മുതലമടയിൽ എം.പിയുടെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ നീക്കം -രമ്യ ഹരിദാസ് എം.പി
text_fieldsകൊല്ലങ്കോട്: മുതലമട ഗ്രാമപഞ്ചായത്തിൽ എം.പിയുടെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ സി.പി.എമ്മിലെ ഒരു വിഭാഗവും ചില ഉദ്യോഗസ്ഥരും ഗൂഢനീക്കം നടത്തുന്നതായി രമ്യ ഹരിദാസ് എം.പി ആരോപിച്ചു. ഇതിന്റെ തുടർച്ചയാണ് മുതലമട മൂച്ചംകുണ്ടിൽ പഞ്ചായത്ത് പ്രസിഡന്റ് പി. കൽപനാദേവിക്ക് നേരെ സി.പി.എമ്മുകാർ നടത്തിയ ആക്രമണം. എം.പിയുടെ ഫണ്ട് ഉപയോഗിച്ച് മൂച്ചംകുണ്ടിൽ മിനി മാസ്റ്റ് വിളക്ക് സ്ഥാപിക്കാൻ നേരത്തേ തന്നെ നടപടി ആയതാണ്.
ഇതേ സ്ഥലത്തു തന്നെ പഞ്ചായത്ത് ഭരണസമിതിയുടെ അറിവില്ലാതെ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് വിളക്ക് സ്ഥാപിക്കാൻ ശ്രമിച്ചത് ആ വാർഡിലെ പഞ്ചായത്ത് അംഗം കൂടിയായ പഞ്ചായത്ത് അധ്യക്ഷ പി. കൽപനാദേവി ചോദ്യം ചെയ്തതിന്റെ പേരിലാണ് പൊതുസ്ഥലത്തുവെച്ച് അവരെ ആക്രമിച്ചതെന്നും മൊഴി നൽകിയിട്ടും ദുർബല വകുപ്പിട്ട് കേസെടുത്ത പൊലീസ് നടപടി പ്രതിഷേധാർഹമാണെന്നും എം.പി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ച സി.പി.എം നീക്കം പ്രതിഷേധാർഹമാണെന്ന് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ പറഞ്ഞു. ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.