സ്പെഷൽ ട്രെയിൻ സർവിസ്; സമയക്രമത്തിൽ മാറ്റം വേണമെന്ന് യാത്രക്കാർ
text_fieldsകൊല്ലങ്കോട്: സ്പെഷൽ ട്രെയിൻ സമയം ക്രമീകരിക്കണമെന്ന് യാത്രക്കാർ. നവംബർ 13 മുതൽ പൊള്ളാച്ചി-പാലക്കാട്, പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ പ്രത്യേക ട്രെയിനുകൾ ആരംഭിക്കുമെന്ന ദക്ഷിണ റെയിൽവേയുടെ അറിയിപ്പിലുള്ള സമയക്രമങ്ങൾ സ്ഥിരം യാത്രക്കാർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ മാറ്റണമെന്നാണ് ആവശ്യം. സീസൺ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവർക്ക് സൗകര്യപ്രദമല്ലാത്ത സമയത്താണ് നിലവിൽ പ്രത്യേക പാസഞ്ചർ ട്രെയിൻ അനുവദിച്ചതെന്ന് യാത്രക്കാർ പറയുന്നു. പുലർച്ച 4.55ന് പാലക്കാട്ടുനിന്ന് പുറപ്പെടുന്ന ട്രെയിൻ പുതുനഗരം, കൊല്ലങ്കോട്, മുതലമട, മീനാക്ഷിപുരം എന്നീ സ്റ്റോപ്പുകളിൽ നിർത്തി 6.30ന് പൊള്ളാച്ചിയെത്തും. രാത്രി 8.50ന് പൊള്ളാച്ചിയിൽ നിന്നാരംഭിച്ച് രാത്രി 10.30ന് പാലക്കാട് ജങ്ഷനിൽ എത്തുന്നതാണ് നിലവിലെ സമയക്രമം.
പാലക്കാട്, പൊള്ളാച്ചി സ്റ്റേഷനുകൾക്കിടയിലുള്ളവർക്ക് പൊള്ളാച്ചിയിലേക്ക് യാത്ര ചെയ്യുവാൻ രാവിലെ ആറിന് പാലക്കാട് ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന രീതിയിൽ സർവിസ് ക്രമപ്പെടുത്തണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. തിരിച്ച് രാത്രി എട്ടിന് പൊള്ളാച്ചിയിൽനിന്ന് പാലക്കാട്ടേക്ക് ട്രെയിൻ സർവിസ് സമയമാറ്റം വരുത്തിയാൽ ഗുണകരമാകുമെന്ന് റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ഏറാട്ടിൽ മുരുകൻ പറഞ്ഞു.
വിദ്യാർഥികൾക്കും തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും ഉപകാരപ്രദമാകുന്ന തരത്തിൽ രാവിലെ എട്ടിന് പാലക്കാട്ടുനിന്ന് പൊള്ളാച്ചിയിലേക്കും രാവിലെ 7.30ന് പൊള്ളാച്ചിയിൽനിന്ന് പാലക്കാട്ടേക്കും പാസഞ്ചർ ട്രെയിൻ സർവിസ് ആരംഭിച്ചാൽ മാത്രമാണ് ജനോപകാരപ്രദമാവൂ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.