മുതലമടയിലെ എൻഡോസൾഫാൻ പ്രയോഗം: ദുരിതത്തീയിൽ രോഗികൾ
text_fieldsകൊല്ലങ്കോട്: മുതലമടയിലെ മാന്തോപ്പുകളിൽ അനിയന്ത്രിതമായി ഉപയോഗിച്ച എൻഡോസൾഫാൻ ഉൾപ്പെടെയുള്ള മാരക കീടനാശിനികളുടെ ഇരകളായി നിരവധി പേർ ഇപ്പോഴും ദുരിതമനുഭവിച്ച് കഴിയുന്നു.
കീടനാശിനി പ്രയോഗത്തിന്‍റെ ഇരയായി, തലയിൽ നീർക്കെട്ടിന്‍റെ അസുഖവുമായി ചികിത്സയിൽ കഴിഞ്ഞിരുന്ന മുതലമട വെള്ളാരംകടവ് ബാപുപതി കോളനിയിലെ ശെന്തിൽകുമാർ-ധനലക്ഷ്മി ദമ്പതികളുടെ മകൾ ഹേമലത കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
സമാന ആരോഗ്യപ്രശ്നങ്ങളുള്ള നൂറ്റിഎൺപതിലധികം എൻഡോസൾഫാൻ ഇരകളെ ആരോഗ്യവകുപ്പിന്‍റെ പ്രാഥമിക പരിശോധനയിൽ മുതലമടയിൽ കണ്ടെത്തിയിരുന്നു. മാവിൻതോട്ടങ്ങളിൽ താമസിക്കുന്നവരും തോട്ടങ്ങളിൽ തൊഴിലെടുക്കുന്നവരുമായ കുടുംബങ്ങളിലുള്ളവരായിരുന്നു ഇവരെല്ലാവരും.
കാസർകോട്ടെ എൻഡോസൾഫാൻ ഇരകൾക്ക് സമാനമായ ആരോഗ്യപ്രശ്നങ്ങളും ലക്ഷണങ്ങളുമാണ് ഇവരിലുള്ളതെന്ന് തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ കണ്ടെത്തിയിരുന്നു. എന്നാൽ, ഈ രോഗികളുടെ ചികിത്സക്കും പുനരധിവാസത്തിനും സർക്കാർ കാര്യമായ നടപടി സ്വീകരിച്ചില്ലെന്ന് ആദിവാസി സംരക്ഷണസംഘം കൺവീനർ നീളപ്പാറ മാരിയപ്പൻ പറയുന്നു.
2010ൽ ദേശീയ മനുഷ്യാവകാശ കമീഷൻ ചെയർമാൻ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ കാസർകോട് എൻഡോസൾഫാൻ ഇരകളെ സന്ദർശിക്കാനെത്തിയപ്പോൾ സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് പാലക്കാട് ജില്ല ഘടകവും പാലക്കാട് എൻഡോസൾഫാൻ വിരുദ്ധ സമിതിയും മുതലമടയിലെ എൻഡോസൾഫാൻ ഇരകളുടെ പ്രശ്നപരിഹാരത്തിന് നിവേദനം നൽകിയിരുന്നു. തുടർന്ന്, മുതലമടയിലെ എൻഡോസൾഫാൻ ഇരകളുടെ പ്രശ്നങ്ങൾ സംബന്ധിച്ച് സമഗ്രപഠനം നടത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമീഷൻ ചെയർമാൻ നിർദേശിച്ചു. ഈ നിർദേശവും നടപ്പായിട്ടില്ല.
തൃശൂർ മെഡിക്കൽ കോളജ് സംഘം ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തിയ 128 രോഗികളിൽ 14 പേർ ഇതിനകം മരിച്ചു. കൂലിവേല ചെയ്തു ജീവിക്കുന്ന ദരിദ്രകുടുംബങ്ങളിലെ കുട്ടികളാണ് കീടനാശിനിപ്രയോഗത്തിന്‍റെ ഇരകളായി മതിയായ ചികിത്സ കിട്ടാതെ ദുരിതത്തിൽ കഴിയുന്നത്.
ഇവർക്ക് അടിയന്തരമായി തുടർചികിത്സ നൽകണമെന്ന് എൻഡോസൾഫാൻ വിരുദ്ധസമിതി സെക്രട്ടറി ദേവൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.