കൊല്ലങ്കോട് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന് നീളം കൂട്ടിയില്ല; യാത്രക്കാർക്ക് ദുരിതം
text_fieldsകൊല്ലങ്കോട്: കൊല്ലങ്കോട് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം നീളം കുറഞ്ഞതിനാൽ യാത്രക്കാർ വീണ് പരുക്കേൽക്കുന്നത് പതിവാകുന്നു. കഴിഞ്ഞ തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി കൊല്ലങ്കോട് സ്റ്റേഷനിലെത്തിയ അമൃത എക്സ്പ്രസിൽ കയറുന്നതിനിടെ സ്ത്രീകൾ ഉൾപ്പെടെ രണ്ട് കുട്ടികൾക്കാണ് വീണ് പരിക്കേറ്റത്. എൻജിന് തൊട്ടുപിറകിലായി മൂന്ന് കോച്ചുകളാണ് പ്ലാറ്റ്ഫോമിൽനിന്ന് പുറത്തു നിൽക്കുന്നത്. ഇവിടേക്ക് മതിയായ വെളിച്ചമിമെത്തിക്കാൻ ബൾബുകൾ സ്ഥാപിച്ചെങ്കിലും ഫലപ്രദമല്ലാത്തതാണ് യാത്രക്കാർ വീഴുന്നതിന് കാരണമായത്.
23 കോച്ചുകളുള്ള അമൃതയിൽ നൂറോളം യാത്രക്കാരാണ് കൊല്ലങ്കോട്ടിൽനിന്ന് കയറുന്നത്. കൂടാതെ പഴനി, മധുര എന്നിവിടങ്ങളിൽനിന്ന് കൊല്ലങ്കോട് സ്റ്റേഷനിൽ ഇറങ്ങുന്നവരും പ്ലാറ്റ്ഫോമില്ലാത്ത പ്രദേശത്ത് വീഴുകയേ രക്ഷയുള്ളൂ.
പ്ലാറ്റ്ഫോം ഇല്ലാത്ത പ്രദേശങ്ങളിൽ പാഴ്ച്ചെടികൾ കാടുപിടിച്ച് വളർന്നത് ഇഴജന്തുക്കളുടെ ശല്യം വർധിക്കാനും കാരണമായി. കഴിഞ്ഞ ദിവസം ട്രെയിൻ ഇറങ്ങിയ വടവന്നൂരിലെ യാത്രക്കാരനെ പന്നി ഓടിച്ചതിനെ തുടർന്ന് വീണ് പരിക്കേറ്റിരുന്നു. പ്ലാറ്റ്ഫോമില്ലാത്ത് ഭാഗത്തിൽ കാടുപിടിച്ച പ്രദേശം വൃത്തിയാക്കാത്തത് ട്രെയിനിൽ കയറുവാനും ഇറങ്ങുവാനുമുള്ള യാത്രക്കാരെ കൂടുതൽ പ്രയാസത്തിലാക്കുന്നതായി റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ ജോ. സെക്രട്ടറി പി.വി.ഷണ്മുഖൻ പറഞ്ഞു. പ്ലാറ്റ്ഫോം നീളം വർധിപ്പിച്ച് മതിയായ വെളിച്ചം നൽകുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
എറണാകുളം മെമു പൊള്ളാച്ചിയിലേക്ക് ദീർഘിപ്പിക്കണമെന്ന്
കൊല്ലങ്കോട്: എറണാകുളം മെമു പൊള്ളാച്ചിയിലേക്ക് നീട്ടണമെന്ന ആവശ്യം ശക്തം. എറണാകുളം - പാലക്കാട് മെമു ട്രെയിൻ (ട്രെയിൻ നമ്പർ: 66612) എറണാകുളത്തുനിന്ന് വൈകുന്നേരം 3.10ന് പുറപ്പെട്ട് അതേ ദിവസം 7.25ന് പാലക്കാട് എത്തിച്ചേരും. അടുത്ത ദിവസം പാലക്കാട്-എറണാകുളം മെമു ട്രെയിൻ (66611) പാലക്കാട് നിന്ന് രാവിലെ 8.20ന് പുറപ്പെട്ട് അതേ ദിവസം തന്നെ 12.30 ന് എറണാകുളത്ത് എത്തിച്ചേരും. രാവിലെ 7.25 മുതൽ പിറ്റേന്ന് രാവിലെ 8.20 വരെഎറണാകുളം - പാലക്കാട് മെമു ട്രെയിൻ പാലക്കാട് തന്നെ പാർക്ക് ചെയ്യുകയാണ്. നിലവിൽ പാലക്കാട് ടൗണിനും പൊള്ളാച്ചിക്കും ഇടയിലുള്ള എല്ലാ സ്റ്റേഷനുകളിൽ പാലക്കാട് - തിരുച്ചെന്തൂർ ട്രെയിനിനു മാത്രമാണ് സ്റ്റോപ്പുള്ളത്.
