ഉരുൾപൊട്ടൽ: ആദിവാസികളുടെ പുനരധിവാസ പദ്ധതി യാഥാർഥ്യമാകുന്നു
text_fieldsകാഞ്ഞിരപ്പുഴ: ഉരുൾപൊട്ടൽ സാധ്യതയുള്ള മലമ്പ്രദേശ മേഖലയിലെ ആദിവാസികളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള പുനരധിവാസ പദ്ധതി യാഥാർഥ്യമാകുന്നു. പാലക്കാട് ജില്ലയിലെ പുനരധിവാസ പ്രവർത്തനങ്ങൾ അടുത്ത കാലവർഷം തുടങ്ങുന്നതിന് മുൻപ് പൂർത്തിയാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഈ പദ്ധതി പ്രകാരം നിർമിക്കുന്ന വീടുകൾ നാലു മാസത്തിനകം പൂർത്തിയാക്കും. വീടുകളുടെ നിർമാണം പുരോഗമിക്കുകയാണെന്ന് റവന്യൂ വകുപ്പ് അധികൃതർ പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി ജില്ലയിൽ ആദിവാസികൾക്കായി 204 ഭവനങ്ങളാണ് നിർമിക്കുന്നത്.
ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതായി ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയ മണ്ണാർക്കാട്, അട്ടപ്പാടി താലൂക്കുകളിലെ വിവിധ പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുക. 20.40 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഒരു കുടുംബത്തിന് 10 ലക്ഷം രൂപയാണ് പദ്ധതി പ്രകാരം അനുവദിച്ചത്. സ്ഥലം വാങ്ങാൻ ആറു ലക്ഷവും വീട് നിർമിക്കാൻ നാലു ലക്ഷവും ചേർന്നാണിത്. രണ്ടു താലൂക്കുകളിലും വീടു നിർമാണത്തിന് ആവശ്യമായ സ്ഥലം വാങ്ങുകയും നിർമാണം ആരംഭിക്കുകയും ചെയ്തു. ചില സ്ഥലങ്ങളിൽ വീടുനിർമാണം 70 ശതമാനം വരെ പൂർത്തിയായി. പട്ടികജാതി-പട്ടികവർഗ വകുപ്പിന്റെ സഹകരണത്തോടെ റവന്യൂ വകുപ്പാണ് സ്ഥലം കണ്ടെത്തി ആദിവാസികൾക്ക് വീട് നിർമിച്ചുകൊടുക്കാൻ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നത്.
മണ്ണാർക്കാട് താലൂക്കിൽ 197 വീടുകളും അട്ടപ്പാടിയിൽ ഏഴ് വീടുകളുമാണ് നിർമിക്കുന്നത്. മണ്ണാർക്കാട് താലൂക്കിൽ കാഞ്ഞിരപ്പുഴ-92, തെങ്കര-11, കോട്ടോപ്പാടം-55, കരിമ്പ-20, അലനല്ലൂർ-19 എന്നിങ്ങനെയാണ് ഓരോ പഞ്ചായത്തിലും നിർമിക്കുന്ന വീടുകളുടെ കണക്ക്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഉരുൾപൊട്ടലിൽ വീടും കൃഷിസ്ഥലവും നഷ്ടപ്പെട്ടവരും തുടർമഴയിൽ മാറ്റിപ്പാർപ്പിക്കപ്പെടുന്ന ആദിവാസികളുമാണ് പദ്ധതിയുടെ ഗുണഭോക്താക്കളെന്ന് റവന്യു വകുപ്പ് വ്യക്തമാക്കി. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ മുണ്ടക്കുന്നിലാണ് പദ്ധതി പ്രകാരമുള്ള വീടുകൾ നിർമിക്കുന്നത്.
റോഡും ഭവനവും യാഥാർഥ്യമാക്കണമെന്ന്
കൊല്ലങ്കോട്: പറത്തോട് ആദിവാസി കോളനിയിലേക്ക് റോഡിനുള്ള സ്ഥലം യാഥാർഥ്യമായെങ്കിലും റോഡ് നിർമാണവും ഭവന പദ്ധതികളും എത്തിയില്ല. ജാതി നിർണയവും പ്രതിസന്ധിയിൽ. കൊല്ലങ്കോട് പഞ്ചായത്തിൽ പറത്തോട്, പുത്തൻപാടം ആദിവാസി കോളനിയിലേക്കാണ് പൊലീസിന്റെയും സന്നദ്ധ പ്രവർത്തകരുടെയും കർഷകരുടെയും ഇടപെടൽ മൂലം ഒന്നര കിലോമീറ്റർ ദൈർഘ്യത്തിൽ റോഡ് നിർമിക്കുന്നതിന് 2019 സെപ്റ്റംബറിൽ കർഷകർ ഭൂമി വിട്ടുനൽകിയത്.
