അംബേദ്കർ കോളനിവാസികളുടെ കുടിൽകെട്ടി സമരം എട്ട് ദിവസം പിന്നിട്ടു
text_fieldsകൊല്ലങ്കോട്: ഗോവിന്ദാപുരം അംബേദ്കർ കോളനിവാസികളുടെ സമരം എട്ട് ദിവസം പിന്നിട്ടിട്ടും അനങ്ങാതെ അധികൃതർ. 40ലധികം കുടുംബങ്ങൾ ഭവന പദ്ധതികളിൽ ഉൾപ്പെടുത്തുന്നതിനായി അപേക്ഷ നൽകിയിട്ടും നടപടി ഉണ്ടാവാത്തതിനെതുടർന്നാണ് കോളനിവാസികൾ മുതലമട പഞ്ചായത്ത് ഓഫിസിനു മുന്നിൽ കുടിൽ കെട്ടി സമരം ആരംഭിച്ചത്. സമരം ആരംഭിച്ച് എട്ട് ദിവസം പിന്നിട്ടിട്ടും പഞ്ചായത്തും പട്ടികജാതി വകുപ്പ് അധികൃതരും അനങ്ങിയിട്ടില്ല.
ചക്ലിയ വിഭാഗത്തിൽ ഉൾപ്പെട്ട കുടുംബങ്ങൾ ഒന്നര പതിറ്റാണ്ടിലധികമായി വീടിനായി അപേക്ഷ നൽകി കാത്തിരിക്കുകയാണ്. അനിശ്ചിതകാല സമരം ആരംഭിക്കുന്നതിനു മുമ്പ് ജില്ല കലക്ടർക്ക് നേരിട്ടെത്തി പരാതി നൽകിയെങ്കിലും പ്രതികരണം ഉണ്ടായില്ലെന്ന് സമരസമിതി പ്രവർത്തകർ പറയുന്നു. 2014ൽ 14 കുടുംബങ്ങളും 2017ൽ 23 കുടുംബങ്ങളും അപേക്ഷ നൽകി. 2019ൽ 25ഉം 2021ൽ 36ഉം അപേക്ഷകൾ പഞ്ചായത്തിൽ സമർപ്പിച്ചു. എന്നിട്ടും ചക്ലിയ വിഭാഗത്തിലെ ആരും ഭവന പദ്ധതിയിൽ ഉൾപ്പെട്ടില്ലെന്ന് കോളനിവാസിയായ കെ. മാസാണി പറഞ്ഞു.
ഒരു വീടിനകത്ത് 18ലധികം പേർ വസിക്കുന്ന അവസ്ഥ അംബേദ്കർ കോളനിയിൽ ഉണ്ടായിട്ടും അനക്കമില്ലാത്ത അവസ്ഥയിലാണ് പഞ്ചായത്ത്, പട്ടികജാതി വകുപ്പുകൾ. സമരത്തിന് വിജയം കാണുന്നതുവരെ സമരം ശക്തമായി തുടരുമെന്ന് ആദിവാസികൾ പറഞ്ഞു. വ്യാഴാഴ്ച സംയുക്ത ഉപവാസം നടത്തുമെന്ന് ആദിവാസി സംരക്ഷണ സംഘം കൺവീനർ നീളിപ്പാറ മുരിയപ്പൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.