നവരാത്രിയുടെ മാധുര്യവുമായി കരിമ്പ് കച്ചവടം സജീവം
text_fieldsഒറ്റപ്പാലം-കൊല്ലങ്കോട്: നവരാത്രിയുടെ മാധുര്യവുമായി വഴിയോരങ്ങളിൽ കരിമ്പ് കച്ചവടം സജീവമായി. മഹാനവമി, വിജയദശമി എന്നിവയോടനുബന്ധിച്ചുള്ള പൂജ സാധനങ്ങളും വഴിയോര വിപണികളിൽ ലഭ്യമാണ്. കരിമ്പ് കച്ചവടമാണ് തകൃതിയായത്. പതിവു തെറ്റാതെ പഴനി, തേനി, കമ്പം, ദിണ്ടിങ്കൽ എന്നിവിടങ്ങളിൽ നിന്നാണ് കരിമ്പ് പാലക്കാട്, തൃശൂർ, മലപ്പുറം തുടങ്ങിയ ജില്ലകളിൽ എത്തുന്നത്. നേരിട്ടും ഏജൻസികൾ മുഖേനയും എത്തിക്കുന്നതാണിവ.
കരിമ്പ് കൃഷി അന്യമായ മേഖലകളിൽ വിജയദശമിയോടനുബന്ധിച്ച് മാത്രമാണ് ലഭിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട കരിമ്പ് വിപണികളിൽ നിന്നും വാങ്ങാൻ ലഭിക്കുന്ന അവസരം ആരും പാഴാക്കാറില്ല. ഇത്തവണയും വിലയിൽ മാറ്റമില്ലാതെ തുടരുകയാണ് വ്യാപാരം. 15 എണ്ണം ഉൾപ്പെടുന്ന കെട്ടിന് 420-460 രൂപ വരെയാണ് വില. തണ്ടൊന്നിന് 60-80 രൂപയാണ് വഴിയോര കച്ചവടക്കാർ ഈടാക്കുന്നത്.
തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ കച്ചവടത്തിലാണ് വ്യാപാരികളുടെ കണ്ണ്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായ പൂജകൾക്ക് ആവശ്യമായ അവിലും മലരും പൊരിയും ഇവരുടെ പക്കൽ തന്നെയുണ്ട്. പൊരിക്ക് ലിറ്ററിന് 20ഉം മലരിന് 20ഉം അവിലിന് 40ഉം രൂപയാണ് വില. വിജയ ദശമി ദിവസം പൂജക്ക് വെച്ച പുസ്തകത്തോടൊപ്പം കരിമ്പും പൊരിയും സ്വന്തമാക്കിയാണ് ഓരോ കുടുംബവും വീട്ടിലേക്ക് മടങ്ങുന്നത്. പൊരി മില്ലുകളും നിലവിൽ ഉൽപാദനം വർധിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.