വേനലിൽ സ്ഥാപിച്ച ജലസംഭരണികൾ കാണാതാവുന്നു
text_fieldsകൊല്ലങ്കോട്: വേനലിനെ പ്രതിരോധിക്കാൻ സർക്കാർ സ്ഥാപിച്ച ജലസംഭരണികൾ അപ്രത്യക്ഷമാകുന്നു. 2019ൽ കനത്ത വേനലിനെ ചെറുക്കാൻ റവന്യൂ വകുപ്പ് ചിറ്റൂർ താലൂക്കിെൻറ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച 5000 ലിറ്റർ സംഭരണശേഷിയുള്ള വാട്ടർ കിയോസ്ക്കുകളിൽ ചിലതാണ് കാണാതായത്. പരിപാലനമില്ലാത്തതിനാൽ മോഷണം പോയതാെണന്ന് നാട്ടുകാർ പറയുന്നത്. മുതലമട, പെരുമാട്ടി പഞ്ചായത്തുകളിൽ സ്ഥാപിച്ച അഞ്ച് ജലസംഭരണികളാണ് കഴിഞ്ഞ നാല് മാസത്തിനിടെ കാണാതായത്. ചെമ്മണാമ്പതി, മുച്ചങ്കുണ്ട് എന്നിവിടങ്ങളിലെ ജലസംഭരണികളാണ് കാണാതായത്. 25,000ലധികം രൂപ വിലയുള്ള 160 ജലസംഭരണികളും സ്റ്റാൻറും റവന്യൂ വകുപ്പാണ് സ്ഥാപിച്ചത്.
ജലസംഭരണികളുടെ ഉപയോഗവും സംരക്ഷണവും അതത് പഞ്ചായത്തുകളെ ഏൽപിച്ചെങ്കിലും തദ്ദേശ സ്ഥാപനങ്ങൾ ജലസംഭരണികളെ സംരക്ഷിക്കാൻ തയാറാവാത്തതാണ് മോഷണം പോകാൻ കാരണം. വേനലല്ലാത്ത സമയങ്ങളിൽ അതത് പ്രദേശങ്ങളിലെ കുടിവെള്ള പദ്ധതികളുമായി ബന്ധിപ്പിച്ച് പ്രവർത്തിപ്പിക്കണമെന്ന നിർദേശങ്ങൾ പാലിക്കാത്തതിനാൽ സ്റ്റാൻഡും ജലസംഭരണികളും അപ്രത്യക്ഷമാകുന്നതിനെതിരെ അന്വേഷണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
നിലവിൽ വേനൽ ശക്തമായതിനാൽ മിനി കുടിവെള്ള പദ്ധതികളുമായി റവന്യൂ വകുപ്പ് സ്ഥാപിച്ച ജലസംഭരണികളുമായി ബന്ധിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ, മുതലമടയിൽ 40 വാട്ടർ കിയോസ്ക്കുകളാണ് 2019ൽ സ്ഥാപിച്ചതെന്നും ഇവയുടെ പരിപാലനം പഞ്ചായത്തിന് കൈമാറിയെന്നും മുതലമട വില്ലേജ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.