ചീരണിയിൽ പുലിയിറങ്ങി
text_fieldsകൊല്ലങ്കോട്: ചീരണിയിൽ ജനവാസ മേഖലയിലിറങ്ങിയ പുലി വളർത്തു നായ്ക്കളെ കൊണ്ടുപോയി. ഇതോടെ നാട്ടുകാർ ഭീതിയിലാണ്.
കൊല്ലങ്കോട് ചീരണി മണ്ണുമടയിലെത്തിയ പുലി പ്രദേശവാസികളായ ബിനു, കൊശവൻ കോട് വിശ്വനാഥൻ, ചിരണി സുരേന്ദ്രൻ എന്നിവരുടെ നാല് നായ്ക്കളെയാണ് കൊണ്ടുപോയത്. ജനം തിങ്ങിത്താമസിക്കുന്ന പ്രദേശങ്ങളിലാണ് ബുധനാഴ്ച വൈകുന്നേരവും വ്യാഴാഴ്ച പുലർച്ചെയുമായി പുലിയെത്തിയത്. നായയെ കടിച്ചു കൊണ്ടുപോകുന്നത് കള്ള് ചെത്തുന്നതിനായി പനയിൽ കയറി വിജയൻ പ്രദേശവാസി കണ്ടതായി പറയുന്നു.
കഴിഞ്ഞ ദിവസം കാളികുളമ്പ്, കൊശവൻകോട് എന്നിവിടങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. തുടർന്ന് കൊശവൻകോട്ടിൽ വനംവകുപ്പ് രണ്ട് സി.സി.ടി.വി കാമറ സ്ഥാപിച്ചു. പക്ഷെ, പുലിയുടെ ദൃശ്യങ്ങളൊന്നും കാമറയിൽ കിട്ടിയിട്ടില്ല. അതേസമയം, പുലിയുടെ കാൽപ്പാടുകൾ പ്രദേശത്ത് വനംവകുപ്പ് സ്ഥിരീകരിച്ചു.
500ലധികം വിദ്യാർഥികൾ മൂന്നു വിദ്യാലയങ്ങളിലേക്ക് പോകുന്ന പ്രദേശത്ത് കണ്ട പുലിയെ പിടികൂടാൻ വനം വകുപ്പ് നടപടി ആരംഭിച്ചില്ലെങ്കിൽ സമരത്തിന് ഇറങ്ങുമെന്നും നാട്ടുകാരും പാരന്റ്സ് കോഓഡിനേഷൻ ഫോറം പ്രസിഡന്റ് എ.കെ. അജിത്കുമാറും പറഞ്ഞു.
പുള്ളപ്പറമ്പ്, കാളികുളമ്പ്, ചീരണി പ്രദേശങ്ങളിൽ ആയിരത്തിലധികം കുടുംബങ്ങളാണ് വസിക്കുന്നത്. ഈ മൂന്ന് പ്രദേശങ്ങൾക്ക് മധ്യഭാഗത്താണ് ചീരണി പുറ എന്ന കുന്നുള്ളത്. ഈ കുന്നിൽനിന്നാണ് പുലിയിറങ്ങിയതെന്നും കുട്ടികളെ സ്കൂളിൽ വിടാൻ പോലും ഭീതിയാണെന്നും രക്ഷിതാക്കൾ പറഞ്ഞു.
അതേസമയം, പുലിയ കണ്ടെത്താനുള്ള ശ്രമം നടത്തുമെന്നും കൂട് സ്ഥാപിക്കാൻ നെന്മാറ ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ സർക്കാറിന് അപേക്ഷ നൽകിയതായും കൊല്ലങ്കോട് വനം ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.