സൈക്കിൾ സവാരിയിൽ ‘ഫ്രീക്കായി’ ഫോർട്ട് പെഡലേഴ്സ്
text_fieldsകല്ലടിക്കോട്: സൈക്കിൾ വെറുമൊരു ഇരുചക്രവാഹനമല്ലെന്ന് തെളിയിക്കുകയാണ് മൂന്ന് വർഷമായി പ്രവർത്തിക്കുന്ന ഫോർട്ട് പെഡലേഴ്സ് പാലക്കാട്. സൈക്കിൾ ക്ലബ് എന്നതിലുപരി നാട്ടിലുള്ള സേവന നിരതരായ ഒരുകൂട്ടം യുവാക്കളുടെ നിരതന്നെ ഇതിനകം ക്ലബിലെ അംഗങ്ങളായി.
തുടക്കത്തിൽ വിരലിലെണ്ണാവുന്ന അംഗങ്ങൾ മാത്രമുള്ള സൈക്കിളിങ് ക്ലബ് ഗ്രാമ-നഗരാതിർത്തികൾ താണ്ടി ഏഷ്യൻ വൻകരയോളം വളർന്ന മഹാപ്രസ്ഥാനമായി മാറിയത് മൂന്ന് വർഷക്കാലയളവിനുള്ളിലാണ്. നാട്ടിലും വിദേശത്തുമുള്ള സേവന സന്നദ്ധരായ യുവാക്കൾക്ക് ആരോഗ്യ സംരക്ഷണത്തിനും കായിക വിനോദത്തിനും പരിസ്ഥിതി സൗഹൃദ വാഹനമായി വളർത്താൻ സൈക്കിളെന്ന ഇരുചക്രവാഹനത്തെ ഉപാധിയാക്കിയാണ് ഫോർട്ട് പെഡലേഴ്സ് പ്രവർത്തിക്കുന്നത്. ഗൾഫിലുള്ള ക്ലബ് അംഗങ്ങൾ അവധി ദിനങ്ങളിൽ കൊച്ചുഗ്രാമങ്ങളിലെ ഗിരിശൃംഖങ്ങളിൽനിന്ന് തുടങ്ങിവെച്ച പരിസ്ഥിതി സൗഹൃദ സന്ദേശ യാത്രക്ക് നിരവധിപേർ വലുപ്പചെറുപ്പമില്ലാതെ ആവേശത്തോടെ വരുന്നതായി ക്ലബ് ഭാരവാഹികൾ ‘മാധ്യമ’ത്തോട് പറഞ്ഞു.
60 സാഹസിക സൈക്കിൾ സവാരി സംഘടിപ്പിച്ചു. ഏറ്റവും ഒടുവിൽ കല്ലടിക്കോട് കേന്ദ്രീകരിച്ച് സംഘടിപ്പിച്ച മെഗാസൈക്കിൾ റാലി സ്വാതന്ത്ര്യദിന സന്ദേശ പ്രചാരണം മുൻനിർത്തിയായിരുന്നു. 155 സ്ഥിരം അംഗങ്ങൾ ഈ വേദിയിലുണ്ട്. സാമൂഹിക മാധ്യമ കൂട്ടായ്മയിൽ 475 പേരുണ്ട്.
സൈക്കിളിങ് പ്രകൃതിക്ക് ഇണങ്ങുന്ന മാധ്യമമാണ്. ഇക്കാര്യം അംഗീകരിക്കുന്ന 15 വയസ്സ് മുതൽ 70 വയസ്സ് വരെ പ്രായമുള്ളവർ പെഡലഴ്സ് ഫോർട്ടിൽ അംഗങ്ങളാണ്. വിദ്യാർഥികൾ, വിരമിച്ച ഉദ്യോഗസ്ഥർ, വിമുക്ത ഭടന്മാർ, സൈനികർ, ഡോക്ടർമാർ എന്നിവർ അംഗങ്ങളാണ്. സൈക്കിളിങ് അംഗീകൃത കായിക വിനോദം എന്നതിലുപരി ശീലമാക്കണമെന്നാണ് ക്ലബിന്റെ സന്ദേശം. സൈക്കിൾ സവാരി സൗഹൃദ കൂട്ടായ്മയായ ഫോർട്ട് പെഡലേഴ്സിന്റെ പ്രസിഡന്റ് പി. വേണുഗോപാലാണ്. ഡോ. അഫ്ത്താബ് ഹുസൈനാണ് സെക്രട്ടറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.