പാടം നികത്തലും തരംമാറ്റലും വ്യാപകം; നടപടിയെടുക്കാതെ റവന്യൂ വകുപ്പ്
text_fieldsകൊല്ലങ്കോട്: നെൽപാടം, കുളം നികത്തലും തരംമാറ്റലും വ്യാപകമായിട്ടും നടപടിയെടുക്കാതെ റവന്യൂ വകുപ്പ്. കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി വില്ലേജുകളുടെ പരിധിയിലാണ് കുളങ്ങൾ നികത്തലും നെൽപാടം പ്ലോട്ടുകളാക്കലും വ്യാപകമാകുന്നത്. മംഗലം - ഗോവിന്ദാപുരം റോഡരികിൽ കുരുവിക്കൂട്ടുമരത്തും കൊല്ലങ്കോട് ടൗണിന് സമീപം സി.ടി പാളയം, എം.വി സ്ട്രീറ്റ്, പയ്യല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലും കുളം, നെൽപാടം എന്നിവ നികത്തുന്നുണ്ട്.
കഴിഞ്ഞവർഷം ഇരുപൂവൽ നെൽപാടങ്ങൾ പ്ലോട്ടുകളാക്കൽ റവന്യു അധികൃതർ നിർത്തി വെച്ചിരുന്നു. ഇവ വീണ്ടും നികത്താൻ ആരംഭിച്ചു. പതിനൊന്ന് ഏക്കറിലധികം ഇരുപൂവൽ പാടശേഖരമാണ് പ്ലോട്ടുകളാക്കിയതിനെതിരെ വില്ലേജ് അധികൃതർ നടപടിയെടുത്തിരുന്നതെങ്കിലും ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ ഒരു നടപടിയുമില്ല. കഴിഞ്ഞ സീസണിൽ വരെ കൊയ്തെടുത്ത പാടങ്ങളിൽ മണ്ണിട്ട് നികത്തിയതും അധികൃതർ കണ്ട ഭാവം നടിക്കുന്നില്ല.
വടവന്നൂരിൽ മീങ്കര കനാലിനടുത്തുള്ള പാടശേഖരങ്ങൾക്ക് പരിസരങ്ങളിലുള്ള കുളങ്ങൾ നികാത്താനും നീക്കമുണ്ട്. ജലസേചന സൗകര്യപ്രദമായ പാടശേഖര മാണ് പ്ലോട്ടുകളാക്കാൻ നീക്കം നടക്കുന്നത്. പുതു നഗരം, എലവഞ്ചേരി പഞ്ചായത്തുകളിലും പാടം നികത്തലും തരിശിട്ട് പ്ലോട്ടുകളാക്കലും വർധിക്കുന്നതിനാൽ ജില്ല കലക്ടർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നതിനിടെയാണ് കൊല്ലങ്കോട്ട് വീണ്ടും നികത്തൽ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.