വീടിനായി വയോദമ്പതികളുടെ കാത്തിരിപ്പ്
text_fieldsകൊല്ലങ്കോട്: 70 കടന്ന കൊല്ലങ്കോട് വടക്കുപ്പാവടിയിൽ തങ്കവേലുവും ഭാര്യ അങ്കാത്താളും സുരക്ഷിതമായൊരു വീട് സ്വപ്നം കണ്ട് സർക്കാറിെൻറ ഭവനപദ്ധതിക്ക് അപേക്ഷ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടായി. ഇഴജന്തുക്കളടക്കം ഭീതിപരത്തുന്ന ഷീറ്റ് മേഞ്ഞ് ചാക്കുകൾ കൊണ്ട് മറച്ച കുടിലിൽ 75 കഴിഞ്ഞ തങ്ക വേലുവും 70 കഴിഞ്ഞ അങ്കാത്താളും സംസാരിക്കാൻ ശേഷിയില്ലാത്ത മകളുമാണ് താമസിക്കുന്നത്.
2011 മുതൽ വീടിനായി അപേക്ഷ നൽകുന്നുണ്ടെങ്കിലും ഇതുവരെയും പഞ്ചായത്ത് പരിഗണിച്ചിട്ടില്ലെന്ന് തങ്കവേലു-അങ്കാത്താൾ ദമ്പതികൾ പറയുന്നു.
തങ്കവേലു താമസിച്ചിരുന്ന 1950ൽ നിർമിച്ച ഓട്ടുപുര വർഷങ്ങൾക്കു മുമ്പ് ജീർണിച്ച് നിലംപൊത്തി. വീട് തകരുന്നതിന് മുമ്പ് ജീർണാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും അധികൃതർ കൈമലർത്തുകയായിരുന്നുവെന്ന് തങ്കവേലു പറഞ്ഞു. വീട് തകർന്നതോടെ മറ്റു വഴികളില്ലാതെ കുടിൽകെട്ടി തൊട്ടടുത്തുതന്നെ താമസിച്ചു.
തറ കെട്ടിയാൽ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് ആറ് വർഷങ്ങൾക്കു മുമ്പ് പഞ്ചായത്ത് അധികൃതർ പറഞ്ഞപ്പോൾ ഉള്ളതെല്ലാം വിറ്റുപെറുക്കി തറ കെട്ടി. എന്നാൽ, ആറു വർഷം കഴിഞ്ഞും വീടിനുള്ള അപേക്ഷ ഇപ്പോഴും ചുവപ്പുനാടയിൽ കുരുങ്ങിക്കിടപ്പാണ്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കുടിലിനകത്ത് വെള്ളത്തോടൊപ്പം ഇഴജന്തുക്കളും വിഷപ്പാമ്പുകളും എത്തിയതോടെ അയൽവാസികളാണ് അഭയം നൽകിയത്. തങ്കവേലുവിെൻറ അപേക്ഷ പഞ്ചായത്ത് സ്വീകരിച്ചിട്ടുണ്ടെന്നും മുൻഗണനയനുസരിച്ച് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. സത്യപാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.