ്കിലും സഹായകമാവുമെന്നാണ് സംരംഭകരുടെ പ്രതീക്ഷ.
വികസനത്തിന്റെ ഇടനാഴി
കൊച്ചി -ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ കൊച്ചി -പാലക്കാട് റീച്ച് നിർമാണത്തിന് 200 കോടി വകയിരുത്തിയിട്ടുണ്ട്. ജില്ലയുടെ പ്രധാന വികസന സ്വപ്നങ്ങളിലൊന്നാണ് ഇടനാഴി. ഇതോടനുബന്ധിച്ച് വരുന്ന വ്യവസായങ്ങളും അനുബന്ധ വ്യാപാര സാധ്യതകളും ജില്ലയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ കാര്യമായ സ്വാധീനമാവുമെന്നാണ് കരുതപ്പെടുന്നത്. വ്യവസായ ഇടനാഴിക്കു ഭൂമിയേറ്റെടുക്കാൻ ഇതുവരെ 1336 കോടിയോളം ചെലവാക്കി. കഴിഞ്ഞ വർഷം ഇരുനൂറിലേറെ കോടി രൂപ ഭൂമിയെടുക്കാൻ വിനിയോഗിച്ചു.
വ്യവസായ പാർക്കുകളിൽ കെ.ഐ.ഐ.ടി.പിക്ക് 17 കോടി നീക്കിവെച്ചത് പ്രതീക്ഷ നൽകുന്നതാണ്. മേഖലയെ കൂടുതൽ സജ്ജമാക്കി സംരംഭക തൽപരമാക്കണമെങ്കിൽ കൂടുതൽ തുക വകയിരുത്തേണ്ടതുണ്ട്. ബജറ്റിന് പുറമെ അത് ലഭ്യമാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
മെഡിക്കൽ കോളജിന് പോര
പാലക്കാട് മെഡിക്കല്‍ കോളജിന് 50 കോടിയാണ് ഇക്കുറി ബജറ്റിൽ നീക്കിയിരിപ്പ്. കഴിഞ്ഞ തവണ 70 കോടി നീക്കിവെച്ചിടത്താണിത്. ശമ്പളം മുടങ്ങുന്നതുൾപ്പെടെ പ്രതിസന്ധിയില്ലാതെ കഴിഞ്ഞ തവണ കാര്യങ്ങൾ മുന്നോട്ടുപോയിരുന്നു. ഇത്തവണ അധിക നീക്കിയിരുപ്പ് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ബജറ്റിൽ പ്രഖ്യാപിച്ചതിനെക്കാൾ പണം കഴിഞ്ഞ വർഷം ലഭിച്ചിരുന്നു. ഇക്കുറിയും അതുണ്ടാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
കൈവിട്ട വാഗ്ദാനങ്ങൾ
വിനോദ സഞ്ചാരമേഖലയിൽ ജില്ലക്ക് എല്ലാവർഷവും പ്രതീക്ഷ നൽകുന്നതാവും ബജറ്റുകൾ. എന്നാൽ, അവസാനം അടുത്ത ബജറ്റെത്തുമ്പോൾ യാഥാർഥ്യമാവാത്ത ഒരുപിടി പദ്ധതികൾ ബാക്കിയാവുകയാണ് പതിവ്. കാരവൻ ടൂറിസമടക്കം കഴിഞ്ഞ തവണ പ്രഖ്യാപിച്ച പദ്ധതികൾ പേപ്പറിൽ ഒതുങ്ങി. ഇക്കുറി കാര്യമായ പ്രതീക്ഷകൾ പോലും നൽകാത്തതാണ് ബജറ്റെന്ന് സംരംഭകർ പറയുന്നു.
ചിറ്റൂർ ഷുഗർ ഫാക്ടറി വികസനവും ടോഡി ബോർഡും അഗ്രോ പാർക്കുകളുമടക്കം പദ്ധതികൾ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപനത്തിലൊതുങ്ങിയിരുന്നു. ഇത്തവണയാവട്ടെ കാര്യമായ പരാമർശങ്ങളൊന്നുമുണ്ടായില്ലെന്ന് മാത്രമല്ല നിരാശയും നൽകുന്നതായി ബജറ്റ്.
