യുവാക്കളെ കാണാതായിട്ട് 27 മാസം; എങ്ങുമെത്താതെ അന്വേഷണം
text_fieldsകൊല്ലങ്കോട്: മുതലമടയിൽ ആദിവാസി യുവാക്കളെ കാണാതായി രണ്ട് വർഷവും മൂന്നു മാസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ക്രൈംബ്രാഞ്ച് ഇരുട്ടിൽ തപ്പുന്ന സാഹചര്യത്തിൽ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ചപ്പക്കാട് ആദിവാസി സങ്കേതത്തിൽ നിന്നുമാണ് സാമുവൽ(സ്റ്റീഫൻ-28), അയൽ വാസിയായ സുഹൃത്ത് മുരുകേ ശൻ (28) എന്നിവരെ കഴിഞ്ഞ 2021 ആഗസ്റ്റ് 30 മുതൽ കാണാതായത്.
രാത്രി ഇരുവരും സാമുവൽ ജോലി ചെയ്തിരുന്ന ചപ്പക്കാട് തോട്ടം ഭാഗത്തേക്ക് പോകുന്നതാണ് നാട്ടുകാർ അവസാനമായി കണ്ടത്. സാമുവൽ ഉപയോഗിച്ചിരുന്ന ഫോൺ അന്നുരാത്രി 10.30 മുതലാണ് ഓഫായത്. രാവിലെ മുതൽ വിളിച്ചിട്ടും കിട്ടാതായതിനാൽ പരാതി പൊലീസിലെത്തി. തുടക്കത്തിൽ കൊല്ലങ്കോട് പൊലീസ് സജീവമായി അന്വേഷണം നടത്തിയിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണവും ഫലവത്തായില്ല. പൊലീസ് നായെ ഉപയോഗിച്ച് സ്വകാര്യ തോട്ടങ്ങളിലും വനപ്രദേശത്തും പരിശോ ധന നടത്തിയിരുന്നു. പിന്നീട് മണ്ണിനടിയിലുള്ള മൃതശരീരം തിരിച്ചറിയാൻ ശേഷിയുള്ള ബെൽജിയം ഇനം നായെ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.
ഡ്രോൺ പറത്തിയും വനം വകുപ്പിനൊപ്പം വനത്തിലും സ്വകാര്യ തോട്ടങ്ങളിലുമെല്ലാം പൊലീസ് പരിശോധന നടത്തി. അഗ്നിരക്ഷാസേന ദിവസങ്ങളോളം ചപ്പക്കാട് മേഖലയിലെ തോട്ടങ്ങളിലെ കൊക്കർണികൾ, കിണറുകൾ എന്നിവയിൽ പാതാളകരണ്ടി ഉൾപ്പെടെയുള്ളവകൊണ്ട് തിരച്ചിൽ നടത്തിയിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ തിരോധാനം സംബന്ധിച്ച പരാതിക്ക് പരിഹാരമാകുമെന്ന പ്രതീക്ഷ ഇല്ലാതായതായി ചപ്പക്കാട് വാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.