വൃക്ഷ സംരക്ഷണത്തിനായി പോരാടിയ വിദ്യാർഥിനിയുടെ കഥ പറഞ്ഞ് ‘അമ്മു’
text_fieldsകൊല്ലങ്കോട്: വീടിനു മുറ്റത്തെ പ്ലാവ് മുറിക്കുന്നതിനെതിരെ പോരാടി വിജയിച്ച അഞ്ചാം ക്ലാസുകാരിയുടെ കഥ പറഞ്ഞ് ഡോക്യുമെന്ററി ‘അമ്മു’ പ്രദർശനത്തിന്.
പരിസ്ഥിതി ദിനത്തിൽ വിദ്യാലയങ്ങളിൽ ഉൾപ്പെടെ നിരവധി ഫലവൃക്ഷ തൈകൾ സൗജന്യമായി നൽകാറുണ്ടെങ്കിലും വൃക്ഷത്തെ അതിയായി സ്റ്റേഹിച്ച അമ്മുവിന്റെ പോരാട്ട കഥയാണ് ഹൃസ്വചിത്രത്തിന്റെ പ്രമേയം. ഗജേന്ദ്രൻ വാവയാണ് സംവിധായകൻ.
താൻ കുഞ്ഞുനാൾ മുതൽ കണ്ടു വളർന്ന വൃക്ഷത്തെ സാമ്പത്തിക പ്രയാസത്താൽ മുറിച്ചുമാറ്റി വിൽക്കാൻ വീട്ടുകാർ തയാറായപ്പോൾ അതിനെതിരെ പോരാടുന്ന അമ്മു എന്ന വിദ്യാർഥിനിയുടെ പ്രകൃതി സ്നേഹമാണ് ചിത്രത്തിൽ പറയുന്നത് .
വൃക്ഷ തൈ സംരക്ഷിക്കാൻ സ്കോളർഷിപ് മത്സരം, വിവിധ മത്സര പരീക്ഷകൾ എന്നിങ്ങനെ പോരാട്ടങ്ങളും അവയിലെ പരാജയവും ഒടുവിൽ വിജയിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രധാന ഭാഗം. കൊല്ലങ്കോട് നെന്മേനി എ.എൽ.പി സ്കൂളിലെ വിദ്യാർഥിനി വൈഷ്ണവിയാണ് പ്രധാന കഥാപാത്രമായ അമ്മുവിനെ അവതരിപ്പിക്കുന്നത്.
നെന്മേനി സ്വദേശികളായ ഗുരുവായൂരപ്പൻ-ലക്ഷ്മി ദമ്പതികളുടെ മകളാണ് വൈഷ്ണവി.30 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ കെ. ബാബു എം.എൽ.എ ഉൾപ്പെടെയുള്ള എട്ട് അഭിനേതാക്കളും പുതുനഗരം കരിപ്പോട് കെ.എസ്.ബി.എസ് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും അഭിനയിച്ചിട്ടുണ്ട്.
വിദ്യാലയങ്ങളിലും പരിസ്ഥിതി സംഘടനകളുടെ യോഗങ്ങളിലും തിയറ്ററുകളിലും ചിത്രം പ്രദർശനത്തിന് എത്തിക്കുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. ആദ്യപ്രദർശനം കൊല്ലങ്കോട് തങ്കരാജ് തിയറ്ററിൽ തിങ്കളാഴ്ച രാവിലെ നടക്കുമെന്ന് കെ. ബാബു എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.