റൈഡർമാർക്ക് റീൽസ് നാട്ടുകാർക്ക് ജീവഭയം...
text_fieldsകൊല്ലങ്കോട്: മേഖലയിൽ അമിതവേഗതയിൽ ബൈക്കോടിച്ചുള്ള അപകടങ്ങൾ വർധിച്ചുവരികയാണ്. കൊല്ലങ്കോടിനൻറെ സൗന്ദര്യം ആസ്വദിക്കാനായി എത്തുന്ന ചില ബൈക്ക് റൈഡർമാരാണ് അമിതവേഗത്തിൽ സഞ്ചരിച്ച് അപകടങ്ങൾ സൃഷ്ടിക്കുന്നത്. ബൈക്കിന്റെ മുന്നിലും ഹെൽമറ്റിലും കാമറകൾ സ്ഥാപിച്ചു അമിതവേഗത്തിൽ ഓടിക്കുന്നതുമൂലം നിരവധി അപകടങ്ങളാണ് ഇവർ വിളിച്ചുവരുത്തുന്നത്.
നെന്മേനി, തേക്കിൻചിറ, വരുത്തി, കാച്ചാങ്കുറുശ്ശി, നെടുമണി, വട്ടേക്കാട് എന്നിവിടങ്ങളിലെ ഇടവഴികളിലും ഗ്രാമീണ വഴികളിലുമാണ് ഇവരുടെ റൈഡ്. ഫോട്ടോഷൂട്ട്, വിഡിയോ ഷൂട്ട് എന്ന പേരിൽ ബൈക്കിൽ കാമറ ഘടിപ്പിച്ചു കൊണ്ടുള്ള വേഗത മിക്കപ്പോഴും വഴിയാത്രക്കാരെയും വിദ്യാർഥികളെയും പരിക്കേൽപ്പിക്കാൻ കാരണമായിട്ടുണ്ട്. കൊല്ലങ്കോട്-തേക്കിൻചിറ റോഡിൽ കഴിഞ്ഞ നാലുമാസത്തിനിടെ പത്തിലധികം ബൈക്ക് യാത്രക്കാരെയാണ് നാട്ടുകാർ തടഞ്ഞുനിർത്തി താക്കീത് കൊടുത്ത് വിട്ടയച്ചത്.
തൃശൂർ, മലപ്പുറം, പട്ടാമ്പി, ഒറ്റപ്പാലം തുടങ്ങിയ പ്രദേശങ്ങളിൽനിന്നാണ് കൊല്ലങ്കോട് സൗന്ദര്യം ആസ്വദിക്കാൻ ആളുകൾ ബൈക്കുകളിൽ എത്തുന്നത്. സാഹസികമായി സൗന്ദര്യം ആസ്വദിക്കുന്നതാണ് ദുരിതമാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ലഹരിയിൽ മൂന്നാെള വെച്ച് അമിതവേഗത്തിൽ പോകുന്നവർ കുറവല്ല. ബൈക്കുകളിൽ അമിതവേഗതയിൽ പോയതിനാൽ മംഗലം-ഗോവിന്ദാപുരം റോഡിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ 13ലധികം അപകട മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്.
കൊല്ലങ്കോട്-പാലക്കാട് റോഡിൽ നാലിലധികം അപകട മരണങ്ങളും ഉണ്ടായിട്ടുണ്ട്. പൊലീസ് പരിശോധനകളും മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനകളും ഉണ്ടെങ്കിലും ഇവയെല്ലാം മറികടന്നാണ് ഇവരുടെ റോഡിലെ അഭ്യാസപ്രകടനങ്ങൾ. സാധാരണക്കാരായ യാത്രക്കാരെ ഭീതിയിലാക്കി കൊണ്ടുള്ള ഇത്തരം റൈഡർമാരുടെ നിരത്തുകളിലെ അഭ്യാസപ്രകടനങ്ങളിൽ കർശനമായി നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥരും മൗനം പാലിക്കുകയാണ്. എ.ഐ കാമറകൾ ഉണ്ടെങ്കിലും അമിതവേഗതയിൽ രാത്രിയിൽ വരെ റോഡിൽ ഇറങ്ങുന്നവർ കൊല്ലങ്കോട്ട് മേഖലയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.