മഴ കുറഞ്ഞു; ഡാമുകളിൽ ജലനിരപ്പ് നാലിലൊന്നു മാത്രം
text_fieldsകൊല്ലങ്കോട്: കാലവർഷം കുറഞ്ഞതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. 57.5 അടി പരമാവധി ജലനിരപ്പുള്ള ചുള്ളിയാർ ഡാമിൽ ചൊവ്വാഴ്ച 18.11 അടിയാണുള്ളത്. 47.5 അടിയാണ് പരമാവധി സംഭരണ ശേഷി. മീങ്കര ഡാമിൽ 23.7 അടി മാത്രമാണുള്ളത്. 39 അടിയാണ് പരമാവധി സംഭരണ ശേഷി. മഴ ഇത്തവണ ശക്തമായാൽ ജലനിരപ്പ് ഉയരുമെന്ന കർഷകരുടെ പ്രതീക്ഷയാണ് ഇതോടെ മങ്ങിയത്. രണ്ട് ഡാമുകളിലുമായി 40,000 ഹെക്ടറിലധികം പ്രദേശങ്ങളിലാണ് വെള്ളം എത്തിക്കുന്നത്.
പെരുവെമ്പ്, പുതുനഗരം, പല്ലശ്ശന, വടവന്നൂർ, എലവഞ്ചേരി, കൊല്ലങ്കോട്, മുതലമട പഞ്ചായത്തുകളിലെ കനൽപ്പാടങ്ങളിലാണ് രണ്ട് ഡാമുകളിലെ വെള്ളം എത്തുന്നത്. മീങ്കര ഡാമിൽനിന്ന മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, വടവന്നൂർ പഞ്ചായത്തുകളിലായി 35,000 ഗാർഹിക കുടിവെള്ള കണക്ഷനും ഉണ്ട്. മഴ ശക്തമായില്ലെങ്കിൽ കുടിവെള്ളവും രണ്ടാം വിളയിറക്കലും ദുരിതത്തിലാകും. മൂലത്തറയിൽനിന്ന് കമ്പാലത്തറ വഴി മീങ്കര ഡാമിലേക്ക് കർഷക സംരക്ഷണ സമിതിയുടെ നിരന്തര ഇടപെടൽമൂലം വെള്ളമെത്തിക്കുന്നുണ്ടെങ്കിലും നീരൊഴുക്കിന്റെ ശക്തി കുറഞ്ഞതിനാൽ ഡാമിലെ ജലനിരപ്പ് പതുക്കെയാണ് ഉയരുന്നത്. മീങ്കര ഡാമിൽ ജലനിരപ്പ് 33 അടിയെത്തിയാൽ മാത്രമാണ് ലിങ്ക് കനാൽ വഴി ചുള്ളിയാർ ഡാമിലേക്ക് വെള്ളമെത്തിക്കാൻ കഴിയുക. എന്നാൽ മഴക്കുറവും മൂലത്തറയിൽനിന്ന് നീരൊഴുക്ക് കുറഞ്ഞതും കർഷകരെ ആശങ്കയിലാക്കി. തെന്മലയിലുള്ള പലകപ്പാണ്ടി വെള്ളച്ചാട്ടത്തിൽ നീരൊഴുക്ക് കുറഞ്ഞതിനാൽ പലകപ്പാണ്ടി കനാലിലൂടെയുള്ള വെള്ളത്തിന്റെ വരവും കുറഞ്ഞു.
വരും ദിവസങ്ങളിൽ മഴ ശക്തമായില്ലെങ്കിൽ ഡാമുകളിലെ ജലനിരപ്പ് ഉയർന്നത് ആശങ്കയിലാകും. കൂടാതെ പറമ്പിക്കുളത്തുനിന്ന് ചിറ്റൂർ പുഴ വഴിയെത്തുന്ന ജലം സമുദ്രത്തിലേക്ക് പാഴായി പോകാതെ മൂലത്തറ കമ്പാലത്തറ വഴി മീങ്കര ഡാമും തുടർന്ന് ചുള്ളിയാർ ഡാമും നിറക്കാൻ ജനപ്രതിനിധികൾ സജീവമായി ഇടപെടണമെന്ന ആവശ്യവും നാട്ടുകാർക്കിടയിൽ ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.