നാടുവിടാതെ വന്യജീവികൾ
text_fieldsകൊല്ലങ്കോട്: തെന്മലയിൽ കാട്ടാന വിളയാട്ടത്തിൽ വ്യാപക കൃഷിനാശം. ചാത്തൻപാറ, സീതാർകുണ്ട്, വേലാങ്കാട്, മാത്തൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാനകൾ കൃഷിനാശം വരുത്തിയത്.
ചെമ്മണാമ്പതി മുതൽ ചാത്തൻപാറ വരെയുള്ള പ്രദേശങ്ങളിലാണ് ആറ് സംഘങ്ങളായാണ് കാട്ടാനകൾ ഇറങ്ങിയത്. സീതാർകുണ്ടിൽ തൂക്കുവൈദ്യുത വേലിയുടെ മുകളിൽ കാട്ടാനകൾ മരം കടപുഴക്കിയിട്ട് വൈദ്യുതവേലി തകർത്തു. കഴിഞ്ഞ ആറുമാസത്തോളമായി കാട്ടാനകളുടെ ശല്യം ഇല്ലാതിരുന്ന തെന്മലയോരത്ത് മഴ പെയ്തതോടെ വീണ്ടും സജീവമായി. ഒമ്പത് കിലോമീറ്റർ തൂക്കു വൈദ്യുത വേലി കിലോമീറ്റർ സ്ഥാപിച്ചി ട്ടുണ്ട്. രണ്ടുദിവസത്തെ പരിശ്രമത്തിലാണ് തകർന്ന വേലി വനം വകുപ്പ് പുനഃസ്ഥാപിച്ചത്.
കാട്ടാനകൾ ഒരു ഭാഗത്തും മറ്റൊരു ഭാഗത്ത് പുലിയും ഇറങ്ങിയതോടെ വനംവകുപ്പ് ശ്വാസംമുട്ടി പണിയെടുത്ത് കൊണ്ടിരിക്കുകയാണ്. ദ്രുതകർമസേന കൊല്ലങ്കോട് റേഞ്ചിൽ സ്ഥാപിക്കാൻ സർക്കാർ ഉത്തരവ് ഇറക്കിയെങ്കിലും നടപടിയായില്ല. വകുപ്പുതലത്തിൽനിന്ന് ജീവനക്കാരെ ഇതുവരെ വിട്ടുനൽകിയിട്ടില്ല. ആർ.ആർ.ടി ക്ക് ജീവനക്കാരെ നൽകുമ്പോൾ അവർക്ക് പ്രത്യേക പരിശീലനവും അനുബന്ധ യന്ത്രസാമഗ്രികളും നൽകേണ്ടതുണ്ട്. ഇത് എപ്പോൾ ഉണ്ടാകുമെന്നുള്ള ആശങ്കയിലാണ് നാട്ടുകാർ.
പ്രതിഷേധ സംഗമം ഇന്ന്
കൊല്ലങ്കോട്: വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് പാരന്റ്സ് കോഓഡിനേഷൻ ഫോറം പ്രതിഷേധം സംഗമം ഇന്ന്. വൈകീട്ട് നാലിന് കൊല്ലങ്കോട് ടൗണിലാണ് പ്രതിഷേധം.
വനംവകുപ്പ് ഓഫിസ് ഉപരോധിക്കുമെന്ന് കർഷകർ
കൊല്ലങ്കോട്: പുലിയെ കൂട് വെച്ച് പിടിക്കാന്നുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ട് തിങ്കളാഴ്ച വനംവകുപ്പ് ഓഫിസ് ഉപരോധിക്കുമെന്ന് കർഷകർ. കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ഉപരോധം.
കാളികൊളുമ്പ്, ചീരണി, കൊശവൻകോട്, ചേകോൽ പരിസരങ്ങളിൽ പുലി സാന്നിധ്യം കണ്ടതിനെ തുടർന്ന് നാട്ടുകാർ ഭീതിയിലാണ്. പുലിയെ കണ്ടെത്തിയ പ്രദേശങ്ങളിലെ തെരുവ് വിളക്കുകൾ ഉടനടി നന്നാക്കണം. ചീരണിയിൽ ചേർന്ന യോഗത്തിൽ സി. വിജയൻ, സി. പ്രഭാകരൻ, കെ. ശിവാനന്ദൻ, ടി. സഹദേവൻ, ആർ. മനോഹരൻ, ജയപ്രകാശ് എന്നിവർ സംസാരിച്ചു.
പുലി സാന്നിധ്യം: കാമറകൾ മാറ്റിസ്ഥാപിച്ചു
കൊല്ലങ്കോട്: കൊശവൻകോട്, കാളികുളമ്പ് പ്രദേശത്ത് നാട്ടുകാർ പുലിയെ കണ്ടതിനെ തുടർന്ന് വനംവകുപ്പ് സ്ഥാപിച്ച രണ്ട് കാമറകൾ മണ്ണുമടയിലും ചീരണി മസ്ജിദ് ഖബർസ്ഥാൻ റോഡിലും മാറ്റി സ്ഥാപിച്ചു. ഈ പ്രദേശങ്ങളിൽ പുലിയെത്തി നായ്ക്കളെ കൊണ്ടു പോയതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് കൊശവൻ കോട്, കാളികുളമ്പ് പ്രദേശത്ത് സ്ഥാപിച്ച കാമറകൾ മാറ്റി സ്ഥാപിച്ചത്.
ചീരണിപുറ എന്ന പറക്കുന്നിൽ പുലി തമ്പടിച്ചിരിക്കുകയാണെന്നും അടിയന്തരമായി പുലിയെ പിടികൂടാൻ നടപടി വേണമെന്നും ചീരണി സ്വദേശി എ. ആറുമുഖൻ ആവശ്യപ്പെട്ടു. നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ മാനദണ്ഡമനുസരിച്ചാണ് കൂട് സ്ഥാപിക്കുന്നതെന്നും അതിന്റെ ആദ്യഘട്ടമാണ് കാമറകൾ സ്ഥാപിച്ചതെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.