ചെമ്മണാമ്പതി-പറമ്പിക്കുളം റോഡിനായി ആദിവാസികളുടെ മൂന്നാംഘട്ട സമരം ഇന്ന്
text_fieldsകൊല്ലങ്കോട്: ചെമ്മണാമ്പതി-പറമ്പിക്കുളം വഴിവെട്ട് സമരത്തിന്റെ മൂന്നാംഘട്ടം തിങ്കളാഴ്ച തുടങ്ങും. 2020 ഒക്ടോബർ രണ്ടിനാണ് ചെമ്മണാമ്പതി വഴി പറമ്പിക്കുളം തേക്കടിയിലേക്ക് വഴിവെട്ടുന്നതിനുള്ള സമരം ആദിവാസികൾ ആരംഭിച്ചത്. ശേഷം നിരവധി പോരാട്ടങ്ങൾക്കൊടുവിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ വഴിവെട്ടൽ ഭാഗികമായി നടത്തി. വഴിയിൽ തടസ്സമായ 66 മരങ്ങൾ വനം വകുപ്പ് മുറിച്ചുമാറ്റിയെങ്കിലും വാഹനം കടക്കാനുള്ള അവസ്ഥയിലേക്ക് റോഡ് വികസിച്ചിട്ടില്ല.
പാറക്കെട്ടുകൾ, 90 ഡിഗ്രിയിലുള്ള കയറ്റം എന്നീ തടസ്സങ്ങൾ മാറ്റി ഗതാഗതയോഗ്യമാക്കി വികസിപ്പിക്കാൻ ഫണ്ട് അനുവദിക്കാത്തതിനാൽ ആദിവാസികളുടെ സമരം വിജയത്തിലെത്താതായി. ആകെ ആറ് കിലോമീറ്റർ റോഡ് വികസിപ്പിച്ചാൽ ഗതാഗതയോഗ്യമാകുമെങ്കിലും വനംവകുപ്പ് തടസ്സവാദങ്ങൾ തുടരുന്നതാണ് പ്രതിസന്ധിക്ക് വഴിവെച്ചത്.
റോഡ് വികസനം പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ടാണ് മൂന്നാം ഘട്ട സമരത്തിലേക്ക് തിങ്കളാഴ്ച ആദിവാസികൾ നീങ്ങുന്നത്. ചെമ്മണാമ്പതി മലയടിവാരത്തിൽനിന്ന് മുമ്പ് വെട്ടിയ വഴിയിലൂടെ നടന്നിറങ്ങി രാവിലെ 11ന് മുതലമട പഞ്ചായത്തിൽ കുത്തിയിരുപ്പ് സമരത്തിന് തുടക്കമാവും. തമിഴ്നാട് സേത്തുമട ചെക്ക് പോസ്റ്റിലൂടെ കോളനി വാഹനങ്ങൾക്ക് പാസ് നിർബന്ധമാക്കിയതോടെയാണ് പെട്ടെന്നുള്ള സമരത്തിലേക്ക് ആദിവാസികൾ വീണ്ടും ഇറങ്ങുന്നത്.
ഇതോടെ സ്വന്തം വാഹനത്തിലോ മറ്റുള്ള വാഹനത്തിലോ ഊരുകളിൽനിന്ന് പുറത്തേക്കോ അകത്തേക്കോ ഉണ്ടായിരുന്ന വാഹന സൗകര്യം നിലച്ചു. തമിഴ്നാടിന്റെ ആന സംരക്ഷിത വനത്തിലൂടെയും പറമ്പിക്കുളം ടൈഗർ റിസർവിലൂടെയും 14 കിലോമീറ്റർ കാൽനടയായി ഭയപ്പാടോടെ സഞ്ചരിക്കേണ്ട അവസ്ഥയാണ്. മുതലമട പഞ്ചായത്ത് ഓഫിസിൽനിന്ന് 17 കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ തേക്കടി കോളനിയിൽ എത്താമെന്നിരിക്കെ പൊള്ളാച്ചി വഴി 65 കിലോമീറ്റർ ചുറ്റിയും തമിഴ്നാടിന്റെ കനിവും കാത്തുവേണം യാത്ര ചെയ്യാൻ. ചെമ്മണാമ്പതി മലയടിവാരത്തിൽനിന്ന് മുമ്പ് ഉണ്ടായിരുന്ന കൂപ്പ് റോഡ് പുനഃസ്ഥാപിച്ചാൽ ഇവരുടെ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും.
ഈ വഴി പറമ്പിക്കുളം കടുവ സങ്കേതത്തിന്റെ പരിധിയിൽ വരാത്തതിനാൽ കേന്ദ്ര പരിസ്ഥിതി മന്ത്രലയത്തിന്റെ അനുമതി ആവശ്യമില്ലെന്ന് അല്ലി മൂപ്പൻ കോളനിയിലെ ആദിവാസികൾ പറയുന്നു.
മഹാത്മാഗാന്ധി തൊഴിലുറപ്പി പദ്ധതിയിലൂടെ കൂലിയും മെറ്റീരിയലും എടുത്ത് വനംവകുപ്പിന്റെ മേൽനോട്ടത്തിൽ മുതലമട പഞ്ചായത്തിൽ എസ്റ്റിമേറ്റ് ഉണ്ടാക്കി പഞ്ചായത്തിലും കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലും മാത്രം അംഗീകരിച്ചാൽ റോഡ് നിർമാണം തുടങ്ങാമെന്നിരിക്കെ സർക്കാർ മടിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.