നാല് മീറ്റർ വീതിയിൽ കോളനിക്കു സമീപത്തെ കർഷകനായ ചാത്തുണ്ണി മാഷ്, മക്കളായ രവീന്ദ്രൻ, നരേന്ദ്രൻ എന്നിവരുൾപ്പെടെ അഞ്ച് കർഷകർ തങ്ങളുടെ ഒന്നര ഏക്കറോളം ഭൂമി വിട്ടുനൽകിയാണ് റോഡിന് സ്ഥലം ലഭ്യമാക്കിയത്. സ്ഥലം വിട്ടുനൽകിയെങ്കിലും ത്രിതല പഞ്ചായത്തുകളുടെ റോഡ് നിർമാണം എങ്ങുമെത്താതെ നിലച്ചു. ഡിജിറ്റൽ യുഗത്തിലും റോഡില്ലാതെ പതിറ്റാണ്ടുകൾ കഴിഞ്ഞ ആദിവാസി കോളനിവാസികൾക്ക് ഭവന പദ്ധതിയിൽ വീടുകൾ പാസാകാത്തതിനാൽ ഓലക്കുടിൽ ജീവിതത്തിനും അറുതിയായിട്ടില്ല. 70ലധികം ആദിവാസി കുടുംബങ്ങൾ വസിക്കുന്ന കൊല്ലങ്കോട് പഞ്ചായത്തിലെ പുത്തൻപാടം, പറത്തോട് കോളനിയിലേക്ക് ടാറിട്ട റോഡ്, തെരുവുവിളക്ക്, ഭവനങ്ങൾ, ശാശ്വത കുടിവെള്ള പദ്ധതി എന്നിവ നിർമിക്കണമെന്ന ആവശ്യമാണ് ഊരുവാസികൾക്കുള്ളത്. എന്നാൽ, ജാതി നിർണയത്തിലെ പ്രശ്നങ്ങളാണ് ഭവന പദ്ധതികൾ എങ്ങുമെത്താത്തതെന്ന് അധികൃതർ പറയുന്നു.
ആദിവാസിയിലെ എരവാളർ വിഭാഗത്തിൽപെടുന്ന കോളനിവാസികൾക്ക് പട്ടികവർഗ സർട്ടിഫിക്കറ്റ് സർക്കാർ നിഷേധിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. ഇതിനെതിരെ കോളനിവാസികൾ കൊല്ലങ്കോട് വില്ലേജ് ഓഫിസിന് മുന്നിൽ ആറ് മാസത്തിലധികം നീണ്ട സമരം നടത്തിയിരുന്നു. തുടർന്ന് എരവാളർ വിഭാഗത്തിന് പട്ടികവർഗ സർട്ടിഫിക്കറ്റ് ലഭിക്കാൻ നിയമസഭയിൽ കെ. ബാബു എം.എൽ.എ സബ്മിഷൻ അവതരിപ്പിക്കുകയും ജാതി നിർണയത്തിന് കിർത്താഡ്സിനെ സർക്കാർ ചുമലതപ്പെടുത്തുകയും ചെയ്തു. 13 ഊരുകളിലുള്ളവരെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന് സർക്കാർ അറിയിച്ചു.
പട്ടികജാതി സർട്ടിഫിക്കറ്റ് നൽകാൻ പ്രശ്നമില്ലെന്ന നിലപാടാണ് സർക്കാറിന്റേത്. എന്നാൽ, പട്ടികവർഗ വിഭാഗത്തിൽ തങ്ങളെ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ പറത്തോട് പുത്തൻപാടം ഉൾപ്പെടെയുള്ള കോളനി വാസികൾ ഉറച്ചുനിൽക്കുന്നതിനാലാണ് ഭവനപദ്ധതികളിൽ കാലതാമസം നേരിടുന്നതെന്ന് കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാൽ പറഞ്ഞു. ഭൂമി വിട്ടുനൽകിയതിലെ ചില രേഖകൾ ശരിയായാൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് റോഡ് നിർമാണത്തിന് ഉറപ്പ് നൽകിയതായും കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാൽ പറഞ്ഞു. അർഹരായവർക്ക് പട്ടികവർഗ സർട്ടിഫിക്കറ്റ് നൽകി ആദിവാസി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നാണ് പറത്തോട് പുത്തൻപാടം കോളനിയിലെ എരവാളർ വിഭാഗക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.