ഊട്ടറ ലെവൽ ക്രോസിങ്ങിലെ ഗതാഗത പ്രതിസന്ധി; പഴിചാരി വകുപ്പുകൾ
text_fieldsകൊല്ലങ്കോട്: ഊട്ടറ ലെവൽ ക്രോസിങ്ങിലെ ഗതാഗത പ്രതിസന്ധികൾക്ക് കാരണം പൊതുമരാമത്ത് വകുപ്പ് മേൽപ്പാലത്തിനുള്ള നടപടികൾ എടുക്കാത്തതാണെന്ന് റെയിൽവേ അധികൃതർ. റെയിൽവേയുടെ അനുവാദം വൈകുകയാണെന്ന് പൊതുമരാമത്ത് വകുപ്പ്. പാലക്കാട്-പൊള്ളാച്ചി ലൈനിൽ ഊട്ടറ ലെവൽ ക്രോസിൽ ഇടക്കിടെ 10-35 മിനിറ്റുകൾ വരെ സിഗ്നൽ ലഭിക്കാത്തതിന്റെ പേരിൽ ഗേറ്റ് അടച്ചിടുന്നതിനാൽ കൊല്ലങ്കോട്- പാലക്കാട് പ്രധാന റോഡിൽ ആംബുലൻസ് ഉൾപ്പെടെ വാഹനങ്ങൾ കുടുങ്ങുന്നത് സംബന്ധിച്ച് ‘മാധ്യമം’ കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത നൽകിയിരുന്നു.
ഊട്ടറ ലെവൽ ക്രോസിൽ റെയിൽവേ മേൽപാലം നിർമിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന്റെ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡിന്റെ ജനറൽ മാനേജർക്ക് 15.95 കോടിയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ട് എന്നും കൂടാതെ, 2023 ജനുവരി 11ന് തുടർ പ്രോസസിങ്ങിനായി 8.82 ലക്ഷം രൂപ സെന്റേജ് ചാർജുകളുടെ ഇനത്തിൽ അടക്കാൻ നിർദേശിച്ചതായും എന്നാൽ ഒരു പ്രതികരണവും ലഭിച്ചിട്ടില്ല എന്നുമാണ് റെയിൽവേ അധികൃതർ നൽകുന്ന മറുപടി.
എന്നാൽ, തുക അനുവദിക്കുന്നത് കിഫ്ബിയാണെന്നും റെയിൽവേ മേൽപാലത്തിന്റെ നിർമാണ ഡ്രാഫ്റ്റ് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപ്പറേഷൻ റെയിൽവേക്ക് നൽകി മാസങ്ങളായിട്ടും റെയിൽവേ വകുപ്പിന്റെ അപ്രൂവൽ ലഭിച്ചിട്ടില്ലെന്ന് പൊതു മരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു. കൂടാതെ റെയിൽവേ മേൽപാലം നിർമിക്കുന്നതിന് ലെവൽ ക്രോസിലൂടെ കടക്കുന്ന വാഹനങ്ങളുടെ കണക്ക് സൂചിപ്പിക്കുന്ന ട്രെയിൻ വെഹിക്കിൾ യൂനിറ്റ് (ടി.വി.എം) ഒരു ലക്ഷം ആകണമെന്നും 2022ലെ കണക്കെടുപ്പിൽ ടി.വി.എം 96000 ആയിരുന്നതായും പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു. അടുത്ത ട്രെയിൻ വെഹിക്കിൾ യൂനിറ്റ് കണക്കെടുപ്പ് 2025ൽ ആണെന്നും അപ്പോൾ ഒരു ലക്ഷം കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പൊതു മരാമത്ത് വകുപ്പ് റോഡ്സ് ആൻഡ് ബ്രിഡ്ജസ് അധികൃതർ പറഞ്ഞു. വെഹിക്കിൾ യൂനിറ്റ് നിബന്ധന റെയിൽവേയുടെതാണ്.
കണക്കെടുപ്പും റെയിൽവേ വകുപ്പാണ് ചെയ്യേണ്ടത്. മേൽപ്പാലത്തിന്റെ സാങ്കേതിക തടസങ്ങൾ ആദ്യം നീക്കേണ്ടത് റെയിൽവേയാണെന്നും പി.ഡബ്ല്യു.ഡി അധികൃതർ പറയുന്നു. 20 കോടി രൂപയാണ് ഊട്ടറ പുഴ പാലത്തിനും റെയിൽവേ മേൽപ്പാലത്തിനും കഴിഞ്ഞ മന്ത്രിസഭ ബജറ്റിൽ വകയിരുത്തി യത്. ഇതിൽ 13 കോടിയോളം രൂപ ഊട്ടറ ഗായത്രി പുഴ പാലത്തിന്റെ ആവശ്യത്തിന് മാറ്റിയിരുന്നു. 24 കോടിയോളം രൂപയാണ് ഊട്ടറ റെയിൽവേൽ മേൽപ്പാലത്തിന് ആവശ്യമായ എസ്റ്റിമേറ്റ് തുക. ഇതിൽ പകുതിയോളം തുക റെയിൽവേ നൽകണം. അധികൃതർ സംയുക്ത യോഗം ചേർന്ന് മേൽപാലത്തിന്റെ നിർമാണ തടസ്സങ്ങൾ നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.