ആദിവാസി യുവാവിന്റെ ജീവനെടുത്തത് മണ്ണ് ശേഖരണത്തിലെ അശാസ്ത്രീയതയെന്ന്
text_fieldsകൊല്ലങ്കോട്: ആദിവാസി യുവാവിന്റെ ജീവൻ പൊലിയാനിടയാക്കിയത് ചുള്ളിയാർ ഡാമിലെ എക്കൽ മണ്ണ് ശേഖരണത്തിലെ അശാസ്ത്രീയതയെന്ന് ആക്ഷേപം. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്മെന്റ് കോർപറേഷന്റെ നിയന്ത്രണത്തിൽ സ്വകാര്യ കരാർ കമ്പനി നടത്തുന്ന എക്കൽമണ്ണ്, ചെളി എന്നിവയുടെ ശേവരണത്തിലെ അശാസ്ത്രീയതയാണ് കൃഷ്ണൻ എന്ന ആദിവാസി യുവാവിന്റെ ജീവൻ നഷ്ടപെടാൻ കാരണമെന്നും ഇതുപരിഹരിക്കണമെന്നും ആവശ്യമുയർന്നു.
39.48 കോടി രൂപക്കാണ് 2022 അവസാനം മുതൽ എക്കൽ മണ്ണ് ശേഖരിക്കുന്നത്. മണ്ണിൽ മണൽ വേർതിരിച്ച് ശേഖരിക്കുകയും വിൽപന നടത്തുകയും ചെയ്യുന്നുണ്ട്. ഇതിനു പുറമെ ഡാമിന്റെ അതിർത്തി പ്രദേശത്ത് മരങ്ങൾ കടപുഴക്കി മാറ്റി ചെമ്മണ്ണ് ശേഖരണവും വലിയ യന്ത്രങ്ങളുടെ സഹായത്താൽ ചെയ്യുന്നുണ്ട്. 20-30 അടിയിലധികം താഴ്ചയിൽ നൂറിലധികം ഗർത്തങ്ങളാണ് സാമിനകത്ത് ഉള്ളത്.
ഒരു പ്രദേശത്തുനിന്നും എക്കൽ മണ്ണ് ശേഖരിക്കുന്നതിനു പകരം വിവിധ പ്രദേശങ്ങളിൽ വലിയ ഗർത്തങ്ങൾ ഉണ്ടാക്കുന്നതിനാൽ കന്നുകാലികളും മനുഷ്യരും കുടുങ്ങി ജീവൻ നഷ്ടമാകുന്ന അവസ്ഥയാണ്. ഡാമിന്റെ ജലസംഭരണ തോത് വർധിപ്പിക്കുകയാണ് ലക്ഷ്യമെങ്കിലും അശാസ്ത്രീയമായി ഓരോ പ്രദേശങ്ങളിൽ ഉണ്ടായിട്ടുള്ള വലിയ ഗർത്തങ്ങൾ ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഒരു പ്രദേശത്തു നിന്നും തുടർച്ചയായി എക്കൽ മണ്ണ് ശേഖരിച്ച് നീക്കം ചെയ്താൽ അപകടങ്ങൾ കുറക്കാനാകും.
ജില്ല കലക്ടറുടെ നേതൃത്വത്തിൽ ജലവിഭവവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് കരാർ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.