കരുതലാവുമോ പിന്നാക്ക മേഖലകൾക്ക്
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് 57 കോടിയും പിന്നാക്ക വിഭാഗത്തിലുള്ള വിദ്യാര്‍ഥികൾക്ക് സ്കോളർഷിപ്പും ജില്ലയിലെ പിന്നാക്ക പ്രദേശങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണ്. പരമ്പരാഗത തൊഴില്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് ധനസഹായവും ഇക്കുറി ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. ലൈഫ് മിഷൻ പദ്ധതിയിൽ കൂടുതൽ വീടുകളെന്ന വാഗ്ദാനവും ഇക്കുറി ആശ്വാസമാണ്.
അതി ദാരിദ്ര്യ നിർമാർജ്ജനത്തിന് പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കേണ്ടതുണ്ട്. ഇക്കോ ടൂറിസം കേന്ദ്രങ്ങൾ മെച്ചപ്പെടുത്താനും സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം വികസന പദ്ധതികളും പ്രതീക്ഷ നൽകുന്നതാണ്.
കർഷകരുടെ പ്രതീക്ഷകൾ, നിരാശകൾ
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ ബജറ്റിൽ 48.85 കോടി വകയിരുത്തിയതും പരിഹാരവാഗ്ദാനവും ജില്ലയുടെ കാർഷിക മേഖലകൾക്ക് പ്രതീക്ഷ പകരുന്നതാണ്. അതോടൊപ്പം നെല്ലുസംഭരണത്തിന് കാര്യമായ നീക്കിവെപ്പില്ലാത്തത് നിരാശാജനകവും. കഴിഞ്ഞ ബജറ്റിൽ നെല്ലുസംഭരണത്തിന് തുക അനുവദിച്ചിരുന്നില്ല. പക്ഷേ, അതിനു മുമ്പുള്ള ബജറ്റുകളിലെല്ലാം നെല്ലുസംഭരണത്തിന്റെ കാര്യത്തിൽ പലവിധ പ്രഖ്യാപനങ്ങൾ ഉണ്ടായി.
ബജറ്റിൽ പറഞ്ഞാലും ഇല്ലെങ്കിലും നെല്ലുസംഭരണം കഴിഞ്ഞ നാലുവർഷമായി താറുമാറായിക്കിടക്കുകയാണ്. ആറു ബജറ്റുകളിൽ ആവർത്തിച്ച കണ്ണമ്പ്ര ആധുനിക റൈസ് മിൽ, റൈസ് പാർക്ക് പദ്ധതിയെക്കുറിച്ച് ഇക്കുറി കാര്യമായ പരാമർശങ്ങളില്ല. മുതലമട മാംഗോ ഹബ്ബടക്കം പല പദ്ധതികളും ഇക്കുറി വിസ്മരിക്കപ്പെട്ടു. റബറിന് നേരിയ തോതിലെങ്കിലും താങ്ങുവില ഉയർത്തിയത് കർഷകർക്ക് ആശ്വാസമാണ്. ക്ഷീര മേഖലക്കും ഇതര കാർഷിക മേഖലകൾക്കും പ്രത്യേകം പദ്ധതികൾ പ്രതീക്ഷിച്ച ജില്ലക്ക് നിരാശപ്പെടേണ്ടിവന്നു.
ഒറ്റപ്പാലത്ത് 260 കോടിയുടെ പ്രീ പ്രൊഡക്ഷൻ സെൻറർ; ഏഴ് പദ്ധതികൾക്കായി 10 കോടി രൂപ
ഒറ്റപ്പാലം: ഗ്രാഫീൻ അധിഷ്ടിത ഉൽപന്നങ്ങൾ വികസിപ്പിച്ചെടുക്കാനായി 260 കോടി രൂപ ചെലവിൽ പ്രീ പ്രൊഡക്ഷൻ സെൻറർ ഒറ്റപ്പാലത്ത് സ്ഥാപിക്കും. കാർബൊറാണ്ടം യൂനിവേഴ്സൽ ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് പദ്ധതി. നിയോജക മണ്ഡലത്തിലെ ഏഴ് പദ്ധതികൾക്കായി 10 കോടി രൂപ അനുവദിച്ചു.
ഒറ്റപ്പാലം താലൂക്ക് ആശുപത്രി പേവാർഡ് നിർമാണം, ബാപ്പുജി പാർക്കിന് സമീപം കരിമ്പുഴ പുഴയിൽ ബോട്ടിങ്ങും അനുബന്ധ പ്രവൃത്തികളും അപ്രോച്ച് റോഡും നിർമാണം, കടമ്പഴിപ്പുറം കൊല്ലിയാനി - കുളക്കാട്ടുകുറുശ്ശി - തുമ്പക്കണ്ണി റോഡ് നവീകരണം എന്നിവക്ക് രണ്ട് കോടി രൂപ വീതം അനുവദിച്ചു.
