കേരളപ്പിറവി ദിനത്തിലെ അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം; നടപടിക്രമം താളംതെറ്റി
text_fieldsപാലക്കാട്: നവംബർ ഒന്നിന് നടത്തുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അതിദാരിദ്ര്യ നിർമാർജനത്തിന്റെ ആദ്യഘട്ട പ്രഖ്യാപന നടപടിക്രമങ്ങൾ താളംതെറ്റി. വാർഡുതലം വരെയെത്തുന്ന വിലയിരുത്തൽ നടപടികൾക്കും സാക്ഷ്യപ്പെടുത്തലുകൾക്കും ഒരാഴ്ച മാത്രം സമയം നൽകിയതാണ് തദ്ദേശസ്ഥാപനങ്ങളെ വലച്ചത്. ഒക്ടോബർ 26ന് മുമ്പ് നടപടിക്രമം പൂർത്തീകരിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഭൂരിഭാഗം പഞ്ചായത്തുകളിലും നടപടികൾ പാതിവഴിയിലാണ്. ഇടക്കുവന്ന നവരാത്രി അവധികളും പ്രവർത്തനങ്ങളെ ബാധിച്ചു. ‘അതിദാരിദ്ര്യമുക്ത കേരളം’ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ സംസ്ഥാനത്തെ 64,006 അതിദരിദ്ര കുടുംബങ്ങളിൽ പകുതിപേരുടെ ദാരിദ്ര്യനിർമാർജന പ്രഖ്യാപനം 2023 നവംബർ ഒന്നിന് നടത്താൻ ഒക്ടോബർ 17ന് ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനിച്ചത്. തുടർനടപടികൾക്ക് അടുത്തദിവസംതന്നെ ജില്ലകളിലെ ജോയന്റ് ഡയറക്ടർമാർക്ക് നിർദേശം നൽകുകയും ചെയ്തു. എന്നാൽ, ദാരിദ്ര്യമുക്തരായവരുടെ വിവരങ്ങൾ ഒക്ടോബർ 26ന് മുമ്പ് പോർട്ടലിൽ അപ് ലോഡ് ചെയ്യാനുള്ള പണി എളുപ്പമല്ലായിരുന്നു. 19നും 21നും തുടർസർക്കുലറുകളും കിട്ടിയെങ്കിലും തുടർച്ചയായ നവരാത്രി അവധികൾ പ്രവർത്തനങ്ങളെ ബാധിച്ചെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു.
ഭക്ഷണം മാത്രം ആവശ്യമുള്ളവർ, ആരോഗ്യം മാത്രം ആവശ്യമുള്ളവർ, ഭക്ഷണവും ആരോഗ്യവും മാത്രം ആവശ്യമുള്ളവർ എന്നീ മൂന്ന് വിഭാഗങ്ങളാക്കി ക്ലേശ ഘടകങ്ങളുള്ള കുടുംബങ്ങളെയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയത്. ഭക്ഷണം, ആരോഗ്യം, വരുമാനം വാസസ്ഥലം എന്നീ ഇനങ്ങളിൽ നൽകിയ സഹായങ്ങൾ തദ്ദേശസ്ഥാപന പോർട്ടലിൽ അപഡേറ്റ് ചെയ്യാനാണ് നിർദേശം. അതിദാരിദ്ര്യവുമായ ബന്ധപ്പെട്ട തദ്ദേശസ്ഥാപനതല ജനകീയ കമ്മിറ്റികൾ സ്ഥിതി വിലയിരുത്തി ഗ്രാമപഞ്ചായത്ത്/ കൗൺസിൽ അംഗീകാരത്തോടെ അപ്ഡേഷൻ പൂർത്തിയാക്കാനും അടിയന്തര കമ്മിറ്റികൾ ചേർന്ന് തീരുമാനമെടുക്കാനുമായിരുന്നു നിർദേശം.
പട്ടിക തയാറാക്കുമ്പോൾ എത്ര കുടുംബങ്ങൾ പൂർണമായും അതിദാരിദ്ര്യമുക്തരായെന്നും എത്ര കുടുംബങ്ങൾക്ക് തുടർസഹായങ്ങൾ നൽകണമെന്നുമുള്ള കണക്ക് പ്രത്യേകം സൂക്ഷിക്കണം. വാർഡ്, ഡിവിഷൻതല സമിതി വിവരങ്ങൾ ശേഖരിച്ച് ക്രോഡീകരിക്കണം. തദ്ദേശതല നിർവഹണ ഉപസമിതിയും കുടുബശ്രീ കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റിയും രേഖകൾ പരിശോധിക്കണം. ഓരോ കുടുംബവും ദാരിദ്ര്യമുക്തരായെന്ന് ഭരണസമിതിയുടെ അംഗീകാരത്തിനായി സമർപ്പിക്കണമെന്നും നിർദേശിച്ചിരുന്നു. 2025 നവംബര്‍ ഒന്നിന് മുമ്പ് സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമാക്കുമെന്നാണ് പ്രഖ്യാപനം. 2024 നവംബര്‍ ഒന്നിന് മുമ്പ് 93 ശതമാനം പേരയും അതിദരിദ്രാവസ്ഥയില്‍നിന്ന് മോചിപ്പിക്കുമെന്ന് സർക്കാർ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.