മംഗലം-ഗോവിന്ദാപുരം അന്തർസംസ്ഥാന പാത; അപകടക്കെണിയായി 36 വൈദ്യുതി തൂണുകൾ
text_fieldsകൊല്ലങ്കോട്: മംഗലം-ഗോവിന്ദാപുരം അന്തർസംസ്ഥാന പാതയിൽ അപകടഭീഷണിയിലുള്ളത് 36 വൈദ്യുതി തൂണുകൾ. ഗോവിന്ദാപുരം മുതൽ വടക്കഞ്ചേരി മംഗലം വരെയാണ് റോഡിലേക്ക് ചരിഞ്ഞ് അപകടകരമായി നിൽക്കുന്ന കോൺക്രീറ്റ്-ഇരുമ്പ് വൈദ്യുത തൂണുകളുള്ളത്.
പുതൂർ, ആട്ടയാമ്പതി, വലിയചള്ള, കാമ്പ്രത്ത്ചള്ള, പോത്തമ്പാടം, നന്ദൻകിഴായ, മാഞ്ചിറ, ബംഗ്ലാമേട്, കുതിരമൂളി, നെടുമണി, കുരുവിക്കൂട്ടുമരം, കൊല്ലങ്കോട് ടൗൺ, അരുവവന്നൂർ പറമ്പ്, വട്ടേക്കാട്, കരിങ്കുളം, കുമ്പളക്കോട്, വിത്തനശ്ശേരി, നെന്മാറ, കടമ്പടി, മുടപ്പല്ലൂർ, മംഗലം, വടക്കഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലാണ് ഇവയുള്ളത്. ഇവ ഉടൻ മാറ്റിസ്ഥാപിക്കണമെന്ന് ബസ്, ലോറി ഡ്രൈവർമാരും നാട്ടുകാരും ആവശ്യപ്പെട്ടു. എതിർദിശകളിൽ വരുന്ന വലിയ വാഹനങ്ങൾ വഴിവിടുന്ന സമയങ്ങളിലാണ് വൈദ്യുതിതൂണുകളിലേക്ക് വാഹനങ്ങൾ തട്ടി അപകടങ്ങളുണ്ടാകുന്നത്.
മഴയിൽ ചരിഞ്ഞതും വാഹനങ്ങൾ ഇടിച്ച ശേഷം മാറ്റി സ്ഥാപിച്ചത് റോഡിലേക്ക് നീങ്ങിയതുമായ നിരവധി വൈദ്യുതി തൂണുകളാണുള്ളത്.ഇരുമ്പ് വൈദ്യുതി തൂണുകൾ മുറിഞ്ഞുപോകില്ല എന്ന കാരണം പറഞ്ഞാണ് അധികൃതർ ഇവ മാറ്റാതിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, രണ്ടിലധികം തവണ ഒരേ തൂണിൽ വാഹനങ്ങൾ ഇടിച്ചിട്ടും മാറ്റാത്തവ മംഗലം- ഗോവിന്ദാപുരം പാതയിലുണ്ട്. ഒരു മാസത്തിൽ ഒരു വൈദ്യുത തൂണെങ്കിലും ഇവിടെ ഇടിച്ച് തകരുന്നുണ്ട്. വൈദ്യുതി തൂണുകൾ സ്ഥാപിക്കുമ്പോൾ റോഡിന്റെ വീതി അളക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ചില വ്യാപാര സ്ഥാപനങ്ങൾ റോഡിന്റെ ടാറിങ് പ്രദേശംവരെ കൈയേറിയതിനാൽ വൈദ്യുതി തൂണുകൾ റോഡിലേക്ക് എത്തിയ അവസ്ഥയുമുണ്ട്.
റോഡ് വശങ്ങളിലെ കൈയേറ്റം ഒഴിപ്പിച്ച് വൈദ്യുതി തൂണുകൾ പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. തെരുവുവിളക്കുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ അടിയന്തരമായി സ്ഥാപിക്കണമെന്നും എല്ലാ വൈദ്യുതി തൂണുകളിലും റിഫ്ലാക്ടീവ് സ്റ്റിക്കറുകൾ പതിക്കണമെന്നും ആവശ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.