മീങ്കര അണക്കെട്ടിലെ ചളി നീക്കുന്നു
text_fieldsകൊല്ലങ്കോട്: മീങ്കര അണക്കെട്ടിലെ അടിഞ്ഞ ചളി നീക്കാൻ പദ്ധതി. മേയ് അവസാനത്തോടെ ആരംഭിക്കുന്ന പ്രവൃത്തിക്ക് പ്ലാന്‍റ് സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു. 50 കോടി രൂപ ചെലവിൽ മൂന്നു വർഷത്തിനകം പൂർത്തീകരിക്കുന്ന പദ്ധതിയാണിത്. കേരള സ്റ്റേറ്റ് മിനറൽ ഡെവലപ്മെന്‍റ് കോർപറേഷൻ ലിമിറ്റഡ് (കെംഡൽ) ആണ് പ്രവൃത്തികൾക്ക് നേതൃത്വം നൽകുന്നത്.
ഡാമിൽ അടിഞ്ഞ ചളി അത്യാധുനിക യന്ത്രസംവിധാനത്തോടെ നീക്കി പൂർണ സംഭരണശേഷിയിൽ വെള്ളം നിറക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിദേശനിർമിത യന്ത്രങ്ങൾ ഉപയോഗിച്ച് നീക്കുന്ന ചളി എക്കൽ മണ്ണ്, ചളി, മണൽ എന്നിങ്ങനെ വേർതിരിക്കും. യന്ത്രമുപയോഗിച്ച് വലിച്ചെടുക്കുന്ന ചളി പൈപ്പ് മാർഗം വാഹനത്തിലും പ്രത്യേക യാർഡിലും എത്തിക്കും. അവിടെനിന്ന് മീങ്കര ഡാം പ്രധാന കവാടത്തിന്‍റെ വലതുവശത്ത് സ്ഥാപിക്കുന്ന പ്ലാന്‍റിലെത്തിച്ചാണ് വേർതിരിക്കുന്നത്.
നാലു കോടിയോളം രൂപയുടെ പ്ലാന്‍റ്, എട്ടു കോടിയോളം രൂപയുടെ യന്ത്രങ്ങൾ എന്നിവ ഉപയോഗിച്ചുള്ള പ്രവൃത്തിക്ക് സ്വകാര്യ കമ്പനിക്കാണ് കെംഡൽ കരാർ നൽകിയത്. ന്യൂമാറ്റിക് സക്ഷൻ, ഡ്രഡ്ജർ, പമ്പ് സ്റ്റാക്കിങ് എന്നിവയാണ് ചളി നീക്കാൻ ഉപയോഗിക്കുക. മൂന്നു പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണത്തെ പ്രവൃത്തി പ്രതികൂലമായി ബാധിക്കില്ലെന്ന് കെംഡൽ പ്രോജക്ട് കോഓഡിനേറ്റർ സാബിർ പറഞ്ഞു. ഡാമിനകത്തുനിന്ന് ചളി വലിച്ച് പൈപ്പ് ലൈനുകളിലൂടെയും വാഹനങ്ങളിലും ശേഖരിച്ച് പ്ലാന്‍റിലെത്തിക്കുന്ന സാങ്കേതികത ഇന്ത്യയിൽ ആദ്യമായി ഉപയോഗിക്കുക മീങ്കരയിലാണെന്ന് അധികൃതർ പറഞ്ഞു.
എക്കൽ മണ്ണ് കഴുകി പെബിൾ, ചരൽ, മണൽ നല്ലത്, ഇടത്തരം, പരുക്കൻ എന്നിങ്ങനെ വേർതിരിക്കും. കളിമണ്ണ്, ചളി, മറ്റ് അവശിഷ്ടങ്ങൾ എന്നിവ വേർതിരിച്ച് ആവശ്യക്കാർക്ക് സർക്കാർ നിശ്ചയിക്കുന്ന വിലയിൽ വിൽപനയും നടത്തും. 2010ൽ ചുള്ളിയാർ അണക്കെട്ടിൽ ചളി നീക്കിയിരുന്നെങ്കിലും പദ്ധതി പൂർണമായും വിജയിക്കാത്തതിനാൽ വീണ്ടും ചളി നീക്കംചെയ്യാനുള്ള നടപടി അവസാന ഘട്ടത്തിലാണെന്ന് ഇറിഗേഷൻ വകുപ്പ് അധികൃതർ പറഞ്ഞു.
വാളയാർ ഡാമിലും ചളി നീക്കംചെയ്യുന്ന പ്രവൃത്തി ഉടൻ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.