ഒരുവശത്ത് ബോധവത്കരണം; മറുവശത്ത് പൊട്ടിയ പൈപ്പ് നന്നാക്കുന്നുമില്ല
text_fieldsകൊല്ലങ്കോട്: മീങ്കര കുടിവെള്ള പദ്ധതിയുടെ പൈപ്പ് തകർന്ന് ശുദ്ധജലം പാഴാകുന്നു. കൊല്ലങ്കോട് തേക്കിൻചിറ പ്രധാന റോഡിൽ സ്കൂളിന് സമീപമാണ് കഴിഞ്ഞ രണ്ടാഴ്ചയിലധികമായി പ്രധാന പൈപ്പ് തകർന്ന് ശുദ്ധജലം റോഡിലൊഴുകുന്നത്. കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പൈപ്പ് തകർന്ന് രണ്ടാഴ്ച കഴിഞ്ഞും അറ്റകുറ്റപ്പണികൾ നടത്താൻ ജല അതോറിറ്റി തയാറാവാത്തതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു.
മീങ്കര ഡാമിലെ ജലനിരപ്പ് 19.5 അടി എത്തിനിൽക്കുന്ന സാഹചര്യത്തിൽ ജലം സൂക്ഷ്മമായി ഉപയോഗിക്കണമെന്നും ദുരുപയോഗം ചെയ്യരുതെന്നും ജനപ്രതിനിധികളും ജല അതോറിറ്റിയും ഇടക്കിടെ ബോധവത്കരണം നടത്തുമ്പോൾ പ്രധാന കുടിവെള്ള പൈപ്പ് തകർന്ന് ശുദ്ധജലം റോഡിലൂടെ പാഴാകുമ്പോഴും തിരിഞ്ഞുനോക്കാതെ ജല അതോറിറ്റി അധികൃതർ നിലപാട് തിരുത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
കൊല്ലങ്കോട്, വടവന്നൂർ, മുതലമട എന്നീ മൂന്ന് പഞ്ചായത്തുകളിൽ മാത്രം 11 പ്രദേശങ്ങളിൽ കുടിവെള്ള പൈപ്പ് തകർന്ന് ശുദ്ധജലം റോഡിൽ പാഴാക്കുകയാണ്. ഞായർ, രണ്ടാം ശനി ഉൾപ്പെടെയുള്ള ഒഴിവുദിവസങ്ങളിലും ജല അതോറിറ്റിയുടെ പൈപ്പ് തകരാറുകൾ പരിഹരിക്കുന്ന തൊഴിലാളികൾ ജോലിയെടുക്കണമെന്ന് ആവശ്യവും ശക്തമായിട്ടുണ്ട്. ഒഴിവുദിവസമായതിനാൽ ജീവനക്കാർ ഇല്ല എന്ന പേര് പൈപ്പുകൾ തകർന്ന പ്രദേശത്ത് അറ്റകുറ്റപ്പണി കൾ വൈകുന്നത് വേനൽക്കാലങ്ങളിൽ കൂടുതൽ ജലനഷ്ടം ഉണ്ടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.