പാലപ്പുറം അയിക്കലപ്പറമ്പിനെ പ്ലാത്തറയുമായി ബന്ധിപ്പിക്കുന്ന പാലവും അപ്രോച്ച് റോഡും നിർമാണം, നെല്ലിക്കുറുശ്ശി മുതൽ കുതിരവഴിപ്പാലം വഴി ചിനക്കത്തൂർ കാവ് പരിസരം വരെയുള്ള റോഡ് നിർമാണം, മുന്നൂർക്കോട് ഹൈസ്കൂൾ ഗ്രൗണ്ട് നവീകരണം, ലക്കിടി റെയിൽവേ ഗേറ്റ് മുതൽ പല്ലാർമംഗലം ശ്മശാനം വരെയുള്ള റോഡ് നിർമാണം എന്നിവക്കായി ഓരോ കോടി രൂപ വീതവുമാണ് അനുവദിച്ചിരിക്കുന്നത്.
ആലത്തൂരിന് 163.5 കോടിയുടെ പദ്ധതികൾ
ആലത്തൂർ: നിയോജക മണ്ഡലത്തിൽ 163.5 കോടിയുടെ വികസന പ്രവൃത്തികൾ ബജറ്റിൽ പ്രഖ്യാപിച്ചു. പദ്ധതികൾ: ആലത്തൂർ ടൗൺ ബൈപ്പാസ് റോഡ് 10 കോടി, ഗ്രാമീണ റോഡുകളുടെ നവീകരണം ഏഴ് കോടി, ലിഫ്റ്റ് ഇറിഗേഷനുകളുടെ നിർമ്മാണം അഞ്ച് കോടി, പ്രൈമറി വിദ്യാലയങ്ങളുടെ വികസനം അഞ്ച് കോടി, കണ്ണാടി പന്നിക്കോട് റോഡ് നവീകരണം 45 കോടി, നീന്തൽക്കുളങ്ങളുടെ നിർമാണം 10 കോടി.
പെരുങ്കുന്നം തായങ്കാവ് കനാൽ ബണ്ട് റോഡ് അഞ്ച് കോടി, മേലാർകോട് കോട്ടേക്കുളം വീഴുമല കനാൽ ബണ്ട് റോഡ് അഞ്ച് കോടി, മുടപ്പല്ലൂർ പുന്നപ്പാടം റോഡ് അഞ്ച് കോടി, ചിതലിപ്പാലം മലയപ്പൊതി റോഡ് അഞ്ച് കോടി, മമ്പാട് പൂവത്തിങ്കലട്ടി റോഡ് 10 കോടി, ഗ്രാമീണ ടൂറിസം പദ്ധതികൾക്ക് 10 കോടി, മുടപ്പല്ലൂർ മംഗലംഡാം റോഡ് 7.5 കോടി, ആശുപത്രികളിൽ ആധുനിക ഡയാലിസിസ് സെൻറർ നിർമാണം 10 കോടി.
വെമ്പല്ലൂർ മുരിങ്ങമല റോഡ് അഞ്ച് കോടി, കുന്നംകാട് വാൽക്കുളമ്പ് റോഡ് 11 കോടി, കണ്ണച്ചിപ്പരുത പാലക്കുഴി റോഡ് 9.5 കോടി, കുളവൻ മൊക്ക് കളപ്പെട്ടി മാഹാളി കുടം റോഡ് ഏഴ് കോടി, പെരിങ്കുന്നം റോഡ് ഏഴ് കോടി, ലക്ഷം വീട്, നാലു സെൻറ് കോളനികളുടെ സമഗ്രവികസനം 10 കോടി, കൊടുവായൂർ തൃപ്പാളൂർ റോഡ് 1.5 കോടി കൂടാതെ മംഗലം ഡാം, ചേരാമംഗലം, പോത്തുണ്ടി, മലമ്പുഴ കാഡ കനാലുകൾ നവീകരിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. ആലത്തൂർ മണ്ഡലത്തിന് അർഹമായ നേട്ടം ലഭ്യമാക്കാൻ കഴിഞ്ഞതായി കെ.ഡി. പ്രസേനൻ എം.എൽ.എ പറഞ്ഞു.
