വടവന്നൂർ മന്ദംപുള്ളി വളവിൽ സ്പീഡ് ബ്രേക്കർ സ്ട്രിപ്പുകൾ സ്ഥാപിച്ചുതുടങ്ങി
text_fieldsകൊല്ലങ്കോട്: വടവന്നൂർ മന്ദം പുള്ളി വളവിൽ സ്പീഡ് ബ്രേക്കർ സ്ട്രിപ്പുകൾ സ്ഥാപിക്കൽ ആരംഭിച്ചു. 13ലധികം അപകട മരണങ്ങൾ ഉണ്ടായ കൊല്ലങ്കോട്-പാലക്കാട് റോഡിലെ മന്ദംപുള്ളി വളവിൽ പരിഹാര നടപടികൾ ഉണ്ടാവണമെന്ന് കഴിഞ്ഞ ദിവസം ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.
അപകടങ്ങൾ സ്ഥിരമായ മന്ദംപുള്ളി വളവിൽ റോഡ് വീതി വർധിപ്പിക്കാൻ ഉടൻ നടപടി വേണമെന്ന് ചിറ്റൂർ താലൂക്ക് വികസന സമിതിയിൽ പാരന്റ്സ് കോഓഡിനേഷൻ ഫോറം പരാതികളും നൽകിയിരുന്നു.
ദിനംപ്രതി അനവധി വാഹനങ്ങൾ കടക്കുന്ന പ്രധാന പാതയാണിത്. റോഡിന്റെ നിലവിലെ വീതി തിട്ടപ്പെടുത്തുകയും കൈയേറ്റം ഉണ്ടെങ്കിൽ ഒഴിപ്പിക്കുകയും നിലവിലുള്ള വീതിയിൽ കൂടുതൽ പ്രദേശത്തേക്ക് ടാറിങ് നടത്തി റോഡിന്റെ അപകടനില കുറക്കാൻ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ മാസം ചിറ്റൂർ താലൂക്ക് വികസനസമിതി യോഗം അധ്യക്ഷൻ പൊതുമരാമത്ത് വകുപ്പിനോട് നിർദേശിച്ചിരുന്നു. മന്ദംപുള്ളി വളവിലെ അപകടങ്ങൾ കുറക്കാൻ നിലവിലെ റോഡ് വീതി വർധിപ്പിച്ച് അതിനായി സ്ഥലങ്ങൾ ഏറ്റെടുക്കേണ്ടതുണ്ടെങ്കിൽ പഠനം നടത്തി നിർദേശം സർക്കാറിലേക്ക് സമർപ്പിക്കാൻ കെ. ബാബു എം.എൽ.എയുടെ നേതൃത്വത്തിൽ തീരുമാനിച്ചതായി ചിറ്റൂർ തഹസിൽദാർ പി.എം. അബൂബക്കർ സിദ്ദീഖ് പറഞ്ഞു. ഇതിന്റെ ആദ്യപടിയായാണ് റോഡിൽ വെള്ള വരകൾ സ്ഥാപിച്ച് റിഫ്ളക്റ്റിവ് സ്ട്രിപ്പുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.