ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയില്ല; അംബേദ്കർ കോളനിക്കാർ അനിശ്ചിതകാല സമരത്തിന്
text_fieldsകൊല്ലങ്കോട്: ഭവന പദ്ധതിയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് അംബേദ്കർ കോളനിവാസികൾ വീണ്ടും സമരത്തിലേക്ക്. 50 പട്ടികജാതി, പട്ടികവർഗ കുടുംബങ്ങളാണ് മുതലമട പഞ്ചായത്തിന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹത്തിന് തയാറെടുക്കുന്നത്. ഒക്ടോബർ 12ന് സമരം ആരംഭിക്കുമെന്ന് കോളനിവാസികൾ അറിയിച്ചു.
ഭവന പദ്ധതികൾക്ക് അപേക്ഷ നൽകി പതിറ്റാണ്ടുകൾ കഴിഞ്ഞും പരിഗണിക്കാത്തതിനെതിരെയാണ് സമരം. ഇതേ വിഷയത്തിൽ 2019 ജനുവരിയിൽ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലേക്ക് കോളനിവാസികൾ മാർച്ച് നടത്തിയിരുന്നു. തുടർന്ന് കലക്ടർക്ക് പരാതി നൽകിയതിെൻറ അടിസ്ഥാനത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുതലമട ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ചുമതല നൽകി.
കോളനിവാസികൾ അർഹരാണെന്നും ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടതായും സെക്രട്ടറി അറിയിച്ചെങ്കിലും നടപടികൾ ഉണ്ടായില്ലെന്ന് കോളനിവാസിയായ കെ. വിജയൻ പറഞ്ഞു. ഭവന പദ്ധതിക്കായി 2000ത്തിൽ അപേക്ഷ നൽകിയവരുടെ സാധ്യത പട്ടിക പൂർണമായി അട്ടിമറിച്ച ബ്ലോക്ക് പട്ടികജാതി ഓഫിസർക്കെതിരെയും പഞ്ചായത്ത് ലിസ്റ്റിൽ മുൻഗണന പട്ടിക അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെയും അർഹരായവരെ കണ്ടെത്തുന്നതിന് പകരം രാഷ്ട്രീയ വിവേചനം ഉണ്ടാക്കി ഭവന പദ്ധതികളിൽ തിരിമറി നടത്തിയവർക്കെതിരെയും നടപടിയെടുക്കണമെന്ന് കോളനിവാസികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.