കാളികുളമ്പ്, കൊശവൻകോട് പ്രദേശങ്ങളിൽ വീണ്ടും പുലി
text_fieldsകൊല്ലങ്കോട്: കാളികുളമ്പ്, കൊശവൻകോട് പ്രദേശങ്ങളിൽ വീണ്ടും പുലിയെ കണ്ടു. രണ്ടാഴ്ച മുമ്പ് കൊട്ടകുറുശിയിൽ പുലി കുടുങ്ങിയ സ്ഥലത്തുനിന്ന് ഒന്നര കിലോമീറ്റർ മാറിയാണ് കൊശവൻകോട് പ്രദേശത്ത് പ്രദേശവാസികൾ വലിയ പുലിയെ കണ്ടത്. ചിരണി, കാളികുളമ്പ് സ്വദേശികളായ കെ. കൃഷ്ണൻകുട്ടി, വി. അർജുനൻ, കെ. പൊന്നു, മുജീബ് എന്നിവരാണ് ചൊവ്വാഴ്ച പുലർച്ചെ ആറരക്ക് കൃഷിയിടങ്ങളിലേക്ക് പോകുമ്പോൾ നെൽപാടത്തിന് നടുവിലൂടെ പുലി ജനവാസമേഖലക്കടുത്തുള്ള പാറപ്പുറത്ത് കയറിയത് കണ്ടത്.
രാമകൃഷ്ണന്റെ കൃഷിയിടത്തിലെ കളപ്പുരക്കകത്തുകൂടെയാണ് പുലിയിറങ്ങി വന്നതെന്ന് കണ്ടവർ പറഞ്ഞു. 30 ഏക്കർ വിസ്തൃതിയുള്ള കാളികുളമ്പിലെ വനംവകുപ്പിന്റെ സ്ഥലത്തിനകത്താണ് ഇപ്പോൾ പുലിയുള്ളതെന്ന് നാട്ടുകാർ പറയുന്നു. ഇതിന് ചുറ്റും ജനവാസ മേഖലയാണ്.
പുലിയുടെ സാന്നിധ്യം നിരന്തരമുണ്ടാകുന്നത് നാട്ടുകാരെ ഭീതിയിലാക്കി. കഴിഞ്ഞയാഴ്ച കൊട്ടകുറുശിയിൽ പുലി കെണിയിൽ കുടുങ്ങി ചത്ത സംഭവത്തെ തുടർന്ന് കൂടുതൽ പുലികൾ പ്രദേശത്തുണ്ടെന്ന് നാട്ടുകാർ അന്നുതന്നെ വനംവകുപ്പിന് വിവരങ്ങൾ നൽകിയിരുന്നു. പുലിയെ കൂട് സ്ഥാപിച്ച് പിടികൂടി പറമ്പിക്കുളത്ത് എത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനംവകുപ്പ് നേതൃത്വത്തിൽ സംഘം സ്ഥലം പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.