ആരവമുയരും മുേമ്പ കുപ്പായം തുന്നി 'സ്ഥാനാർഥികൾ'
text_fieldsപാലക്കാട്: തദ്ദേശതെരഞ്ഞെടുപ്പിന് ആരവം മുഴങ്ങുംമുേമ്പ അണിയറയിൽ കരുനീക്കി സ്ഥാനമോഹികൾ. സിറ്റിങ് വാർഡ് സംവരണമാകുന്നതിെൻറ പങ്കപ്പാടിൽ അടുത്ത അഞ്ച് വർഷത്തേക്ക് കസേരയുറപ്പിക്കാൻ തലപുകക്കുകയാണ് നേതൃനിരയിലെ പ്രധാനികൾ. തെരഞ്ഞെടുപ്പ് തീയതിക്ക് കൃത്യം ഒരു മാസം മുമ്പ് നറുക്കെടുപ്പിലൂടെ സംവരണ വാർഡ് നിശ്ചയിക്കും. രണ്ട് വട്ടം തുടർച്ചയായി സംവരണമായവ ഉറപ്പായും ജനറലാവും. അല്ലാത്തവ ജനറലോ, വനിതയോ, എസ്.സി.യോ എസ്.സി വനിതയോ ഒക്കെ ആവാം. സ്വന്തം വാർഡ് സംവരണമാകുമെന്നതിനാൽ സമീപ വാർഡിലേക്ക് ചേക്കാറാൻ തക്കം പാർത്തിരിക്കുന്ന പ്രമുഖർ ഒാരോ തേദ്ദശഭരണ സ്ഥാപനങ്ങളിലുമുണ്ട്.
എങ്ങനെയും വിജയിക്കാൻ ഒന്നിലേറെ വാർഡുകൾ കണ്ടുവെച്ചവരുമേറെ. മാത്രമല്ല, വാർഡുകളിൽ വിജയം സുനിശ്ചിതമാക്കാനുള്ള ചൊട്ടുവിദ്യകളും ഇക്കൂട്ടരുടെ പക്കലുണ്ട്. കൂടുമാറിയെത്തുന്ന വാർഡിലേക്ക് സ്വന്തം ആളുകളുടെ വോട്ട് മാറ്റുകയെന്നതാണ് ഇവർ പയറ്റുന്ന പതിവുതന്ത്രം. വാർഡിലെ സ്വന്തം പാർട്ടിക്കാരുടെ വീട്ടുനമ്പറിൽ വാടകയ്ക്ക് ആളുകൾ താമസിക്കുന്നുണ്ടെന്ന് കാണിച്ചാണ് വ്യാപകമായ വോട്ട് ചേർക്കൽ. വോട്ടർ പട്ടികയിൽനിന്ന് മറുപക്ഷക്കാരെ ഒഴിവാക്കാൻ എതിരാളികളും സജീവം. ഇപ്പോൾ താമസമില്ലെന്നും കല്യാണം കഴിഞ്ഞുപോയെന്നും മറ്റും പലവിധ കാരണങ്ങൾ നിരത്തിയാണ് ഇൗ ഒഴിവാക്കൽ അപേക്ഷകൾ. എതിർപാർട്ടികളിലാണെങ്കിലും പ്രധാനികളാണെങ്കിൽ അവർ തമ്മിൽ 'പരസ്പര ധാരണ'യിലൂടെ സുരക്ഷിത സീറ്റുറപ്പിക്കുന്ന കാഴ്ചയും ചില തദ്ദേശഭരണ സ്ഥാപനങ്ങളിലുണ്ട്. വോട്ട് ചേർക്കാനായി നൽകിയ അപേക്ഷകൾ, ഉദ്യോഗസ്ഥരെ സ്ഥലംമാറ്റ ഭീഷണി മുഴക്കി പരിശോധനയില്ലാതെ അംഗീകരിപ്പിക്കുന്നവരും കുറവല്ല. സീറ്റില്ലെന്നായാൽ ഭാര്യയേയോ അടുത്ത ബന്ധുക്കളേയോ കളത്തിലിറക്കാൻ തയാറായും ചിലരുണ്ട്്.
ഒരു പാർട്ടിയിലെ തന്നെ മൂന്നും നാലും പേർ സീറ്റുമോഹവുമായി രംഗപ്രവേശനം ചെയ്ത വാർഡുകളുണ്ട്. വോട്ടർമാരെ നേരിട്ടും സമൂഹ മാധ്യമങ്ങളിലൂടെയും സമീപിച്ച് തുടങ്ങിയവരും വിരളമല്ല. സീറ്റ് മോഹികൾ സേവന പ്രവർത്തനങ്ങളിൽ മുഴുകി വാർഡുകളിൽതന്നെയുണ്ട്. പുഞ്ചിരിക്കും വാഗ്ദാനപെരുമഴക്കും കുറവുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.