പ്രതിരോധ കുത്തിവെപ്പ് ലഭിച്ചില്ലെന്ന്; മുതലമടയിൽ കുളമ്പ് രോഗം പടരുന്നു
text_fieldsകൊല്ലങ്കോട്: മുതലമടയിൽ കുളമ്പുരോഗം വ്യാപകമായതോടെ ക്ഷീര കർഷകർ ദുരിതത്തിൽ. പത്തിലധികം കന്നുകാലികൾ ഇതിനകം രോഗം ബാധിച്ച് ചത്തതായി കർഷകർ പറഞ്ഞു. നിലവിൽ രോഗബാധയുള്ള സ്ഥലങ്ങളിൽ പ്രതിരോധ കുത്തിവെപ്പ് നടന്നില്ലെന്ന് കർഷകർ പറഞ്ഞു. ചുള്ളിയാർ ഡാമിന് പരിസരപ്രദേശങ്ങളായ മേച്ചിറ, വെള്ളാരം കടവ്, കിണ്ണത്തുമുക്ക് അടമ്പമരം, പതി തുടങ്ങിയ പ്രദേശങ്ങളിലാണ് കുളമ്പു രോഗം വ്യാപകമായിട്ടുള്ളത്. നൂറിലധികം കന്നുകാലികൾക്ക് രണ്ടുമാസത്തിനിടെ രോഗം ബാധിച്ചിരുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ ആറിലധികം പശുക്കളും 12 ആടുകളുമാണ് കുളമ്പുരോഗം ബാധിച്ച ചത്തത്. പശുക്കൾക്ക് പുറമെ ആടുകളടക്കമുള്ളവക്കും കുളമ്പ് രോഗം പടരുകയാണ്.
കുളമ്പുരോഗം വ്യാപകമായതോടെ മുതലമട മൃഗസംരക്ഷണ വകുപ്പ് അധികൃതർക്ക് നേരിലും ഫോണിലൂടെയും പരാതികൾ നൽകിയിട്ടും പരിശോധിക്കാൻ പോലും ആരും എത്തിയില്ലെന്ന് നാട്ടുകാരായ ക്ഷീര കർഷകർ പറഞ്ഞു. പ്രദേശത്തെ ഒരു കന്നുകാലിക്കു പോലും പ്രതിരോധ കുത്തിവെപ്പ് ലഭിച്ചില്ലെന്ന് പ്രദേശ വാസിയായ ഹനീഫ പറഞ്ഞു. ഹനീഫയുടെ കറവപ്പശു കഴിഞ്ഞദിവസം കുളമ്പുരോഗം ബാധിച്ച് ചത്തിരുന്നു. ശേഷിക്കുന്ന കന്നുകാലികളെ രക്ഷിക്കാൻ സ്വകാര്യ മൃഗഡോക്ടർമാരെ ആശ്രയിക്കേണ്ട ഗതികേടിലാണ് വെള്ളാരൻകടവിലെ കർഷകർ. ലക്ഷങ്ങൾ ചെലവഴിച്ച് കുളമ്പ് രോഗ ത്തിനുള്ള പ്രതിരോധ കുത്തിവെപ്പ് നടത്തുന്ന മൃഗസംരക്ഷണ വകുപ്പ് ചുള്ളിയാർ ഡാം പരിസരങ്ങളിൽ സേവനമെത്തിക്കാത്തത് നീതി നിഷേധമാണെന്ന് ക്ഷീരകർഷകർ പറയുന്നു.
എന്നാൽ, കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ നടത്തുന്നതിനുമുമ്പേ ചുള്ളിയാർ ഡാം പരിസരങ്ങളിൽ രോഗം കണ്ടെത്തിയതായി മൃഗ സംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. കുളമ്പുരോഗം സെപ്റ്റംബറിൽ ചുള്ളിയാർ ഡാം പരിസരത്ത് കണ്ടെത്തി. പ്രതിരോധ കുത്തിവെപ്പ് കാമ്പയിൽ ഓക്ടോബർ ആറു മുതൽക്കാണ് ആരംഭിച്ചത്. രോഗം വന്ന മേഖലയിലെ പ്രതിരോധം കന്നുകാലികൾക്ക് കൂടുതൽ ക്ഷീണമുണ്ടാക്കുമെന്നതിനാലാണ് നടത്താത്തതെന്നും ചികിത്സകൾ തുടരുന്നതായും അധികൃതർ പറഞ്ഞു. നിലവിലെ അവസ്ഥ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ റെജി വർഗീസ് ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.