റെയിൽവേ നഷ്ടത്തിലെന്ന് പറയുന്ന പൊള്ളാച്ചി റൂട്ടിൽ സൂചി കുത്താൻ സ്ഥലമില്ല
text_fieldsകൊല്ലങ്കോട്: പാലക്കാട്-തിരിച്ചെന്തൂർ എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരുടെ തിരക്ക് വർധിച്ചു. 13 കമ്പാർട്ട്മെന്റുകളുള്ള ട്രെയിനിൽ കൂടുതൽ കമ്പാർട്ട്മെന്റുകൾ അനുവദിക്കണമെന്ന ആവശ്യം പരിഹാരമാകാതെ നീളുകയാണ്. പാലക്കാട് സ്റ്റേഷനിൽ യാത്രക്കാരുടെ തിരക്ക് അനുഭവിക്കുന്നത് പതിവാണ്.
പഴനി മുരുകൻ ക്ഷേത്രം, മധുര മീനാക്ഷി ക്ഷേത്രം തുടങ്ങിയ തീർഥാടന കേന്ദ്രത്തിലേക്കാണ് ഏറ്റവും കൂടുതൽപേർ തിരിച്ചെന്തൂർ ട്രെയിൻ ആശ്രയിക്കുന്നത്. ട്രെയിൻ ആരംഭിച്ചത് മുതൽ തുടങ്ങിയ ജനത്തിരക്ക് അനുദിനം വർധിച്ചു കൊണ്ടിരിക്കുകയാണ്.
പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ നഷ്ടത്തിൽ ആണെന്ന് റെയിൽവേ വരുത്തി തീർക്കുകയും നിർത്തിവച്ച പാസഞ്ചറുകൾ പുനസ്ഥാപിക്കാതെയുമുള്ള സാഹചര്യത്തിലാണ് തിരിച്ചെന്തൂർ ട്രെയിനിൽ സൂചി കുത്താൻ പോലും സ്ഥലമില്ലാത്ത തിരക്ക് അനുഭവപ്പെടുന്നത്.
പുതുനഗരം, കൊല്ലങ്കോട്, മുതലമട, മീനാക്ഷിപുരം, ആനമല റോഡ് എന്നീ സ്റ്റേഷനുകളിൽ നൂറിലധികം യാത്രക്കാരാണ് ഒരു ദിവസം കയറുന്നത്. തിരിച്ച് ഇറങ്ങുന്നവർ ഇതിലും കൂടുതലാണ്. അപ്പോഴും റെയിൽവേ പറയുന്നത് ഈ റൂട്ട് നഷ്ടത്തിലാണെന്നാണ്.
പാലക്കാട് - മധുര, പാലക്കാട് - പഴനി റൂട്ടുകളിൽ പാസഞ്ചർ ട്രെയിനുകൾ കൂടുതൽ അനുവദിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ടെങ്കിലും അതിനുള്ള നടപടികളൊന്നും റെയിൽവേ കൈകൊണ്ടിട്ടില്ല. ആരംഭിക്കാൻ പോകുന്ന പാലക്കാട്-കോയമ്പത്തൂർ-ബംഗളൂരു ഡബിൾ ഡക്കർ എക്സ്പ്രസ് കൊല്ലങ്കോട് സ്റ്റോപ്പ് അനുവദിക്കില്ലെന്നാണ് പാലക്കാട് ഡിവിഷൻ അധികൃതർ പറയുന്നത്.
അമൃത എക്സ്പ്രസ് മധുരയിലേക്ക് നീട്ടിയിരുന്ന കാലം മുതൽ സർവിസ് നടത്തുന്ന ചെന്നൈ-പാലക്കാട് എക്സ്പ്രസിന് ഇതുവരെയും കൊല്ലങ്കോട് സ്റ്റോപ്പ് അനുവദിക്കാൻ തയാറായിട്ടില്ലെന്ന് റെയിൽ പാസഞ്ചർ അസോസിയേഷൻ പ്രസിഡന്റ് ഏറാട്ടിൽ മുരുകൻ പറഞ്ഞു.
