നോക്കുകുത്തിയായി കൊല്ലങ്കോട് ബസ് സ്റ്റാൻഡ്
text_fieldsകൊല്ലങ്കോട്: ടൗണിൽ ഗതാഗതക്കുരുക്ക് വർധിക്കുമ്പോഴും ബസ് സ്റ്റാൻഡ് നോക്കുകുത്തിയായി തുടരുന്നു. പൊലീസ് നടപടി സ്വീകരിക്കാത്തത് വഴിയാത്രക്കാർക്കും വിദ്യാർഥികൾക്കും ദുരിതമായെന്ന് നാട്ടുകാർ. ലക്ഷങ്ങൾ വകയിരുത്തി ബസ് സ്റ്റാൻഡ് നിർമിച്ചിട്ടും ബസുകൾ സ്റ്റാൻഡിൽ കയറാതെ കൊല്ലങ്കോട് ടൗണിൽ തന്നെ നിർത്തിയിടുന്നതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. ദിനംപ്രതി 200ൽ അധികം ബസുകൾ വന്നുപോകുന്ന ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ 2007ൽ പ്രവർത്തനം ആരംഭിച്ച ബസ് സ്റ്റാൻഡ് സജീവമാക്കാൻ മുമ്പ് പൊലീസ് സജീവമായി ഇടപെട്ടിരുന്നുവെങ്കിലും കോവിഡിനു ശേഷം ബസുകൾ സ്റ്റാൻഡിൽ കയറാൻ പൊലീസ് നടപടിയെടുക്കുനില്ല. ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിൽ ടൗണിൽ ഗതാഗതം നിയന്ത്രിക്കണമെന്ന് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ നിർദേശമുണ്ടായിരുന്നെങ്കിലും ഒന്നും നടപ്പായില്ല. മൂന്നു വർഷത്തിലധികമായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം വിളിച്ചു ചേർത്തിട്ട്.
കൊല്ലങ്കോട് ബ്ലോക്ക് ഓഫിസ് റോഡിനെ കോവിഡിനു മുമ്പ് ബൈപ്പാസ് ആക്കിയിട്ടുണ്ടെങ്കിലും ഇതിന്റെ ഇരുവശങ്ങളിലുമായി വാഹനങ്ങൾ തലങ്ങും വിലങ്ങും സർവിസ് നടത്തുന്നതിനാൽ ടൗണിൽ ഗതാഗതക്കുരുക്ക് വിട്ടൊഴിയാത്ത സാഹചര്യമാണ്. പാലക്കാട് റോഡിലെ ബസ് സ്റ്റോപ്പ് കൈയേറി ഓട്ടോകൾ നിർത്തിയിടുന്നത് ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്നു. പല തവണ പൊലീസിൽ അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല. ബസുകൾ കയറായതോടെ സ്റ്റാൻഡിൽ സാമൂഹികവിരുദ്ധരുടെ ശല്യം വർധിച്ചിട്ടുണ്ട്. 16 കടമുറികൾ ഉള്ള ബസ്റ്റാൻഡ് കോംപ്ലക്സിൽ നാല് ഷോപ്പുകൾ മാത്രമാണ് തുറന്നിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പ്, പൊലീസ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വ്യാപാരി വ്യവസായി ഭാരവാഹികൾ, ഓട്ടോ-ടാക്സി ഭാരവാഹികൾ, വിവിധ രാഷ്ട്രീയ പാർട്ടി ഭാരവാഹികൾ എന്നിവരെ ഉൾപ്പെടുത്തി നിലച്ചുപോയ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം വിളിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതിനിടെ, ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്താൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ യോഗം അടിയന്തിരമായി വിളിച്ചുചേർക്കുമെന്ന് കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.