നായാടി കോളനി വികസനം: കടലാസിൽതന്നെ
text_fieldsകൊല്ലങ്കോട്: ആണ്ടികുളമ്പ് നായാടി കോളനിയിൽ ഒരു കോടിയുടെ വികസനം കടലാസിൽതന്നെ. 2016 മാർച്ചിൽ ആരംഭിച്ച ഒരു കോടി രൂപയുടെ മാതൃക കോളനി പദ്ധതിയാണ് 70 ശതമാനവും പൂർത്തിയാകാതെ കിടക്കുന്നത്. വീടുകളുടെ നവീകരണം, ജലസംഭരണി, കുടിവെള്ള കണക്ഷൻ, കോൺക്രീറ്റ് റോഡ്, കുഴൽ കിണർ, തെരുവ് വിളക്ക്, സ്ത്രീ ശാക്തീകരണം എന്നിവയാണ് ഒരു കോടി രൂപയുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. എന്നാൽ നാല് വർഷമായും കുടിവെള്ള പദ്ധതി, ഭവന നവീകരണം, ജലസംഭരണി, കമ്യൂണിറ്റി ഹാൾ, വായനശാല നവീകരണം എന്നിവ നടന്നിട്ടില്ല. നൂറിലധികം കുടുംബങ്ങൾ വസിക്കുന്ന നായാടി കോളനിയിൽ റോഡ് വികസനം പൂർണമായും നടപ്പിലായിട്ടില്ലെന്ന് കോളനിവാസി വിജയൻ പറയുന്നു. നിർമിതി കേന്ദ്രം ഏറ്റെടുത്ത പ്രവൃത്തികൾ കൃത്യമായി നടക്കാത്തതിനാൽ വീടുകളിൽ കുടിവെള്ള കണക്ഷൻ നൽകിയെങ്കിലും വെള്ളമില്ല.
ജലസംഭരണി ഇല്ലാത്തതിനാൽ പൊതുടാപ്പിൽ ഒന്നിടവിട്ട ദിവസങ്ങളിലെത്തുന്ന ജലം മാത്രമാണ് ആശ്രയമെന്ന് കോളനിയിലെ വീട്ടമ്മമാർ പറയുന്നു. കമ്യൂണിറ്റി ഹാളിനായി സ്ഥലം കണ്ടെത്തി കുഴൽകിണർ സ്ഥാപിച്ചെങ്കിലും തറകെട്ടൽ പോലും നടന്നില്ല. കോളനിയിലെ തെരുവ് വിളക്കുകളിൽ അധികവും പ്രകാശിക്കാത്തവയാണ്.
വീഴാറായ വീടുകളിൽ വസിക്കാൻ സാധിക്കാതെ ഓലക്കുടിലുകൾ നിർമിച്ചാണ് 14ലധികം കുടുംബങ്ങൾ വസിക്കുന്നത്. പദ്ധതിയിലെ പാളിച്ചകൾക്കെതിരെ കോളനി വാസികൾ കലക്ടർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ജില്ല കലക്ടർ ബാലമുരളി രണ്ട് മാസങ്ങൾക്കു മുമ്പ് കോളനി സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.