തട്ടിക്കൊണ്ടുപോയി കവർച്ച: പ്രതി മൂന്നുവർഷത്തിന് ശേഷം പിടിയിൽ
text_fieldsചിറ്റൂർ: 2018ൽ പൊള്ളാച്ചി സ്വദേശിയെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിലെ മുഖ്യപ്രതി മൂന്നുവർഷത്തിനുശേഷം പിടിയിൽ. പാലക്കാട് അകത്തേത്തറ തൊട്ടപ്പുര വീട്ടിൽ എച്ച്. പവിത്രദാസാണ് (45) വ്യാഴാഴ്ച വൈകീട്ട് 5.30ന് മലമ്പുഴയിൽ അറസ്റ്റിലായത്. ഇയാൾക്കെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി കൊലപാതകശ്രമം ഉൾപ്പെടെ 18 കേസുകളുള്ളതായി കൊഴിഞ്ഞാമ്പാറ പൊലീസ് പറഞ്ഞു. ഇതോടെ ഈ കേസിൽ ആറുപേരാണ് അറസ്റ്റിലായത്. പൊള്ളാച്ചി സ്വദേശിയെ തട്ടിക്കൊണ്ടുപോയി ആറുലക്ഷം രൂപ കവർന്ന കേസിലെ പ്രതിയാണ് പവിത്രദാസ്. ഇതേ കേസിൽ രണ്ടുപേർ 2018ലും ഒരാൾ 2021 ജൂലൈയിലും ഒരാൾ ആഗസ്റ്റിലും ഒരാൾ ഒക്ടോബറിലും അറസ്റ്റിലായിട്ടുണ്ട്. പവിത്രദാസ് ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലാകുന്നത്.
2018 ഏപ്രിൽ 29ന് പൊള്ളാച്ചി സ്വദേശിയും പച്ചക്കറി വ്യാപാരിയുമായ പ്രഭു തൃശൂരിൽനിന്ന് രാത്രി 1.30ന് വരുന്ന വഴി കുതിരാനിൽനിന്ന് ലിഫ്റ്റ് ചോദിച്ച് നാലംഗ സംഘം കാറിൽ കയറുകയായിരുന്നു. പിന്നീട് ഇയാളിൽനിന്ന് കൈയിലുണ്ടായിരുന്ന നാലര ലക്ഷം രൂപ കത്തികാണിച്ച് ഭീഷണിപ്പെടുത്തി കവർന്നു. പിന്നീട് കൊഴിഞ്ഞാമ്പാറയിലെ തെങ്ങിൻതോപ്പിലെത്തിച്ച് ഇയാളെ കെട്ടിയിട്ട് വീട്ടുകാരോട് പത്തുലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് ഒന്നരലക്ഷം രൂപ കൂടി കൊടുത്താണ് മോചിപ്പിച്ചത്.
പ്രഭു കൊഴിഞ്ഞാമ്പാറ പൊലീസിൽ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ അന്നുതന്നെ പൊള്ളാച്ചി സ്വദേശികളായ നവാസ് (29), മാതേഷ് കുമാർ (34) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. 2021 ജൂൈലയിൽ പൊള്ളാച്ചി സ്വദേശി അമാനുല്ല (34), ആഗസ്തിൽ കഞ്ചിക്കോട് ചടയൻ കാലായി, തോട്ടുമാടൻ വീട്ടിൽ കെ. അജിത് കുമാർ (26), ഒക്ടോബറിൽ ആലത്തൂർ വാനൂർ ലക്ഷം വീട് ഹക്കീം എന്ന എച്ച്. അബ്ദുൽ ഹക്കീം എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അറസ്റ്റ് ഉടനെയുണ്ടാകുമെന്നും കൊഴിഞ്ഞാമ്പാറ പൊലീസ് പറഞ്ഞു.
എ.എസ്.പി പദം സിങ്ങിെൻറ നിർദേശപ്രകാരം. സി.ഐ എം. ശശിധരൻ, എസ്.ഐ വി. ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പവിത്രദാസിനെ പിടികൂടിയത്. ചിറ്റൂർ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ആലത്തൂർ ജയിലിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.