അട്ടപ്പാടിയിൽ അഗ്നിരക്ഷ നിലയം; മണ്ണാര്‍ക്കാട് വനം ഡിവിഷന് കീഴില്‍ വൈദ്യുതി വേലി
മണ്ണാര്‍ക്കാട്: മലയോരമേഖലയായ അട്ടപ്പാടി താലൂക്കില്‍ അഗ്നിരക്ഷാനിലയം നിര്‍മാണം ഉള്‍പ്പെടെ നാലുപദ്ധതികളും മണ്ഡലത്തിലെ മറ്റു വികസനപ്രവൃത്തികളും ബജറ്റിലിടം നേടി. ഷോളയൂര്‍ പഞ്ചായത്തിലെ മേലെ സാമ്പാര്‍ക്കോട് പാലം നിർമാണം, അഗളി -ജെല്ലിപ്പാറ റോഡ്, അട്ടപ്പാടിയില്‍ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ എന്നിവയാണ് അട്ടപ്പാടിയില്‍ അനുവദിക്കപ്പെട്ടത്.
വന്യജീവി ശല്യ പ്രതിരോധത്തിന് മണ്ണാര്‍ക്കാട് വനം ഡിവിഷന് കീഴില്‍ വൈദ്യുതി വേലി നിർമാണവും ബജറ്റിലിടം നേടി. കണ്ണംകുണ്ട് പാലത്തിന് ഇത്തവണയും ഒരുകോടി രൂപ ബജറ്റില്‍ വകയിരുത്തപ്പെട്ടു. മൂന്നു കോടി രൂപയായിരുന്നു ഇത്തവണ ആവശ്യപ്പെട്ടിരുന്നത്. രണ്ട് തവണകളായി രണ്ടുകോടി രൂപ വകയിരുത്തിയ പദ്ധതി എന്ന നിലയില്‍ ഇനി ഭരണാനുമതിയും, സാങ്കേതികാനുമതിയും ലഭിക്കണം.
കൂടാതെ നിർമാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനുള്ള ശ്രമങ്ങളും നടക്കണം. ആലുങ്കല്‍ -കൊമ്പങ്കല്ല് റോഡ് പുനരുദ്ധാരണ പ്രവൃത്തികള്‍, നായാടിക്കുന്ന് മിനി സ്റ്റേഡിയം, ചങ്ങലീരി സി.എച്ച്. മെമ്മോറിയല്‍ സ്റ്റേഡിയം, മണ്ണാര്‍ക്കാട് കോടതി സമുച്ചയം നിർമാണം, കണ്ടമംഗലം- കുന്തിപ്പാടം- ഇരട്ട വാരി റോഡ് നിർമാണം, അലനല്ലൂര്‍ ജി.എച്ച്.എസ്.എസിന് കെട്ടിടം നിർമാണം, മണ്ണാര്‍ക്കാട് നഗരസഭക്ക് കെട്ടിടവും ഷോപ്പിങ് കോംപ്ലക്സ് നിർമാണം എന്നിവയും അനുവദിക്കപ്പെട്ടു.
നെന്മാറ നെല്ലിയാമ്പതി റസ്റ്റ് ഹൗസ്; നിർമാണത്തിന് 10 കോടി
നെന്മാറ: സംസ്ഥാന ബജറ്റിൽ വിവിധ വികസന പദ്ധതികൾക്കായി തുക വകയിരുത്തി. നെല്ലിയാമ്പതി റസ്റ്റ് ഹൗസ് നിർമാണത്തിന് 10 കോടി, നെന്മാറ ഫസ്റ്റ് ഹൗസിനും കാന്റീനുമായി അഞ്ചു കോടി, പേഴുംപാറ മരുതഞ്ചേരി റോഡിന് അഞ്ചു കോടി. നെന്മാറ സബ് രജിസ്റ്റർ ഓഫിസ് പുതിയ പുതിയ കെട്ടിടത്തിന് അഞ്ചു കോടി. തിരുവഴിയാട് പുഴ പാലത്തിന് അഞ്ചു കോടി എന്നിങ്ങനെയാണ് ബജറ്റിൽ തുക വകയിരുത്തിയിരിക്കുന്നത്.
നെന്മാറ ബോയ്സ് ഹൈസ്കൂൾ കളിസ്ഥലം നവീകരിക്കുന്നതിന് രണ്ടു കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചു. റോഡ് നവീകരണം നടക്കുന്ന നെന്മാറ ഒലിപ്പാറ റോഡിലെ തിരുവഴിയാട് പാലത്തിന് തുക വകയിരുത്തിയത് 70 വർഷം പഴക്കമുള്ള പാലത്തിനു പകരം പുതിയ പാലത്തിന് വഴിയൊരുങ്ങി. ഈ റോഡിലെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെങ്കിലും പാലത്തിന് തുക ഇല്ലാതിരുന്നത് ആശങ്കപ്പെടുത്തിയിരുന്നു.
