മുതലമടയിൽ ശൗചാലയങ്ങൾ ഇല്ലാത്ത വീടുകൾ നിരവധി
text_fieldsമുതലമടയിൽ തുണി ഉപയോഗിച്ച് മറച്ച ശൗചാലയം
കൊല്ലങ്കോട്: ശൗചാലയങ്ങൾ ഇല്ലാത്ത വീടുകൾ ഇപ്പോഴും നിരവധി. ഓലപ്പുരകൾ ഉള്ള വീടുകളിൽ ശൗചാലയങ്ങൾ ഇല്ലാത്തതിനാൽ വിദ്യാർഥികളും സ്ത്രീകളും ദുരിതത്തിലാകുകയാണ്. മുതലമട പഞ്ചായത്തിൽ ഉൾപ്പെടുന്ന ചെമ്മണാമ്പതി, ചപ്പക്കാട്, നീലിപ്പാറ, അന്നാനഗർ, കോട്ടപ്പള്ളം, മൊണ്ടിപതി, മൂച്ചങ്കുണ്ട് തുടങ്ങിയ പ്രദേശങ്ങളിലാണ് ശൗചാലയങ്ങൾ ഇല്ലാത്ത വീടുകൾ കൂടുതൽ ഉള്ളത്.
ഓരോ വർഷവും ശൗചാലയം നിർമിക്കാൻ പഞ്ചായത്തുകളിൽ അപേക്ഷിക്കുന്നവരുടെ എണ്ണം വർധിച്ചിരിക്കുകയാണ്. കൊല്ലങ്കോട്, നെന്മാറ ബ്ലോക്ക് പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിൽനിന്ന് നിരവധി അപേക്ഷകളുണ്ട്.
ഒരു ശൗചാലയം നിർമിക്കാൻ 20,000 രൂപയാണ് സർക്കാർ നൽകുന്നത്. രണ്ട് കരിങ്കല്ലിൽ നിർമിച്ച കുഴികളും ഒരു കെട്ടിടവും ക്ലോസറ്റും അനുബന്ധ പൈപ്പുകളും ഇതിൽ ഉൾപ്പെടും. സർക്കാർ നൽകുന്ന തുകയുടെ മൂന്നരട്ടിയിലധികം ചെലവഴിച്ചാൽ മാത്രമാണ് ശൗചാലയം പൂർത്തിയാക്കുവാൻ സാധിക്കുക. അതുകൊണ്ടുതന്നെ തുക ലഭിച്ച് കുഴി നിർമിച്ചവരും പിന്നീട് കെട്ടിടത്തിനായി പൈസ തികയാതെ കാത്തിരിക്കുന്ന അവസ്ഥയും മിക്ക പഞ്ചായത്തുകളിലും ഉണ്ട്. ഒരു ടിപ്പർ കരിങ്കല്ലിന് 2500 മുതൽ 3000 രൂപ വരെയാണ് തുക. രണ്ട് കുഴി നിർമിക്കാൻ അഞ്ച് ടിപ്പർ കരിങ്കല്ല് മതിവരാത്ത അവസ്ഥയുണ്ട്. ശൗചാലയ നിർമാണത്തിന് വകയിരുത്തുന്ന തുക 50,000 ആക്കി വർധിപ്പിക്കണമെന്ന് ആവശ്യവും നിലവിലുണ്ട്.
പഞ്ചായത്തുകളിൽ അപേക്ഷ നൽകി കാത്തിരിക്കുന്ന ചില കുടുംബങ്ങൾക്ക് സന്നദ്ധ സംഘടനകളും വ്യക്തികളും ശൗചാലയങ്ങൾ നിർമിച്ചു നൽകുവാൻ മുന്നോട്ട് വന്നിട്ടുണ്ട്.
വിദ്യാർഥികളുള്ള കുടുംബങ്ങൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രഥമ പരിഗണന നൽകി ശൗചാലയങ്ങൾ നിർമിച്ചു നൽകാൻ ഫണ്ട് അനുവദിക്കണം. ഗുണഭോക്താക്കൾക്ക് നേരിട്ട് നൽകി നിർമിക്കുന്നതിനേക്കാൾ ഏജൻസികൾ വഴി ശൗചാലയങ്ങൾ നിർമിച്ചു നൽകുന്ന പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.