കതിരിട്ട കർഷകസ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തി ലക്ഷ്മിരോഗം
text_fieldsകൊല്ലങ്കോട്: കതിരുകൾ നിറഞ്ഞ നെൽപാടങ്ങളിൽ ലക്ഷ്മിരോഗം പടരുന്നു. മുന്നറിയിപ്പുമായി കൃഷിവകുപ്പ്. കൊല്ലങ്കോട് തെന്മലയോര പ്രദേശങ്ങളിലാണ് കതിര് വരുന്ന സമയത്ത് ഫംഗസ് ഇനത്തിൽ പെടുന്ന ലക്ഷ്മിരോഗ ലക്ഷണങ്ങൾ കണ്ടുവരുന്നത്. വിളഞ്ഞുവരുന്ന കതിരുകളിലെ ചില നെന്മണികൾ മഞ്ഞനിറത്തിൽ ഉരുണ്ട് പഞ്ഞി പോലെ കാണപ്പെടുകയും ശേഷം അവ കടുംപച്ച നിറത്തിലോ കറുപ്പ് നിറത്തിലോ ആയി മാറുന്ന അവസ്ഥയാണ് ലക്ഷ്മിരോഗം. നെൽ കതിരിലെ കുറച്ച് നെന്മണികൾ മാത്രമേ രോഗത്തിന് വിധേയമാകുന്നത്. വായുവിലൂടെയാണ് വേഗത്തിൽ പടരുന്ന ഈ രോഗം ചെറിയ രോഗമായി കഴിഞ്ഞവർഷങ്ങളിൽ കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും അടുത്ത കാലത്തായി ലക്ഷ്മി രോഗം ചില മലയോര പ്രദേശങ്ങളിൽ ഒരു പ്രധാന രോഗമായി മാറിയിരിക്കുന്നതായി അധികൃതർ പറഞ്ഞു. ലക്ഷ്മിരോഗം ബാധിച്ച പാടങ്ങളിലെ വിളവിൽ 40 ശതമാനം വരെ ഗണ്യമായ നഷ്ടമുണ്ടാ ക്കുന്നതായി കൊല്ലങ്കോട് കൃഷിഭവൻ വിള ആരോഗ്യകേന്ദ്രം അധികൃതർ കണ്ടെത്തി.
രോഗബാധ കൂടുതലുള്ള സ്ഥലങ്ങളിൽ കുമിൾനാശിനികളായ കാർബെന്റാസിം 50 ഡബ്ല്യു പി (ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) അല്ലെങ്കിൽ പ്രൊപികൊണാസോൾ (ഒരുമില്ലി ഒരു ലിറ്റർ വെള്ളത്തിൽ) അല്ലെങ്കിൽ മാങ്കോസെബ് 75 ഡബ്ല്യു പി (മൂന്ന് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) 50 ശതമാനം കതിരുകൾ വരുമ്പോൾ തളിക്കണമെന്ന് കൊല്ലങ്കോട് കൃഷിഭവൻ വിള ആരോഗ്യകേന്ദ്രം അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.