ചീരണിയിലെ പുലി ഭീഷണി: തെരുവ് വിളക്കുകൾ സ്ഥാപിച്ചു
text_fieldsകൊല്ലങ്കോട്: ചീരണിയിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശത്ത് തെരുവ് വിളക്കുകൾ പുനഃസ്ഥാപിച്ചു. ‘മാധ്യമം’ വാർത്തയെ തുടർന്നാണ് കാളികുളമ്പ്, മണ്ണ് മട, കൊശവങ്കോട് തുടങ്ങിയ പ്രദേശങ്ങളിൽ പ്രകാശിക്കാത്ത തെരുവ് വിളക്കുകൾക്കുപകരം പുതിയ തെരുവ് വിളക്കുകൾ സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാൽ, പഞ്ചായത്ത് അംഗങ്ങളായ ആർ. ശിവൻ, ഷക്കീല അലി അക്ബർ, ചീരണി കൂട്ടായ്മ കൺവീനർ സി. ആറുമുഖൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രകാശിക്കാത്ത ബൾബുകൾ മാറ്റിയത്. കൂടാതെ മണ്ണ് മടയിൽ പുതിയ മൂന്ന് തെരുവ് വിളക്കുകളും സ്ഥാപിച്ചു. ചീരണി, കാളികുളമ്പ്, കൊശവൻകോട് തുടങ്ങിയ പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യമുണ്ടായ സ്ഥലത്താണ് തെരുവുവിളക്കുകൾ പുനഃസ്ഥാപിച്ചത്. കഴിഞ്ഞ ഒരു വർഷമായി തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതിനാൽ നാട്ടുകാർ ദുരിതത്തിലായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി കൊശവങ്കോട്, മണ്ണുമട, കാളികുളമ്പ് പ്രദേശങ്ങളിൽ പുലിയെ നാട്ടുകാർ കണ്ടതിനാൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ ഭീതിയിലാണെന്നും കളിക്കുളമ്പിൽ ഹൈമാസ്റ്റ് ബൾബ് സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. മണ്ണ് മടയിൽ സ്ഥിരമായി പുലിയെ കാണുന്നതിനാൽ സന്ധ്യയായി കഴിഞ്ഞാൽ ആരും പുറത്തിറങ്ങാത്ത അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.