കണ്യാർകളി ആശാന് വിട
text_fieldsകൊല്ലങ്കോട്: കണ്ണ്യാർകളിയുടെ പര്യായമായി ആറര പതിറ്റാണ്ടിലധികം ദേശങ്ങളിൽ തലയുയർത്തി നിന്ന ദ്വാരകാ കൃഷ്ണൻ ആശാൻ ഇനി ഓർമ മാത്രം. പ്രിയപ്പെട്ട ആചാര്യന് പ്രണാമമർപ്പിക്കാൻ നൂറുകണക്കിന് ശിഷ്യൻമാരാണ് പല്ലശ്ശനയിലെത്തിയത്.
ശാരീര സൗകുമാര്യവും ഗളശോഭിതവും ശ്രുതിമോഹനത്തിലുമുള്ള കണ്യാർകളിയിലെ ഗാനത്തിന് അയൽനാടുകൾ പോലും കാതോർത്തിരുന്നു.
കുറത്തി വേഷത്തിൽ ആശാൻ പദം പാടി നിറയുമ്പോൾ സദസ്സാകെ ശാന്തമായിരുന്ന കാലത്തെക്കുറിച്ച് ദേശവാസികൾക്ക് ആയിരം നാവാണ്. ചിറ്റൂർ, ആലത്തൂർ താലൂക്കുകളിൽ മാത്രം നിലനിന്നിരുന്ന കണ്യാർകളിയെ ദേശമാകെ ഉയർത്തിയ കലാകാരനായിരുന്നു ദ്വാരകാശാനെന്ന് അറിയപ്പെട്ടിരുന്ന കൃഷ്ണൻ.
വാമൊഴിയായി തലമുറകൾ കൈമാറിയ ഒരു കലാരൂപത്തിന് പ്രാദേശികാതിർത്തികൾ കടന്ന് പ്രചാരം നൽകാൻ പ്രവർത്തിച്ച ആശാൻ സംസ്ഥാനത്തിെൻറ മുതൽക്കൂട്ടാണെന്ന് കെ. ബാബു എം.എൽ.എ പറഞ്ഞു.
അദ്ദേഹത്തിന് മുമ്പ് പലരും കണ്യാർകളിയിൽ ഉണ്ടായിട്ടുണ്ട് എന്നാൽ, ഈ കലാരൂപത്തെ ഇഷ്ടപ്പെടുന്ന എല്ലാവരുടെ മനസ്സിലും ആദ്യം എത്തുന്നത് ദ്വാരകാ കൃഷ്ണനാണ്. ആശാൻ കളിക്കുന്നതിനെ അനുകരിച്ച് അഞ്ഞൂറിലധികം ശിഷ്യൻമാരാണ് വിവിധ ദേശങ്ങളിലായി കണ്യാർകളി അവതരിപ്പിച്ചത്. സ്ത്രീകളും പുരുഷൻമാരും കുട്ടികളും ഉൾപ്പെടെ കണ്യാർകളിയെ ഇഷ്ടപ്പെടുന്ന നൂറുകണക്കിന് പേർ കൊങ്ങശ്ശേരി വീട്ടിൽ ദ്വാരക കൃഷ്ണനെ അവസാനമായി കാണാൻ എത്തിയിരുന്നു. ബുധനാഴ്ച ഉച്ചക്ക് രണ്ടിന് തൂറ്റിപ്പാടം ശ്മശാനത്ത് സംസ്കാരം നടന്നു. തുടർന്ന് പല്ലശ്ശന ക്ഷേത്രമുറ്റത്ത് ചേർന്ന അനുശോചന യോഗത്തിൽ ജനപ്രതിനിധികൾ, സാംസ്കാരിക പ്രമുഖർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.