കമിതാക്കളുടെ മരണം: ഇരുവരുടെയും മൊബൈൽ ഫോൺ പരിശോധിക്കുമെന്ന് പൊലീസ്
text_fieldsകൊല്ലങ്കോട്: കിഴക്കേ ഗ്രാമം സ്വദേശി സുബ്രഹ്മണ്യന്റെയും പാവടി സ്വദേശി ധന്യയുടെയും പൊള്ളലേറ്റുണ്ടായ മരണം സംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ്. ധന്യയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് സുബ്രഹ്മണ്യനാണെന്ന സംശയം പൊലീസിനോട് നാട്ടുകാർ പ്രകടിപ്പിച്ചതിനാൽ ഇരുവരുടെയും മൊബൈൽ ഫോൺ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. മുറിക്കുള്ളിൽ സൂക്ഷിച്ച മണ്ണെണ്ണ ഉപയോഗിച്ചാണ് തീകൊളുത്തിയതെന്നാണ് പ്രാഥമിക നിഗമനം.
കേറ്ററിങ് സാധനങ്ങൾ സൂക്ഷിച്ച മുറിക്കുള്ളിലാണ് യുവാവും വിദ്യാർഥിനിയും ദേഹത്ത് തീപടർന്ന് പൊള്ളലേറ്റു മരിച്ചത്. പ്രണയത്തിലായിരുന്ന ഇരുവരും വിവാഹം അസാധ്യമാണെന്ന തോന്നലിൽ ആത്മഹത്യ ചെയ്തതാണോയെന്ന സംശയം പൊലീസിനുണ്ട്. വിശദ അന്വേഷണത്തിന് ശേഷമേ വ്യക്തതയുണ്ടാവൂ എന്ന നിലപാടിലാണ് പൊലീസ്.
യുവാവും വിദ്യാർഥിനിയും തീകൊളുത്തി മരിച്ച സംഭവം: ഞെട്ടൽ മാറാതെ കിഴക്കേ ഗ്രാമം
കൊല്ലങ്കോട്: യുവാവും വിദ്യാർഥിനിയും തീകൊളുത്തി മരിച്ച സംഭവത്തിലെ ഞെട്ടൽ മാറാതെ കിഴക്കേ ഗ്രാമം. മരിച്ച സുബ്രഹ്മണ്യന്‍റെ വീട്ടിലുള്ളവരുടെ ബഹളം കേട്ടാണ് കിഴക്കേഗ്രാമം അഗ്രഹാരത്തിലുള്ളവർ ഞെട്ടി എഴുന്നേറ്റത്. സംഭവമറിഞ്ഞ് വൈകാതെ കെ.എസ്.ഇ.ബി, അഗ്നിരക്ഷ സേന, പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മരിച്ച ധന്യയുടെ വീട്ടുകാർ ഒന്നരവർഷം മുമ്പ് സുബ്രഹ്മണ്യന്‍റെ വീടിനടുത്ത് വാടകക്കാണ് താമസിച്ചുവന്നിരുന്നത്. ഇവർ തമ്മിലെ പ്രണയം അറിഞ്ഞതിനെ തുടർന്ന് നാല് വർഷങ്ങൾക്ക് ശേഷം വിവാഹം നടത്താമെന്ന് ഇരുവീട്ടുകാരും ധാരണയിലായിലെത്തിയിരുന്നു.
ഇരുവരുടെയും മൊബൈൽ പരിശോധിക്കുമെന്ന് കൊല്ലങ്കോട് പൊലീസ് പറഞ്ഞു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽനിന്ന് മൃതദേഹം പാലക്കാട്ടെ ജില്ല ആശുപത്രിയിലെത്തിച്ച ശേഷം തിങ്കളാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടത്തുമെന്ന് പൊലീസ് പറഞ്ഞു. അസി. സ്റ്റേഷൻ ഓഫിസർ ആർ. രമേഷ്, സീനിയർ ഫയർ റെസ്ക്യൂ ഓഫിസർ ഡി. സായി കൃഷ്ണൻ, ഫയർ റെസ്ക്യൂ ഓഫിസർമാരായ വി. സുധീഷ്, വി. ഗുരുവായൂർ, എസ്. രാജീവ്, ആർ.എൽ. രതീഷ് കുമാർ, ഹോം ഗാർഡുമാരായ, കൃഷ്ണൻകുട്ടി, പി. സെൽവദാസ് എന്നിവരോടൊപ്പം സർക്കിൾ ഇൻസ്പെക്ടർ വിപിൻദാസും സംഘവും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.