റസ്റ്റ് ഹൗസ് ഇല്ലാതിരുന്ന നെല്ലിയാമ്പതിയിൽ പത്തു കോടി രൂപ ചെലവിൽ പുതിയ റസ്റ്റ് ഹൗസ് നിർമാണവും നെല്ലിയാമ്പതി ടൂറിസം വികസനത്തിന് പുതിയ ഉണർവേകും. വർഷങ്ങളായി തകർന്നു കിടക്കുന്ന പേഴുംപാറ ഭരതഞ്ചേരി റോഡിന് അഞ്ച് കോടി വകയിരുത്തിയതും കരിമ്പാറ വഴിയുള്ള ഗതാഗത ദുരിതത്തിന് ആശ്വാസമേകും. പോത്തുണ്ടി, മീങ്കര, ചുള്ളിയാർ ടൂറിസം വികസനത്തിന് 20 കോടി രൂപ വകയിരുത്തിയതും മേഖലയിലെ ടൂറിസം വികസനത്തിന് പ്രതീക്ഷയേകുന്നു.
മപ്പാട്ടുകര റെയിൽവേ അടിപ്പാതക്ക് ആറ് കോടി
പട്ടാമ്പി: ബജറ്റിൽ മണ്ഡലത്തിൽ രണ്ട് പദ്ധതികൾക്കായി 11 കോടി രൂപ അനുവദിച്ചു. കുലുക്കല്ലൂർ പഞ്ചായത്തിന്റെ ദീർഘകാല ആവശ്യമായ മപ്പാട്ടുകര റെയിൽവേ അടിപ്പാത നിർമാണത്തിന് ആറ് കോടി രൂപയുടെ അനുമതി ലഭിച്ചതാണ് പ്രധാന നേട്ടം. കാർഷിക മേഖലയിൽ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിന്റെ ഭാഗമായി സെൻട്രൽ ഓർച്ചാഡ് നവീകരണത്തിനായി സമർപ്പിച്ച അഞ്ച് കോടിയുടെ പദ്ധതിക്കും തുക അനുവദിച്ചിട്ടുണ്ട്.
വിവിധ ഭാഗങ്ങളിൽ പാർക്കുകൾ നിർമിക്കുകയും ടൂറിസം സാധ്യതകൾ വർധിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി സെൻട്രൽ ഓർചാർഡ് ഫാം ടൂറിസത്തിന്റെ ഭാഗമാക്കുമെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ അറിയിച്ചു. എം.എൽ.എ നിർദേശിച്ച 20 പ്രൊപോസലുകളിലാണ് രണ്ട് പദ്ധതികൾക്ക് 11 കോടി രൂപയുടെ അനുമതി ലഭിച്ചത്. മറ്റു 18 പദ്ധതികളും ബജറ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ഈ പദ്ധതികൾക്ക് ടോക്കൺ പ്രൊവിഷൻ നൽകിയിട്ടുണ്ട്.
തരൂരിൽ ടൂറിസം-കായിക മേഖലക്ക് മുൻഗണന
വടക്കഞ്ചേരി: ടൂറിസം-കായിക മേഖലക്ക് മുൻഗണന നൽകിയാണ് തരൂർ നിയോജക മണ്ഡത്തിൽ ബജറ്റിൽ പരിഗണന നൽകിയിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി അവശേഷിക്കുന്ന റോഡുകൾക്കും പാലങ്ങൾക്കും തുക വകയിരുത്തിയിട്ടുണ്ട്. ബജറ്റിലെ നിർദേശങ്ങൾ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകുമെന്ന് പി.പി. സുമോദ് എം.എൽ.എ പറഞ്ഞു.
മണ്ഡലത്തിൽ ലഭ്യമായ പദ്ധതികൾ: കഴനി പഴമ്പാലക്കോട് റോഡ് - നാല് കോടി, കണ്ണമ്പ്ര- വടക്കഞ്ചേരി വാവുമല ടൂറിസം പദ്ധതി- 1.50 കോടി, കുത്തന്നൂർ ചിറക്കോട് പാലം -രണ്ട് കോടി, പുതുക്കോട് ഗ്രാമപഞ്ചായത്ത് ഗ്രൗണ്ട് - ഒരു കോടി, കാവശ്ശേരി കെ.സി.പി സ്കൂൾ ഗ്രൗണ്ട് -ഒരു കോടി, പെരിങ്ങോട്ടുകുറിശ്ശി ഇ.എം.എസ് സ്മാരക വയോജന പാർക്ക് -50 ലക്ഷം.
