വനംവകുപ്പിന് ഫണ്ട് നൽകുന്നില്ല; കാട്ടുതീ പ്രതിരോധ പ്രവർത്തനം മന്ദഗതിയിൽ
text_fieldsകൊല്ലങ്കോട്: സാമ്പത്തിക പ്രതിസന്ധി മൂലം വനംവകുപ്പിന് ആവശ്യമായ ഫണ്ട് നൽകാത്തതിനാൽ മലയോര മേഖലകളിൽ കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ മന്ദഗതിയിൽ.
ഡിസംബറിൽ ആരംഭിക്കാറുള്ള ഫയർ ലൈൻ, ഫയർ ബ്രേക്കർ നിർമാണം ഫെബ്രുവരിയായിട്ടും മന്ദഗതിയിലാണ്. കൊല്ലങ്കോട് റേഞ്ചിൽ 11 കിലോമീറ്ററാണ് ഫയർ ബ്രേക്കർ സ്ഥാപിച്ചിരിക്കുന്നത്. താൽക്കാലിക ഫയർ വാച്ചർമാരെയും നിയമിച്ചിട്ടില്ല. ഡിസംബർ മുതൽ മേയ് വരെയാണ് താൽക്കാലിക ഫയർ വാച്ചർമാരെ നിയമിക്കാറുള്ളത്.
കരാർ നൽകാതെ വനംവകുപ്പ് നേരിട്ട് ഫയർ ലൈൻ എടുക്കുന്ന വർഷങ്ങളിൽ ആദിവാസി ഊരുകളിലുള്ളവർക്ക് ഫയർലൈൻ നിർമാണത്തിന് കുറച്ചുദിവസത്തെ ജോലി ലഭിക്കുന്നത് ആശ്വാസമായിരുന്നു. ഫയർ വാച്ചർ ജോലിയും ലഭിക്കാതായതോടെ കൽച്ചാടി, ചെറുനെല്ലി, തളികക്കല്ല് ഭാഗങ്ങളിലെ ആദിവാസികൾ വനവിഭവങ്ങൾ ശേഖരിക്കാൻ ഉൾക്കാടുകളിലേക്ക് പോയിതുടങ്ങി.
പരിചയ സമ്പന്നരായ വാച്ചർമാരെ കഴിഞ്ഞവർഷം മുതൽ പിരിച്ചുവിട്ടത് വനം ജീവനക്കാർക്കും പ്രയാസമായി. 500 രൂപയിൽ താഴെ മാത്രം പ്രതിദിന വരുമാനം ലഭിക്കുന്നതിനാലും രാപ്പകൽ ഭേദമന്യേ ജോലി ചെയ്യേണ്ടതിനാലും യുവാക്കൾ താൽക്കാലിക ഫയർ വാച്ചർമാരായി എത്തുന്നുമില്ല.
കൊല്ലങ്കോട് സെക്ഷന് കീഴിൽ കഴിഞ്ഞവർഷം വ്യാപകമായി കാട്ടുതീ പടർന്നപ്പോൾ രാപ്പകൽ ഭേദമന്യേ ഫയർ വാച്ചർമാരാണ് തീയണക്കാനുണ്ടായിരുന്നത്.
സീതാർകുണ്ട്, മുരിങ്ങമല, എലവഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിൽ തുറസ്സായ സ്ഥലങ്ങളിലെ പുല്ലുകൾ കത്തിച്ചുകളയുന്ന താൽക്കാലിക പ്രവർത്തനങ്ങൾ മാത്രമാണ് ആരംഭിച്ചിരിക്കുന്നത്.
മഴ ഒഴിവായതോടെ വനമേഖലയിലെ മരങ്ങളും പാഴ് ചെടികളും ഇല പൊഴിച്ച് തുടങ്ങിയതോടെ മിക്കയിടത്തും കരിയിലകൾ വീണ് നിറഞ്ഞ് കാട്ടുതീ പിടിപെടാനുള്ള സാധ്യതയേറി.
ഫണ്ടില്ലാത്തതിനാൽ വന സംരക്ഷണ സമിതി, എക്കോ ഡെവലപ്മെന്റ് കമ്മിറ്റി പ്രവർത്തകരുടെയും സഹായത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണ്. കാട്ടുതീ ഉണ്ടായാൽ വനം അധികൃതരെ അറിയിക്കാനുള്ള കൺട്രോൾ റൂമുകളുടെ നമ്പറുകളും വനം വകുപ്പ് പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.