അനധികൃത മണ്ണ് ഖനനം വ്യാപകം
text_fieldsകൊല്ലങ്കോട്: നെൽപാടങ്ങളിൽ അനധികൃത മണ്ണ് ഖനനം വ്യാപകമായിട്ടും നടപടിയെടുക്കാതെ റവന്യൂ- ജിയോളജി വകുപ്പുകൾ. ചുള്ളിയാർ, മീങ്കര ഡാമുകൾ ആഴം കൂട്ടുന്നതിന്റെ ഭാഗമായി എക്കൽമണ്ണ് ശേഖരിച്ച് വിൽപന നടത്തുന്നതിന്റെ മറവിലാണ് ചിലർ അനധികൃത മണ്ണ് ഖനനം നടത്തുന്നത്. ഇതുകൂടാതെ മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളിലെ തെന്മലയോര പ്രദേശങ്ങളായ വാഴപ്പുഴ, മാമണി, ചാത്തൻപാറ, മണ്ണാർകുണ്ട്, മാത്തൂർ, അടിവാരം, മേച്ചിറ, ചുക്രിയാൽ, പാത്തിപ്പാറ, ചപ്പക്കാട്, ചെമ്മണാമ്പതി, അണ്ണാനഗർ തുടങ്ങിയ പ്രദേശങ്ങളിലും മണ്ണെടുപ്പ് തുടരുകയാണ്. രാഷ്ടീയ പാർട്ടികളുടെ പിന്തുണയോടെ നടക്കുന്ന ഖനനത്തിനെതിരെ റവന്യൂ, ജിയോളജി, കൃഷി വകുപ്പുകൾ മൗനം തുടരുകയാണ്. കുളം, നെൽപാടം, ചെറുകുന്നുകൾ എന്നിവയെ തകർത്താണ് ഖനനം നടക്കുന്നത്. ഇഷ്ടികക്കളങ്ങളും ഓട്ടുകമ്പനികളുമാണ് ഖനനം നടത്തിയ മണ്ണ് ഉപയോഗിക്കുന്നത്. ഈ മണ്ണ് ഇഷ്ടിക രൂപത്തിലാക്കി തൃശൂർ, എറണാകുളം, കോട്ടയം ജില്ലകളിലേക്ക് കടത്തുന്നവരുമുണ്ട്. കഴിഞ്ഞ ആറ് വർഷത്തിനിടെ തഹസിൽദാർ, ഡെപ്യൂട്ടി കലക്ടർ, ജില്ല കലക്ടർ എന്നിവർ വരെ എത്തി അനധികൃത മണ്ണ് ഖനനം, അനധികൃത ഇഷ്ടികക്കളം എന്നിവക്കെതിരെ നടപടിയെടുത്തിട്ടും വീണ്ടും അതേ പ്രദേശങ്ങളിൽ ഉദ്യോഗസ്ഥരെ പോക്കറ്റിലാക്കി ഖനനം തുടരുകയാണ്.
നെൽവയൽ തണ്ണീർത്തട നിയമങ്ങൾ കാറ്റിൽ പറത്തി നടത്തുന്ന ഖനനത്തിന് തടയിടാൻ ആരും തയാറാവാത്തതിനാൽ മണ്ണെടുത്ത ഗർത്തങ്ങൾ അനുദിനം വർധിക്കുകയാണ്. 20-45 അടിയിലധികം താഴ്ചയുള്ള ഗർത്തങ്ങൾ കാരണം പരിസര പ്രദേശങ്ങളിലെ പാടങ്ങളിൽ നെല്ല്, പച്ചക്കറി കൃഷിയിറക്കാൻ സാധിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. വില്ലേജ്, പഞ്ചായത്ത്, കൃഷി അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. ജില്ല കലക്ടർ, ജിയോളജി വകുപ്പ്, പ്രിൻസിപ്പൽ കൃഷി ഓഫിസർ എന്നിവരുടെ നേതൃത്വത്തിൽ തെന്മല അടിവാരത്തിൽ പരിശോധന നടത്തി നടപടിയെടുക്കണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം.
നാല് ടിപ്പറും ഒരു മണ്ണുമാന്തി യന്ത്രവും പിടികൂടി
കൊല്ലങ്കോട്: അനധികൃത മണ്ണ് ഖനനം നടത്തിയ നാല് ടിപ്പർ ലോറിയും ഒരു മണ്ണുമാന്തി യന്ത്രവും പൊലീസ് പിടികൂടി. മുതലമട നറിപ്പാറ ചള്ളയിൽ തണ്ണീർത്തട പ്രദേശങ്ങളിൽ അനധികൃതമായി നടത്തിയ മണ്ണ് ഖനന പ്രദേശത്ത് എത്തിയാണ് കൊല്ലങ്കോട് സബ് ഇൻസ്പെക്ടർ പി. സുചിത് നടപടിയെടുത്തത്. പിടിച്ചെടുത്ത വാഹനങ്ങൾ ജിയോളജി വകുപ്പിന് കൈമാറുമെന്ന് പൊലീസ് പറഞ്ഞു. മുതലമടയിൽ ഖനനം ചെയ്യുന്ന മണ്ണ് പട്ടഞ്ചേരി, വടവന്നൂർ, പെരുവെമ്പ് പഞ്ചായത്തുകളിലെ ഇരുപൂവൽ പാടശേഖരങ്ങൾ നികത്താനും ഉപയോഗപ്പെടുത്തുന്നതായി നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.