ചിറ്റൂരിൽ 121 കോടിയുടെ 20 പദ്ധതികൾ
ചിറ്റൂർ: സംസ്ഥാന ബജറ്റിൽ 121 കോടിയുടെ ഇരുപതോളം പദ്ധതികൾ. അനുമതി ലഭിച്ച പദ്ധതികൾ: ചിറ്റൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം നിർമാണം (രണ്ടാം ഘട്ടം) -മൂന്ന് കോടി, പെരുമാട്ടി സ്പോർട്ട്സ് കോപ്ലക്സ് ആൻഡ് ഇൻഡോർ സ്റ്റേഡിയം (ഒന്നാം ഘട്ടം) രണ്ടു കോടി.
കുള്ളരായൻ പാളയം പാലം രണ്ടു കോടി, കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് (ഒന്നാം ഘട്ടം) രണ്ട് കോടി, ഗവ. ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റൂട്ട് ചിറ്റൂർ- കെട്ടിടം (ഒന്നാം ഘട്ടം) രണ്ടു കോടി, വണ്ടിത്താവളം അഴുക്കുചാൽ ഒരു കോടി, ഗവ. കോളജ് കൊഴിഞ്ഞാമ്പാറ കളിസ്ഥലവും നീന്തൽകുളവും നവീകരണം രണ്ടു കോടി, ഗവ. യു.പി സ്കൂൾ പട്ടഞ്ചേരി, ഗവ. യു.പി സ്കൂൾ തത്തമംഗലം ചുറ്റുമതിൽ നിർമാ ഒരു കോടി എന്നിവക്കാണ് അനുമതി ലഭിച്ചത്.
ഇതിനോടൊപ്പം ചിറ്റൂർ പുഴ പദ്ധതിയുടെ കനാലുകളുടെ നവീകരണത്തിനും ആധുനികവത്കരണത്തിനുമായി 12 കോടിയും കാഡ കനാലുകളുടെ നവീകരണത്തിന് നാല് കോടിയും അനുവദിച്ചിട്ടുണ്ട്. കൂടാതെ മുത്തു സ്വാമി പുതൂർ - അഞ്ചാം മൈൽ റോഡ് അഭിവൃദ്ധിപ്പെടുത്തൽ രണ്ടു കോടി, പൊൽപ്പുള്ളി മുള്ളന്തോട് കനാലിന്റെ പുനരുദ്ധാരണം - ഒരു കോടി, ചിറ്റൂർ മുൻസിപ്പൽ ബസ് സ്റ്റാൻഡ് നിർമാണം പത്തു കോടി, കൊഴിഞ്ഞാമ്പാറ മാർക്കറ്റ് സ്ഥലമെടുപ്പും കെട്ടിട നിർമാണവും പത്തു കോടി , വടകരപ്പതി, എരുത്തേമ്പതി.
കൊഴിഞ്ഞാമ്പാറ, പെരുമാട്ടി, പട്ടഞ്ചേരി, നല്ലേപ്പിള്ളി പഞ്ചായത്തുകളിലെ കുടിവെള്ള വിതരണശൃംഖലയുടെ പൂർത്തീകരണം - 20 കോടി, മൂലത്തറ വലതുകര കനാൽ വരട്ടയാർ മുതൽ വേലന്താവളം വരെ ദീർഘിപ്പിക്കുന്നത് സ്ഥലമെടുപ്പ് - 24 കോടി , വിളയോടി - വേമ്പ്ര റോഡ് അഭിവൃദ്ധിപ്പെടുത്തൽ ആറുകോടി.
ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമാണം രണ്ടു കോടി, പെരുവെമ്പ് പഞ്ചായത്തിലെ മാവുക്കാട് തോട് സംരക്ഷണ പ്രവൃത്തി ഒരു കോടി , ചിറ്റൂർ പുഴ - കനാൽ ബണ്ട് റോഡുകളുടെ നിർമാണം നാല് കോടി, ചിറ്റൂർ പുഴ കനാലുകളുടെ നവീകരണം നാല് കോടി, ചിറ്റൂർ ഗവ. കോളജ് സ്പോർട്ട്സ് കോംപ്ലക്സ് (രണ്ടാംഘട്ടം) (നാല് കോടി) എന്നീ പദ്ധതികൾക്കും തുക വകയിരുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.