കരിഞ്ഞുണങ്ങി നെൽപ്പാടം; ഹൃദയം വിണ്ടുകീറി കർഷകർ
text_fieldsകൊല്ലങ്കോട്: മഴയില്ല, ഡാമിലെ വെള്ളമെത്തിയില്ല, കൃഷിയെ സംരക്ഷിക്കാനുള്ള ഓട്ടത്തിലാണ് കർഷകർ. മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, വടവന്നൂർ, പുതുനഗരം, പെരുവെമ്പ്, കൊടുവായൂർ, പല്ലശ്ശന എന്നീ പഞ്ചായത്തുകളിൽ മഴയും ജലസേചന സൗകര്യങ്ങൾ ഇല്ലാതെ 400 ഏക്കറിലധികം ഉണങ്ങി.
ശേഷിക്കുന്നവ സംരക്ഷിക്കാൻ കുടിവെള്ളത്തിനുള്ള കിണറുകളിൽ നിന്നുവരെ വെള്ളം പമ്പ് ചെയുന്ന അവസ്ഥയിലാണ് കർഷകർ. ചുള്ളിയാർ ഡാമിൽനിന്നും അഞ്ച് ദിവസത്തേക്ക് ജലസേചനത്തിന് വെള്ളം തുറന്നത് തിങ്കളാഴ്ച അവസാനിക്കും.
എന്നാൽ ഡാമിൽനിന്നും രണ്ട് കിലോമീറ്റർ ദൂരപരിധിയിലുള്ള ചോറപ്പള്ളത്തിലേക്കുള്ള കനാലിൽ വെള്ളം എത്താത്തതിനാൽ 48 ഏക്കർ ഉണങ്ങി. കനാൽ, സ്ലൂയിസ് എന്നിവയുടെ ഷട്ടറുകൾ അറ്റകുറ്റപ്പണി ചെയ്യാത്തതും മാലിന്യം നീക്കാത്തതുമാണ് ചോറപ്പള്ളത്ത് വെള്ളം എത്താതിരിക്കാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
ഡാം തുറന്നിട്ടും പാടങ്ങൾ ഉണങ്ങുന്നതിന് പ്രധാന കാരണം കനാൽ പരിപാലനം നടക്കാത്തതുമൂലമാണെന്ന് മീങ്കര ചുള്ളിയാർ ജലസംരക്ഷണ സമിതി കൺവീനർ പി.എസ്. സതീഷ് പറഞ്ഞു. കാലാവസ് വ്യതിയാനവും കനാൽ സംവിധാനങ്ങളിലെ പാകപ്പിഴവുമാണ് പ്രതിസന്ധികൾക്ക് വഴിവെച്ചത്.
മഴ വീണ്ടും വൈകിയാൽ 10 വർഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും വലിയ ഉണക്കം നെൽകൃഷി മേഖല നേരിടുമെന്ന ഭീതിയിലാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.