പുലി കെണിയിൽ വീഴുന്നതും കാത്ത് ഒരു നാട്
text_fieldsകൊല്ലങ്കോട്: പുലി ഭീതി തുടരുമ്പോൾ കെണിയിൽ വീഴുന്നതും കാത്ത് ഒരു നാട്. കഴിഞ്ഞ മേയ് 22ന് കൊട്ടകുറുശ്ശിയിൽ പന്നിക്കു വെച്ച കെണിയിൽ കുടുങ്ങിയ പുലി ചത്ത സംഭവം മുതലാണ് കൊശവൻകോട്, മേലെ ചീരണി, കാളികുളമ്പ്, ചേകോൽ തുടങ്ങിയ പ്രദേശങ്ങളിൽ മറ്റൊരു പുലി പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.
കമ്പിവേലിയിൽ കുടുങ്ങി ചത്ത പുലിയോടൊപ്പം ഉണ്ടായ രണ്ടാമത്തെ പുലിയാണ് നാട്ടുകാരെ ഭീതിയിലാക്കിയത്. ജനവാസം കുറഞ്ഞ കൊശവൻ കോട്ടിൽ കണ്ടെത്തിയ പുലി പിന്നീട് ജനവാസ മേഖലയായ കാളികുളമ്പിൽ എത്തിയതാണ് സ്ഥിതി ഗുരുതരമാക്കിയത്. നിലവിൽ കൊശവൻ കോട്ടിൽ സ്ഥാപിച്ച കൂട് വനം വകുപ്പ് മാറ്റി സ്ഥാപിച്ചെങ്കിലും പുലി എന്ന് കുടുങ്ങുമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് നാട്ടുകാർ.
വിദ്യാർഥികൾക്ക് വാഹന സൗകര്യം വേണമെന്ന്
വിദ്യാർഥികൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തണമെന്ന് പാരന്റ്സ് കോഓഡിനേഷൻ ഫോറം. കൊല്ലങ്കോട് പുലി സാന്നിധ്യമുള്ള പ്രദേശങ്ങളായ കാളികുളമ്പ്, ചീരണി കൊശവങ്കോട്, മേലെ ചീരണി പ്രദേശങ്ങളിലെ നിരവധി വിദ്യാർഥികൾ കടന്നുപോകുന്ന നെന്മേനി-കൊശവൻകോട്-കാച്ചാങ്കുറുശി റോഡിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം വീണ്ടും കണ്ടെത്തിയതിനാൽ വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ വാഹനങ്ങൾ ഒരുക്കണമെന്ന് പാരന്റ്സ് കോഓഡിനേഷൻ ഫോറം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കൊല്ലങ്കോട്, എലവഞ്ചേരി, പഞ്ചായത്തുകളിലെ പ്രധാന നാല് വിദ്യാലയങ്ങളിലെ അധികൃതർക്ക് ഇതുമായി ബന്ധപ്പെട്ട് കത്തു നൽകും.
പനങ്ങാട്ടിരി ആർ.പി.എം.എച്ച് സ്കൂളിലേക്കാണ് കൂടുതൽ വിദ്യാർഥികൾ നെന്മേനി-വിരുത്തി-കൊശവൻകോട്-കാച്ചാങ്കുറുശി റോഡ് ഉപയോഗപ്പെടുത്തുന്നത്. ജില്ല പ്രസിഡന്റ് എ.കെ. അജിത് കുമാർ അധ്യക്ഷത വഹിച്ചു. സി. ആറുമുഖൻ, എ. സാദിഖ്, ബേബി പുതുനഗരം, താജുമ്മ മുജീബ്, പി.വി. ഷണ്മുഖൻ, എ. കാജാ ഹുസൈൻ, ജമീല എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.