വിദ്യാലയങ്ങൾ ഉണർവിലേക്ക്; ആധിയേറി പ്രധാനാധ്യാപകർ
text_fieldsപട്ടാമ്പി: അധ്യാപകരിലും വിദ്യാർഥികളിലും രക്ഷിതാക്കളിലും ആഹ്ലാദപ്പൂത്തിരി കത്തിച്ച് ഒന്നര വർഷത്തിലേറെ അടച്ചിട്ട വിദ്യാലയങ്ങൾ നവംബർ ഒന്നിന് തുറക്കുമ്പോൾ പ്രധാനാധ്യാപകരുടെ നെഞ്ചുകളിലുയരുന്നത് ആധിയുടെ കേളികൊട്ട്.
കാടു പിടിച്ച സ്‌കൂൾ മൈതാനവും ചിതലരിച്ച കെട്ടിടങ്ങളും കാലൊടിഞ്ഞ ബെഞ്ചുകളുമൊക്കെ പി.ടി.എ-കുടുംബശ്രീ-പൂർവ വിദ്യാർഥി കൂട്ടായ്‌മയിൽ പൂർവ സ്ഥിതിയിലെത്തിക്കാൻ പാടുപെടുന്നതിനിടയിലാണ് ഉച്ച ഭക്ഷണ പദ്ധതിയുടെ പ്രഖ്യാപനം ആശങ്കയുടെ വെള്ളിടിയായി നടത്തിപ്പുകാരുടെ ഉറക്കം കെടുത്തുന്നത്.
കുറഞ്ഞ വിദ്യാർഥികളുള്ള പ്രൈമറി വിദ്യാലയങ്ങളാണ് ഇക്കാര്യത്തിൽ ഏറെ ആശങ്കയിൽ. ഉച്ച ഭക്ഷണവും പാലും കോഴിമുട്ടയും ഉത്തരവ് പ്രകാരം വിതരണം ചെയ്യാൻ ഇത്തവണ ഏറെ ബുദ്ധിമുേട്ടണ്ടിവരും. ആയിരത്തിനു മേൽ കുട്ടികളുള്ള അപ്പർ പ്രൈമറി സ്‌കൂളുകളും ഹൈസ്‌കൂളുകളും ഒരു വിധം നഷ്ടമില്ലാതെ പദ്ധതി കൊണ്ടുപോകുമ്പോൾ കുറഞ്ഞ വരുമാനത്തിൽ ചക്രശ്വാസം വലിക്കുന്ന വിദ്യാലയങ്ങളാണേറെയും.
കോവിഡ് മൂലം വിദ്യാലയങ്ങളടക്കുമ്പോഴത്തെ വിലനിലവാരമല്ല ഒന്നര വർഷത്തിന് ശേഷം സ്‌കൂൾ തുറക്കുമ്പോഴുള്ളത്. പാചക ചെലവിനായി കുട്ടി ഒന്നിന് എട്ടു രൂപയുണ്ടായിരുന്നതിൽ യാതൊരു വർധനവും സർക്കാർ ഇതുവരെ വരുത്തിയിട്ടില്ല. ആഴ്ചയിൽ രണ്ടു ദിവസം 150 മി.ലി വീതം പാൽ, ഒരു ദിവസം കോഴിമുട്ട, നേന്ത്രപ്പഴം എന്നിവ നൽകണമെന്നാണ് ഉച്ചഭക്ഷണപദ്ധതി നിർദേശിക്കുന്നത്.
വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തിച്ചു വരുന്ന പ്രീ പ്രൈമറി വിഭാഗത്തിലെ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകേണ്ടതുണ്ട്. എന്നാൽ 2011-12 വരെ അംഗീകാരം ലഭിച്ച പ്രീ പ്രൈമറികൾക്ക് മാത്രം ഉച്ചഭക്ഷണം പരിമിതപ്പെടുത്തിയിരിക്കുകയാണ്. പി.ടി.എകൾ നടത്തുന്ന പ്രീ പ്രൈമറി വിഭാഗത്തിൽ ഭക്ഷണം നൽകാൻ സ്‌കൂളുകൾ സ്വന്തം നിലയിൽ ഫണ്ട് കണ്ടെത്തണം. കുട്ടികളെ പൊതു വിദ്യാലയങ്ങളിലേക്കടുപ്പിക്കാൻ മിക്ക വിദ്യാലയങ്ങളും പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചിട്ടുണ്ട്. എയ്ഡഡ് സ്‌കൂളുകളിൽ അധ്യാപക തസ്തികയുടെ സംരക്ഷണവും കൂടി പ്രീ പ്രൈമറി വിഭാഗത്തെ ആശ്രയിച്ചാണിരിക്കുന്നത്.
ഇവിടങ്ങളിൽ പ്രവർത്തിക്കുന്ന ടീച്ചർ, ആയ തുടങ്ങിയ ജീവനക്കാർക്കുള്ള വേതനം നാമമാത്രമായ ഫീസ് മുഖേനയാണ് നിർവഹിച്ചുവരുന്നത്. അതിനു പുറമെ ഉച്ചഭക്ഷണവും പാലും മുട്ടയുമായി വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ വിദ്യാലയങ്ങൾ പ്രയാസപ്പെടും. നിത്യോപയോഗ സാധനങ്ങളുടെയും പാചക ഗ്യാസിന്‍റെയും അമിത വിലക്കയറ്റത്തിന്‍റെ പശ്ചാത്തലത്തിൽ പാചകച്ചെലവ് ഇനത്തിൽ സ്‌കൂളുകൾക്ക് അനുവദിക്കുന്ന തുക വർധിപ്പിക്കേണ്ടത് പദ്ധതിയുടെ സുഗമമായ നിർവഹണത്തിന് അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.