കാട്ടാനയെ തുരത്താൻ 'റോക്കറ്റ് ലോഞ്ചറു'മായി വനം വകുപ്പ്
text_fieldsകൊല്ലങ്കോട് (പാലക്കാട്): കാട്ടാനയെ തുരത്താൻ 'റോക്കറ്റ് ലോഞ്ചറു'മായി വനം വകുപ്പ്. വെള്ളാരൻകടവ് പ്രദേശത്ത് രണ്ടാഴ്ചയായി വ്യാപകമായി കൃഷി നശിപ്പിച്ച ഒറ്റയാനെ പറമ്പിക്കുളം വനാന്തരത്തിലെത്തിക്കാനുള്ള ശ്രമമാണ് റേഞ്ച് ഓഫിസർ പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ നടത്തുന്നത്.
ആനയെ തുരത്താൻ പ്രത്യേകമായി വികസിപ്പിച്ചെടുത്ത റോക്കറ്റ് ലോഞ്ചറുമായാണ് വനം വകുപ്പ് വനത്തിനകത്ത് ശ്രമം തുടരുന്നത്. തോക്കിന്റെ രൂപത്തിലുള്ള യന്ത്രത്തിനകത്ത് പടക്കം വെച്ച് പൊട്ടിച്ചാൽ 200 മീറ്റർ വരെ ദൂരത്തുപോയി പൊട്ടും.
വെള്ളാരൻകടവിൽനിന്ന് വെള്ളിയാഴ്ച രാവിലെ ആരംഭിച്ച ദൗത്യം ശനിയാഴ്ച വൈകീട്ട് ചപ്പക്കാട്, നെല്ലിക്കാട് വരെ എത്തിനിൽക്കുകയാണ്. ഒറ്റയാൻ പൊന്തക്കാട്ടിൽ അനക്കമില്ലാതെ മറഞ്ഞിരിക്കുന്നതിനാൽ സ്ഥലം കണ്ടെത്താൻ പ്രയാസമുണ്ടെന്ന് റേഞ്ച് ഓഫിസർ പറഞ്ഞു. പത്തിലധികം ആനകളുള്ള പ്രദേശത്ത് ഒറ്റക്കൊമ്പൻ മാത്രമാണ് കൃഷിയിടത്തിലെത്തി നാശം വിതക്കുന്നത്. ഇരുനൂറോളം തെങ്ങുകളും വാഴ, കവുങ്ങ് തുടങ്ങിയവയുമാണ് ആന കഴിഞ്ഞദിവസം നശിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.