കൈത്താങ്ങ് കാത്ത് കൈത്തറി മേഖല
text_fieldsകൊല്ലങ്കോട്: നിലനിൽപ്പ് ഭീഷണിയിലായ കൈത്തറി മേഖല സർക്കാറിന്റെ കൈത്താങ്ങിനായി കാത്തിരിക്കുന്നു. കൊല്ലങ്കോട്, വടവന്നൂർ, പെരുവെമ്പ്, ചിറ്റൂർ, തത്തമംഗലം, നെന്മാറ തുടങ്ങിയ പ്രദേശങ്ങളിൽ ആയിരത്തിലധികം കൈത്തറി നെയ്ത്ത് കുടുംബങ്ങളാണുള്ളത്. 30 വർഷം മുമ്പുവരെ സജീവമായിരുന്ന കൈത്തറി വസ്ത്ര നിർമാണ മേഖല നിലവിൽ എട്ടിൽ ഒന്നായി ചുരുങ്ങുന്ന അവസ്ഥയിലാണ്.
ഓണക്കാലത്ത് മാത്രമാണ് ഇവ ചലിക്കുന്നത്. കൊല്ലങ്കോട് മേഖലയിൽ മാത്രം 300 കുടുംബങ്ങളാണ് കൈത്തറി നെയ്ത്ത് വസ്ത്രങ്ങൾ നെയ്തെടുത്ത് വിൽപന നടത്തി ഉപജീവന മാർഗം തേടിയിരുന്നത്.
നിലവിൽ ഇത് പത്തിലൊന്നായി കുറഞ്ഞു. കൂലി കുറവും നൂലിന്റെയും ബന്ധപ്പെട്ട ഉൽപന്നങ്ങളുടെയും വില വർധിച്ചതും അത്യാധുനിക യന്ത്രങ്ങളുടെ വരവും തകർച്ചയുടെ കാരണമാണ്. വിവിധ പ്രദേശങ്ങളിൽ കൈത്തറി സഹകരണ സംഘങ്ങളിലൂടെയാണ് നിലവിൽ നെയ്ത്തും വസ്ത്ര ഉൽപാദനവും വിൽപനയും നടക്കുന്നത്. കൊല്ലങ്കോട് പഞ്ചായത്തിലെ നെയ്ത്ത് കുടുംബങ്ങളിൽ ഭൂരിഭാഗവും ഈ മേഖലയിൽനിന്ന് പിൻമാറി. കൈത്തറി വസ്ത്രത്തിന് ആവശ്യക്കാർ കുറഞ്ഞതും ആധുനിക യന്ത്രത്തിൽ ഉൽപാദിപ്പിക്കുന്ന വസ്ത്രത്തിന്റെ വിലക്കുറവും ഡിമാൻഡ് വർധിച്ചതും പരമ്പരാഗത വസ്ത്ര നിർമാണ മേഖലക്ക് കനത്ത തിരിച്ചടിയായതായി നാലര പതിറ്റാണ്ടിലധികമായി ഈ മേഖലയിൽ തൊഴിലെടുക്കുന്ന മേട്ടുപാളയം സ്വദേശി എൻ. പരമശിവൻ പറഞ്ഞു. നാടൻ കൈത്തറി യന്ത്രത്തിൽ ഒരു ദിവസം പണിയെടുത്താൽ രണ്ട് മുണ്ടുകൾ നെയ്തെടുക്കാം. 300 രൂപയാണ് ഇതിനുള്ള കൂലി. വ്യവസായ വകുപ്പാണ് ഇത്തരം സഹകരണ സംഘങ്ങളിലെ നെയ്ത്ത് യന്ത്രങ്ങൾ തകരാറിലാകുമ്പോൾ അറ്റകുറ്റപ്പണി ചെയ്യുന്നത്. നെയ്ത്ത് സംഘങ്ങളിൽ അത്യാധുനിക നെയ്ത്ത് യന്ത്രങ്ങൾ ലഭ്യമാക്കിയാൽ ശേഷിക്കുന്ന തൊഴിലാളികളെയെങ്കിലും സംരക്ഷിക്കാനാകുമെന്ന് ആദ്യകാല നെയ്ത്തുകാർ പറയുന്നു.
നൂൽ നിർമാണം മുതൽ നെയ്തെടുക്കുന്നത് വരെയുള്ള മേഖലയും നെയ്ത്ത് കഴിഞ്ഞ് വസ്ത്രങ്ങൾ പാക്ക് ചെയ്ത് വിൽപന കേന്ദ്രങ്ങളിൽ എത്തിക്കുന്ന മേഖലയും സജീവമാക്കാൻ ഓണത്തിനെങ്കിലും സർക്കാർ രംഗത്തിറങ്ങണമെന്നാണ് ഈ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.