വൈദ്യുതിമാറ്റവും ഗേജ്മാറ്റവുമെല്ലാം പൂർത്തീകരിച്ച റൂട്ടിൽ പാസഞ്ചർ ട്രെയിനുകളെക്കാൾ കൂടുതൽ ചരക്ക് ഗതാഗത ട്രെയിനുകളാണ്. നിരവധി യാത്രക്കാർ ഉള്ള റൂട്ടിൽ പാലരുവി എക്സ്പ്രസിനെ പഴനി വരെ ദീർഘിപ്പിക്കണം എന്നും എറണാകുളം പാലക്കാട് മെമു പൊള്ളാച്ചി വരെ ദീർഘിപ്പിക്കണം എന്നുമുള്ള ആവശ്യം പോലും റെയിൽവേ പരിഗണിക്കാത്തത് തിരഞ്ഞെടുപ്പുകാലത്തും പാസഞ്ചർ അസോസിയേഷനുകൾ വിഷയമാക്കാറുണ്ടെങ്കിലും റെയിൽവേക്ക് ഒരു അനക്കവും ഇല്ല.
സ്പെഷൽ ട്രെയിനുകൾ ഒറ്റപ്പാലത്തെ അവഗണിക്കുന്നു
പാലക്കാട്: അവധിക്കാലത്തും ഉത്സവസീസണുകളിലും തിരക്ക് കുറക്കാൻ റെയിൽവെ അനുവദിക്കുന്ന സ്പെഷൽ ട്രെയിനുകൾ ഒറ്റപ്പാലത്തെ അവഗണിക്കുന്നു. ഈ അവധികാലത്തു റെയിൽവേ അനുവദിച്ച പതിനൊന്ന് വണ്ടികൾ ഒറ്റപ്പാലം വഴി പോകുന്നുണ്ട്.
അതിൽ ഒരണ്ണെത്തിന് മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. വരുമാനത്തിന്റെ കാര്യത്തിൽ ഒറ്റപ്പാലത്തിന്റെ പകുതി പോലും ഇല്ലാത്ത മാവേലിക്കര, ചങ്ങനാശ്ശേരി സ്റ്റേഷനുകളിൽ ഇതിൽ ഭൂരിഭാഗം വണ്ടികൾക്കും സ്റ്റോപ്പ് ഉണ്ട്. ഈ അടുത്ത് റെയിൽവേ അനുവദിച്ച കൊല്ലം-തിരുപ്പതി, മംഗ്ലൂർ-രാമേശ്വരം വണ്ടികൾക്കും ഒറ്റപ്പാലത്ത് സ്റ്റോപ്പ് ഇല്ല.
പാലക്കാട് വഴി കേരളത്തിന്റെ തെക്കൻ ജില്ലകളിലേക്കും തിരികെയും പോകുന്ന ട്രെയിനുകളിൽ പാലക്കാടും തൃശൂരും മാത്രമാണ് സ്റ്റോപ്പുള്ളത്. ഒറ്റപ്പാലത്തും സ്റ്റോപ്പ് അനുവദിച്ചാൽ മലബാറിലെ യാത്രക്കാർക്കും പ്രയോജനപ്പെടുത്താൻ കഴിയും.
തെക്കൻ ജില്ലകളിൽ നിന്നും പാലക്കാട് വഴി വടക്കോട്ടുപോകുന്ന പല ട്രെയിനുകളിലും മലബാറിലെയാത്രക്കാരിൽ പലരും ഷൊർണൂർ വരെ ട്രെയിനിലെത്തി പിന്നെ റോഡുമാർഗം ഒറ്റപ്പാലത്ത് എത്തി ട്രെയിനിൽ യാത്ര തുടരാറുണ്ട്. ഒറ്റപ്പാലം സ്റ്റേഷന്റെ നവീകരണ പ്രവൃത്തികൾ ദ്രുതഗതിയിൽ നടക്കുന്നുണ്ടെങ്കിലും സ്റ്റോപ്പ് അനുവദിക്കാത്തത് ഏറെ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.