തിരുച്ചെന്തൂർ ട്രെയിൻ രാവിലെയും വൈകുന്നേരവും പാലക്കാടിനും പൊള്ളാച്ചിക്കുമിടയിൽ അസൗകര്യമുള്ള സമയത്താണ് ഓടുന്നത്.
കൂടാതെ, പാലക്കാട് ടൗണിനും പൊള്ളാച്ചിക്കുമിടയിൽ റെയിൽവേ വൈദ്യുതീകരണം ആറ് മാസം മുമ്പ് പൂർത്തിയായെങ്കിലും, നിലവിൽ പാലക്കാട് ടൗണിനും പൊള്ളാച്ചിക്കു മിടയിൽ മെമു ട്രെയിനുകളൊന്നും ഓടുന്നില്ല. അതിനാൽ, പാലക്കാട് - എറണാകുളം - പാലക്കാട് മെമു ട്രെയിനുകൾ (ട്രെയിൻ നമ്പർ: 66611 & 66612) കൊല്ലങ്കോട്, പുതുനഗരം റെയിൽവേ സ്റ്റേഷനുകളിൽ സ്റ്റോപ്പോടെ പൊള്ളാച്ചി വരെ നീട്ടാൻ നടപടി വേണമെന്ന് റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് മുരുകൻ ഏറാട്ടിൽ ആവശ്യപ്പെട്ടു. മീറ്റർ ഗേജിൽ 2009ന് മുമ്പ് രാമേശ്വരം - പാലക്കാട് (രണ്ട് സർവീസുകൾ), മധുര / ഡിണ്ടിഗൽ - പാലക്കാട്, പൊള്ളാച്ചി - പാലക്കാട് തുടങ്ങിയ ട്രെയിനുകൾ - പൊള്ളാച്ചി- ഡിണ്ടിഗൽ - പൊള്ളാച്ചി - പാലക്കാട് സെക്ഷനിൽ സർവിസ് നടത്തിയിരുന്നു. എന്നാൽ, ഡിണ്ടിഗൽ-പൊള്ളാച്ചി-പാലക്കാട് സെക്ഷന്റെ ബ്രോഡ്ഗേജ് പരിവർത്തനത്തിന് ശേഷം ട്രെയിനുകൾ പുനഃസ്ഥാപിച്ചില്ല. പകരം മൂന്ന് എക്സ്പ്രസുകൾ മാത്രം സർവിസ് നടത്തുന്നത് യാത്രക്കാർക്ക് ദുരിതമായി. 500ലധികം സീസൺ ടിക്കറ്റ് യാത്രക്കാരാണ് കൊല്ലങ്കോട്, പുതുനഗരം, മുതലമട സ്റ്റേഷനുകളിൽ നിന്ന് മാത്രം ഉണ്ടായത്. റെയിൽവേയുടെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് ഇ മെയിൽ കാമ്പയിൻ നടത്താനുള്ള തയ്യാറെടുപ്പിലാണ് വിവിധ പാസഞ്ചേഴ്സ് കൂട്ടായ്മകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.